എഡിറ്റര്‍
എഡിറ്റര്‍
ഏഷ്യാകപ്പ്: ലങ്ക തോറ്റു, നിരാശയോടെ ഇന്ത്യ മടങ്ങി
എഡിറ്റര്‍
Wednesday 21st March 2012 9:10am

ധാക്ക: ഏഷ്യാ കപ്പിലെ അവസാന ലീഗ് മത്സരത്തില്‍ ശ്രീലങ്കയെ തകര്‍ത്ത് ബംഗ്ലാദേശ് ഫൈനലില്‍ പ്രവേശിച്ചു. ലങ്ക ജയിച്ചാല്‍ ഫൈനല്‍ കാണാമെന്ന ഇന്ത്യയുടെ പ്രതീക്ഷയും ബംഗ്ലാദേശിന്റെ വിജയത്തോടെ അസ്തമിച്ചു.

ആദ്യം ബാറ്റു ചെയ്ത് ശ്രീലങ്ക ഉയര്‍ത്തിയ 233 റണ്‍സ് വിജയലക്ഷ്യം മഴയെത്തുടര്‍ന്ന് ഡെക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം 40 ഓവറില്‍ 212 റണ്‍സായി പുനര്‍നിര്‍ണയിച്ചെങ്കിലും 2.5 ഓവറും അഞ്ചു വിക്കറ്റും ബാക്കി നിര്‍ത്തി ബംഗ്ലാ കടുവകള്‍ ആധികാരിക ജയത്തോടെ ഫൈനല്‍ ഉറപ്പിച്ചു. സ്‌കോര്‍: ശ്രീലങ്ക: 49.5 ഓവറില്‍ 232ന് ഓള്‍ ഔട്ട്, ബംഗ്ലാദേശ്: 37.1ഓവറില്‍ 212/5.

ബംഗ്ലാദേശിന്റെ ജയത്തോടെ ഇന്ത്യ ഫൈനല്‍ കാണാതെ പുറത്തായി. ലീഗ് മത്സരത്തില്‍ ഇന്ത്യയെ അട്ടിമറിച്ചതിന്റെ ആനുകൂല്യത്തിലാണ് ബംഗ്ലാദേശ് ആദ്യമായി ഏഷ്യാ കപ്പിന്റെ ഫൈനലില്‍ ഇടം നേടിയത്.വ്യാഴാഴ്ച നടക്കുന്ന ഫൈനലില്‍ ബംഗ്ലാദേശ് പാക്കിസ്ഥാനെ നേരിടും. ടൂര്‍ണമെന്റില്‍ ഒരു മത്സരം പോലും ജയിക്കാതെയാണ് ശ്രീലങ്ക മടങ്ങുന്നത്.

നസ്മുല്‍ ഹുസൈന്റെ ട്രിപ്പിള്‍ പ്രഹരത്തില്‍ തരിച്ചുപോയ ലങ്കയ്ക്ക് പിന്നീട് നേരാംവണ്ണം കരകയറാനാവാതെ പോയതാണ് തിരിച്ചടിയായത്. അതേസമയം ഓപ്പണര്‍ തമീം ഇഖ്ബാല്‍(59), ഷാക്കീബ് അല്‍ ഹസന്‍(56) എന്നിവരുടെ അര്‍ധശതകങ്ങള്‍ ആതിഥേയരുടെ വിജയക്കുതിപ്പിന് കാരണമായി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ ചെയ്ത ലങ്ക 49.5 ഓവറില്‍ 232 റണ്‍സിന് ഓള്‍ ഔട്ടായി. തുടക്കത്തിലെ തകര്‍ച്ചയ്ക്കുശേഷം കപുഗേദര(62), തിരമാനെ(48), ഉപുല്‍ തരംഗ(48) എന്നിവരുടെ ബാറ്റിംഗ് മികവിലാണ് ലങ്ക ഭേദപ്പെട്ട സ്‌കോര്‍ കുറിച്ചത്. ക്യാപ്റ്റന്‍ മഹേള ജയവര്‍ധനെ(5), തിലകരത്‌നെ ദില്‍ഷന്‍(19), കുമാര്‍ സംഗക്കാര(5) എന്നിവരെ തുടക്കത്തിലേ നഷ്ടമായതോടെ 32/3 എന്ന നിലയില്‍ തകര്‍ന്ന ലങ്കയെ കപുഗേദരയും തിരമാനെയും ചേര്‍ന്നുള്ള നാലാം വിക്കറ്റ് കൂട്ടുകെട്ടാണ് കരകയറ്റിയത്.

മുമ്പ് 10 വട്ടം ചാമ്പ്യന്‍ഷിപ്പ് നടന്നപ്പോള്‍ എട്ടിലും ഫൈനലിലെത്തിയിട്ടുള്ള ഇന്ത്യയ്ക്ക് ഇക്കുറി ഭാഗ്യത്തിന്റെ അകമ്പടിയുണ്ടായില്ല. രണ്ടു വിജയവും മികച്ച റണ്‍നിരക്കും ഉണ്ടായിട്ടും ബംഗ്ലാദേശിനോടേറ്റ തോല്‍വി തിരിച്ചടിയായി. അഞ്ചുവട്ടം ചാമ്പ്യന്മാരായ ഇന്ത്യക്ക് ഇക്കുറി ആദ്യ റൗണ്ടോടെ മടങ്ങേണ്ടിയും വന്നു. ഗ്രൂപ്പ് ഘട്ടത്തില്‍ ബംഗ്ലാദേശിനോടേറ്റ തോല്‍വിയാണ് ഇന്ത്യക്ക് വിനയായത്. അതേസമയം, നേരത്തെ ലങ്കയെ ബോണസ് പോയന്റില്‍ തോല്‍പ്പിക്കാനായത് പാക്കിസ്ഥാന് ഫൈനലില്‍ സ്ഥാനം ഉറപ്പാകുകയും ചെയ്തു.

Advertisement