കാലങ്ങളായി തമിഴ് സിനിമാ വ്യവസായത്തെ നിയന്ത്രിച്ചിരുന്ന സണ്‍ പിക്‌ചേഴ്‌സ് കിരീടവും ചെങ്കോലും താഴെവയ്ക്കുന്നു. പുതിയ സിനിമകളുടെ നിര്‍മ്മാണമോ വിതരണോ ഏറ്റെടുക്കേണ്ട എന്ന നിലപാടിലാണ് കമ്പനി.

അടുത്തിടെ ഡി.എം.കെയിലുണ്ടായിരുന്ന പ്രശ്‌നങ്ങള്‍ക്ക് ശേഷം കമ്പനികള്‍ വിതരണത്തിലെടുത്ത ചിത്രങ്ങള്‍ വരെ ഉപേക്ഷിക്കുന്ന കാഴ്ചയാണ് കാണാനായത്. ധനുഷ് നായകനാകുന്ന ‘വെങ്കൈ’ എന്ന ചിത്രത്തിന്റെ വിതരണം നേരത്തെ ഏറ്റെടുത്തിരുന്ന സണ്‍ പിക്‌ചേഴ്‌സ് പിന്മാറിയതിനെ തുടര്‍ന്ന് 20ദിവസം വൈകിയാണ് ചിത്രം റിലീസ് ചെയ്തത്. ബാല സംവിധാനം ചെയ്ത ‘അവന്‍ ഇവന്‍’ എന്ന ചിത്രം വിതരണം ചെയ്യുന്നതില്‍ നിന്നും നേരത്തെ കമ്പനി പിന്‍മാറിയിരുന്നു.

നിര്‍മാതാവിനു പണം നല്‍കിയില്ലെന്ന പരാതിയില്‍ സണ്‍ പിക്‌ചേഴ്‌സ് സി.ഇ.ഒ ഹന്‍സ്‌രാജ് സക്‌സേന കഴിഞ്ഞയാഴ്ച അറസ്റ്റിലായിരുന്നു. രജനീകാന്ത് നായകനായ ‘യന്തിരന്‍’ പ്രദര്‍ശിപ്പിച്ചതുമായി ബന്ധപ്പെട്ടുള്ള നഷ്ടം നികത്തിയില്ലെന്നാരോപിച്ചു വിവിധ തിയറ്റര്‍ ഉടമകള്‍ നിര്‍മാതാക്കളായ സണ്‍ പിക്‌ചേഴ്‌സ്, വിതരണക്കാരായ ജെമിനി സര്‍ക്യൂട്ട് എന്നിവര്‍ക്കെതിരെ പരാതിയും നല്‍കിയിട്ടുണ്ട്.

മാരന്‍ സഹോദരന്മാരുടെ സണ്‍ പിക്‌ചേഴ്‌സ്, കരുണാനിധിയുടെ മകനും കേന്ദ്രമന്ത്രിയുമായ എം. കെ. അഴഗിരിയുടെ മകന്‍ ദയാനിധി അഴഗിരിയുടെ ക്ലൗഡ് നയന്‍ മൂവീസ്, കരുണാനിധിയുടെ മറ്റൊരു മകനും മുന്‍ ഉപമുഖ്യമന്ത്രിയുമായ എം. കെ. സ്റ്റാലിന്റെ മകന്‍ ഉദയനിധി സ്റ്റാലിന്റെ റെഡ് ജയന്റ് മൂവീസ് എന്നീ കമ്പനികളാണു തമിഴ് സിനിമയുടെ ഭാവിയും വര്‍ത്തമാനവും നിശ്ചയിച്ചിരുന്നു. നിര്‍മാതാക്കള്‍ക്കു സിനിമ റിലീസ് ചെയ്യാന്‍ ഇവരുടെ അനുവാദം വേണ്ട അവസ്ഥയായിരുന്നു.

നേരത്തെ സിനിമാ വിതരണാവകാശം സണ്‍, ക്ലൗഡ് നയന്‍, റെഡ് ജയന്റ് എന്നീ മൂന്നു കമ്പനികളിലൊന്നിന് എന്നതായിരുന്നു പതിവ്. ചിത്രത്തിന്റെ ടെലിവിഷന്‍ സംപ്രേഷണാവകാശം സണ്‍ ടിവിക്കും. ഏതെങ്കിലും നിര്‍മാതാവ് സ്വന്തം നിലയ്ക്കു സിനിമ റിലീസ് ചെയ്യാമെന്നു കരുതിയാല്‍ തന്നെ ഇവരെ പിണക്കി കോളിവുഡില്‍ പിടിച്ചുനില്‍ക്കാനാവില്ലെന്ന് അറിയാവുന്നതിനാല്‍ തിയറ്ററുകാര്‍ താല്‍പര്യം കാട്ടിയിരുന്നില്ല. ഈ ഏകാധിപത്യത്തില്‍ പ്രതിഷേധിച്ചാണു നടന്‍ വിജയ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ജയലളിതയ്ക്കു പിന്തുണ പ്രഖ്യാപിച്ചതുതന്നെ.

കഴിഞ്ഞവര്‍ഷം മാത്രം 24 സിനിമകളാണു കരുണാനിധി കുടുംബവുമായി ബന്ധമുള്ള കമ്പനികള്‍ വിതരണത്തിനെത്തിച്ചത്. രണ്ടു വര്‍ഷമായി ഈ കമ്പനികള്‍ കോളിവുഡില്‍ സജീവമായതോടെ ചെറുകിട നിര്‍മാതാക്കളും വിതരണക്കാരും വിട്ടുനില്‍ക്കുകയായിരുന്നു. ജയലളിത അധികാരത്തിലെത്തിയതോടെ തിരിച്ചെത്താനുള്ള തയാറെടുപ്പിലാണ് ഇക്കൂട്ടരെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍, തമിഴ് സിനിമയ്ക്ക് ആഗോള വിപണി സാധ്യതകള്‍ തുറന്നുകൊടുത്തത് സണ്ണും ക്ലൗഡ് നയനും റെഡ് ജയന്റും പോലെയുള്ള കമ്പനികളാണെന്നതു ശ്രദ്ധേയമാണ്.

140 കോടി രൂപയോളം ചെലവഴിച്ചു ‘യന്തിരന്‍’ പോലുള്ള ചിത്രം നിര്‍മിക്കാന്‍ ചെറുകിട നിര്‍മാതാക്കള്‍ക്കാവില്ല. കോളിവുഡില്‍ ആധുനിക സാങ്കേതികവിദ്യ കൊണ്ടുവന്നതും പ്രഫഷനലുകളെ അവതരിപ്പിച്ചതും ഇവര്‍തന്നെ. നിര്‍മാണത്തേക്കാള്‍ വിതരണത്തിനു മുന്‍തൂക്കം നല്‍കിയാണ് ഈ കമ്പനികള്‍ പ്രവര്‍ത്തിച്ചിരുന്നത്.