സയന്‍സ് ഡസ്‌ക്

രണ്ടു ദശാബ്ദത്തിനിടെ ഇതാദ്യമായി ചന്ദ്രന്‍ ഭൂമിയുടെ ഭ്രമണപഥത്തിന് തൊട്ടരികെയെത്തുന്നു. മാര്‍ച്ച് 19ന് സൂപ്പര്‍ മൂണ്‍ എന്ന പ്രതിഭാസം കാണാനാകുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. എന്നാല്‍ സൂപ്പര്‍ മൂണ്‍ എന്ന ഈ പ്രതിഭാസം ദുരന്തം സൃഷ്ടിക്കുമോ എന്ന കാര്യമാണ് എല്ലാവരും ആശങ്കയോടെ ഉറ്റുനോക്കുന്നത്.

1992ന് ശേഷം ആദ്യമായാണ് ഭൂമിയ്ക്കും ചന്ദ്രനും ഇടയിലുള്ള ദൂരത്തില്‍ വന്‍ കുറവ് വരാന്‍ പോവുന്നത്. മാര്‍ച്ച് 19ന് ലൂനാര്‍ പെരിഗീ എന്ന പ്രതിഭാസം സംജാതമാകുമ്പോള്‍ ചന്ദ്രനും ഭൂമിക്കും ഇടയിലെ ദൂരം വെറും 221,567 മൈല്‍ ആയി ചുരുങ്ങും.

എന്നാല്‍ അമച്വര്‍ ശാസ്ത്രഞ്ജര്‍മാരില്‍ ചിലര്‍ ഇതിനെ ഭീതിയോടെയാണ് കാണുന്നത്. ഭൂമിയുടെ അടുത്തെത്തുന്ന ഈ ‘സൂപ്പര്‍ചന്ദ്രന്‍’ ഭൂമിയില്‍ ചില അസ്വസ്ഥതകള്‍ക്ക് കാരണമാകുമെന്നാണ് അവര്‍ നല്‍കുന്ന മുന്നറിയിപ്പ്.

ഇത് കാലാവസ്ഥാ വ്യതിയാനം മുതല്‍ ഭൂമികുലുക്കം, അഗ്‌നിപര്‍വ്വത സ്‌ഫോടനം തുടങ്ങിയ ദുരന്തങ്ങള്‍ക്കുവരെ കാരണമാകുമെന്ന് ഇവര്‍ ഭയപ്പെടുന്നു. 1955,1974,1992,2005 എന്നീ വര്‍ഷങ്ങളിലും ഇത്തരം സൂപ്പര്‍മൂണ്‍ പ്രതിഭാസം ഉണ്ടായിരുന്നു. അന്നും ചില കാലാവസ്ഥാ മാറ്റങ്ങളുണ്ടായിട്ടുമുണ്ട്.

2005ല്‍ സൂപ്പര്‍ചന്ദ്രന്‍ പ്രത്യക്ഷപ്പെടുന്നതിന് രണ്ടാഴ്ചമുന്‍പാണ് ആയിരക്കണക്കിനാളുകളുടെ മരണത്തിന് കാരണമായ ഭൂമികുലുക്കമുണ്ടായത്. 1974ലെ ക്രിസ്മസ് ദിനത്തില്‍ ആസ്്രേടലിയയിലുണ്ടായ ചുഴലിക്കാറ്റിനെയും ഇവര്‍ ചണ്ടിക്കാട്ടുന്നു.

ഇതുപോലുള്ള ദുരന്തങ്ങള്‍ വരുമെന്ന ഭീഷണികളെ ശുഭാപ്തിവിശ്വാസത്തോടെ കാണണമെന്ന് ഇന്റര്‍നാഷണല്‍ സെന്റര്‍ഫോര്‍ റേഡിയോ ആസ്‌ട്രോണമി വക്താവ് പീറ്റേ വീലര്‍ ആവശ്യപ്പെട്ടു. ഈ സമയത്ത് ഭൂമിയില്‍ സാധാരണത്തെക്കാളും കുറവായ വേലിയിറക്കവും, കൂടിയ വേലിയേറ്റവുമുണ്ടാകും. എന്നാല്‍ ഇതിനെക്കുറിച്ച് അശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹം പറയുന്നു.

പ്രകൃതിദുരന്തങ്ങളുണ്ടാവുമ്പോള്‍ അതിന്റെ കുറ്റം ഏതെങ്കിലും സൂപ്പര്‍ചന്ദ്രന്റെ തലയില്‍കെട്ടിവയ്ക്കാന്‍ ഇതുപോലുള്ള ഗൂഢാലോചന നടത്തുന്ന ശാസ്ത്രഞ്ജന്‍മാര്‍ എല്ലായ്‌പ്പോഴും ശ്രമിക്കാറുണ്ടെന്ന് ആസ്‌ത്രേലിയന്‍ ജ്യോതിശാസ്ത്രഞ്ജന്‍ ഡേവിഡ് റിനക്കേ സമ്മതിക്കുന്നു.

എന്തായാലും മാര്‍ച്ച് 19 ആവുന്നതും കാത്തിരിക്കുകയാണ് ശാസ്ത്രലോകം. ചന്ദ്രന്‍ ഭൂമിയെ തൊട്ടുരുമ്മി കടന്നുപോകുമോ അതോ വിനാശം വിതയ്ക്കുമോ എന്നത് വന്‍ചര്‍ച്ചകള്‍ക്ക് ഇടയാക്കി കഴിഞ്ഞു.