അരിസോണ: രണ്ടു ദശാബ്ദത്തിനിടെ ഇതാദ്യമായി ചന്ദ്രന്‍ ഭൂമിയുടെ ഭ്രമണപഥത്തിന് തൊട്ടരികെയെത്തുന്നു. മാര്‍ച്ച് 19ന് സൂപ്പര്‍ മൂണ്‍ എന്ന പ്രതിഭാസം കാണാനാകുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. എന്നാല്‍ സൂപ്പര്‍ മൂണ്‍ ദുരന്തം സൃഷ്ടിക്കുമോ എന്ന കാര്യമാണ് എല്ലാവരും ആശങ്കയോടെ ഉറ്റുനോക്കുന്നത്.

1992ന് ശേഷം ആദ്യമായാണ് ഭൂമിയ്ക്കും ചന്ദ്രനും ഇടയിലുള്ള ദൂരത്തില്‍ വന്‍ കുറവ് വരാന്‍ പോവുന്നത്. മാര്‍ച്ച് 19ന് ലൂനാര്‍ പെരിഗീ എന്ന പ്രതിഭാസം സംജാതമാകുമ്പോള്‍ ചന്ദ്രനും ഭൂമിക്കും ഇടയിലെ ദൂരം വെറും 221,567 മൈല്‍ ആയി ചുരുങ്ങും.

എന്നാല്‍ അമച്വര്‍ ശാസ്ത്രഞ്ജര്‍മാരില്‍ ചിലര്‍ ഇതിനെ ഭീതിയോടെയാണ് കാണുന്നത്. ഭൂമിയുടെ അടുത്തെത്തുന്ന ഈ ‘സൂപ്പര്‍ചന്ദ്രന്‍’ ഭൂമിയില്‍ ചില അസ്വസ്ഥതകള്‍ക്ക് കാരണമാകുമെന്നാണ് അവര്‍ നല്‍കുന്ന മുന്നറിയിപ്പ്.

ഇത് കാലാവസ്ഥാ വ്യതിയാനം മുതല്‍ ഭൂമികുലുക്കം, അഗ്‌നിപര്‍വ്വത സ്‌ഫോടനം തുടങ്ങിയ ദുരന്തങ്ങള്‍ക്കുവരെ കാരണമാകുമെന്ന് ഇവര്‍ ഭയപ്പെടുന്നു. 1955,1974,1992,2005 എന്നീ വര്‍ഷങ്ങളിലും ഇത്തരം സൂപ്പര്‍മൂണ്‍ പ്രതിഭാസം ഉണ്ടായിരുന്നു. അന്നും ചില കാലാവസ്ഥാ മാറ്റങ്ങളുണ്ടായിട്ടുമുണ്ട്.