ചെന്നൈ: ചാമ്പ്യന്‍സ് ലീഗ് ട്വന്റി20 മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംങ്ങ്‌സിന് ദക്ഷിണാഫ്രിക്കന്‍ ടീമായ കേപ് കോബ്രാസിനെതിരെ 4 വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം. ഗ്രൂപ്പ് എ.യിലെ രണ്ടാമത്തെ മത്സരത്തില്‍ വിജയിച്ചതോടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സെമി പ്രതീക്ഷകള്‍ നിലനിര്‍ത്തി. ഡ്വെയ്ന്‍ ബ്രാവോയുടെ മികവിലാണ് ചെന്നൈ വിജയം കണ്ടത്. സ്‌കോര്‍: കോബ്രാസ് ഏഴിന് 145. ചെന്നൈ 19.4 ഓവറില്‍ ആറിന് 146.

ആദ്യം ബാറ്റ് ചെയ്ത ആദ്യം ബാറ്റ് ചെയ്ത കേപ് കോബ്രാസ് നിശ്ചിത 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സെടുത്തു. സ്‌കോര്‍ ഏഴു റണ്‍സിലെത്തിയപ്പോള്‍ ആറും റണ്‍സെടുത്ത ലെവിയെ പുറത്തായി. പിന്നീട് തുടര്‍ച്ചയായ ഇടവേളകളില്‍ കോബ്രാസിന് വിക്കറ്റ് നഷ്ടമായിക്കൊണ്ടിരുന്നു. 45 റണ്‍സെടുത്ത ഓവൈസ് ഷായും 29 റണ്‍സെടുത്ത ജെ.പി.ഡുമിനിയും മാത്രമാണ് കോബ്രാസില്‍ തിളങ്ങിയത്. അവസാന ഓവറുകളില്‍ കാര്യമായി റണ്‍സ് നേടാനും കോബ്രാകള്‍ക്കു കഴിഞ്ഞില്ല.

ചെന്നൈയുടെ 146 റണ്‍സിന്റെ വിജയലക്ഷ്യം ആറ് വിക്കറ്റ് നഷ്ടത്തില്‍ അവസാന ഓവറിലെ നാലാം പന്തിലാണ് ചെന്നൈ മറികടന്നത്. കോബ്രാസ് ഉയര്‍ത്തിയ വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈയ്ക്ക് മികച്ച തുടക്കം കിട്ടിയിരുന്നില്ല. ഡുമിനിയുടെ മികച്ച ബോളിങ്ങാണ് ചെന്നൈയുടെ കുതിപ്പിന് തടയിട്ടത്. മൈക് ഹസി (29), റെയ്‌ന(20), ധോണി(15) എന്നിവര്‍ പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഡ്വെയ്ന്‍ ബ്രാവോയുടെ മിന്നുന്ന പ്രകടനമാണ് ചെന്നൈയുടെ രക്ഷക്കെത്തിയത്. 25 പന്തുകളില്‍ മൂന്നു ഫോറും രണ്ടു സിക്‌സറുമടക്കം 46 റണ്‍സെടുത്ത ബ്രാവോ തന്നെയാണ് മാന്‍ ഒഫ് ദമാച്ച്. കോബ്രാസിന് വേണ്ടി നാല് ഓവറില്‍ 20 റണ്‍സു മാത്രം വഴങ്ങിയ ഡുമിനി നാലു വിക്കറ്റെടുത്തു.