മുംബൈ: ഏറെ കോളിളക്കം സൃഷ്ടിച്ച ന്യൂദല്‍ഹി മെറ്റലോബീറ്റാ ല്കറ്റമേസ്-1 (സൂപ്പര്‍ബഗ്) വീണ്ടും ചര്‍ച്ചാവിഷയമാകുന്നു. നേരത്തേ ദല്‍ഹിയില്‍ ഇതിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഇപ്പോള്‍ പൂനെയിലും സൂപ്പര്‍ബഗ് കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

പൂനെയിലെ സാസണ്‍ ആശുപത്രിയും നാഷണല്‍ സെന്റര്‍ ഓഫ് സെല്‍ സയന്‍സും നടത്തിയ പഠനത്തിലാണ് ആശങ്കയ്ക്ക് വക നല്‍കുന്ന സൂചനകളുള്ളത്. സാസണ്‍ ആശുപത്രിയിലെ 3000ഓളം രോഗികളുടെ രക്തത്തിന്റേയും മൂത്രത്തിന്റേയും സാമ്പിളുകളെടുത്താണ് പരിശോധിച്ചത്. ഇതില്‍ 66 ശതമാനം സാമ്പിളുകളിലും സൂപ്പര്‍ബഗിന്റെ സാന്നിധ്യം കണ്ടെത്തുകയായിരുന്നു.

നേരത്തേ ദല്‍ഹിയിലെ നഗരപ്രാന്തങ്ങളിലെ അഴുക്കുവെള്ളത്തിലും കുടിവെള്ളത്തിലും ‘ന്യൂദല്‍ഹി മെറ്റാലോബീറ്റാ ലാക്ടമേസ്1 (എന്‍.ഡി.എം1) അഥവാ സൂപ്പര്‍ബഗിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ടെന്ന് ബ്രിട്ടനിലെ മെഡിക്കല്‍ ജേര്‍ണലായ ലാന്‍സെറ്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ റിപ്പോര്‍ട്ട് അസംബന്ധമാണന്നും എന്‍.ഡി.എം1 ബാക്ടീരിയയ കുടിവെള്ളത്തിലോ അഴുക്കുജലത്തിലോ കണ്ടെത്തിയിട്ടില്ലെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.

സൂപ്പര്‍ ബഗ്

ശക്തമായ ആന്റിബയോട്ടിക്കുകളെ പോലും നിര്‍വീര്യമാക്കാന്‍ ശക്തിയുള്ള ഒരുതരം എന്‍സൈം ഉള്‍പ്പാദിപ്പിക്കുകയാണ് സൂപ്പര്‍ബഗ് ന്യൂദല്‍ഹി മെറ്റാലോ ബീറ്റാ ലാക്ടമേസ്1 ജീന്‍ ചെയ്യുന്നത്. വിവിധ ബാക്ടീരിയകളില്‍ ഈ ജീനിന്റെ സാന്നിധ്യമുണ്ട്. ഇന്ത്യക്കാരനായ കാര്‍ത്തികേയന്‍ കുമാരസ്വാമി മറ്റൊരു ശാസ്ത്രഞ്ജനായ തിമോത്തി വാല്‍ഷുമായി ചേര്‍ന്ന് ഈ വിഷയത്തില്‍ പഠനം നടത്തിയിരുന്നു.