കോഴിക്കോട്: ഭൂപരിഷ്‌കരണത്തിന്റെ ദുരന്തം പേറേണ്ടിവന്ന സമൂഹമാണ് ബ്രാഹ്മണര്‍ എന്ന പരാമര്‍ശത്തിന് തെളിവുഹാജരാക്കാന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനെ വെല്ലുവിളിച്ച് ദളിത് ചിന്തകന്‍ സണ്ണി എം. കപിക്കാട്. സാമ്പത്തിക സംവരണത്തിന് അനുകൂലമായ മാനസികാവസ്ഥ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ പ്രചരിപ്പിക്കുന്ന കെട്ടുകഥമാത്രമാണിതെന്നും കടകംപള്ളിയുടെ പരാമര്‍ശത്തോട് പ്രതികരിച്ചുകൊണ്ട് അദ്ദേഹം ഡൂള്‍ന്യൂസിനോടു പറഞ്ഞു.

ദാരിദ്രം പരിഹരിക്കാനുള്ള കാര്യമാണ് സംവരണം എന്ന ധാരണയുടെ പുറത്താണ് കടകംപള്ളിയുടെ ഈ പ്രസ്താവന. സാമ്പത്തിക സംവരണത്തിന് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുകയെന്ന ലക്ഷ്യമാണ് ഇതിനു പിന്നില്‍. സാമ്പത്തിക സംവരണം എന്നത് ഇടതുപക്ഷത്തിന്റെ നയമാണ്. 1957 ആദ്യത്തെ ഇ.എം.എസ് സര്‍ക്കാര്‍ രൂപീകരിച്ച ഭരണപരിഷ്‌കാര കമ്മീഷന്റെ റിപ്പോര്‍ട്ടിലെ ആമുഖത്തില്‍ ഇ.എം.എസ് എഴുതിയിട്ടുള്ളത് സാമ്പത്തിക സംവരണം വേണമെന്നാണ്. പക്ഷേ ഇന്ത്യന്‍ ചരിത്രയാഥാര്‍ത്ഥ്യത്തില്‍ ഒരിക്കലും പൊരുത്തപ്പെട്ടുപോകുന്ന ഒരു കാര്യമല്ല ഇതെന്നും അദ്ദേഹം പറഞ്ഞു.


Also Read: ഉമേഷ്ബാബുവിനെ പരിപാടിയില്‍ പങ്കെടുക്കരുതെന്ന് സി.പി.ഐ.എം നേതൃത്വത്തിന്റെ തിട്ടൂരം പയ്യന്നൂരില്‍ യുക്തിവാദി സംഘത്തിന്റെ പരിപാടി ഒഴിവാക്കി


സംവരണം തന്നെ രൂപപ്പെട്ടത് സാമൂഹികമായി ബഹിഷ്‌കരിക്കപ്പെട്ടവരുടെ അവകാശങ്ങള്‍ ഉറപ്പുവരുത്താനാണ്. അല്ലാതെ സാമ്പത്തികമായി ഇല്ലാത്തവരുടെ അവകാശം രക്ഷിക്കാനല്ല. സമ്പത്തുണ്ടെങ്കില്‍ പോലും സാമൂഹികമായി അംഗീകരിക്കപ്പെടാത്ത വിഭാഗങ്ങള്‍ ഇന്ത്യയിലുണ്ട് എന്ന തിരിച്ചറിവാണ് സംവരണം പോലൊരു വ്യവസ്ഥയുടെ രൂപീകരണത്തിന് അടിസ്ഥാനമായിരിക്കുന്നത്. അതിപ്പോഴും തുടരുന്നുണ്ടെന്നാണ് പുതിയ സംഭവവികാസങ്ങള്‍ തെളിയിക്കുന്നത്. ഓരോ ദിവസവും അത്തരം വാര്‍ത്തകളാണ് വരുന്നത്. ദളിതര്‍ക്കും ആദിവാസികള്‍ക്കും പിന്നോക്ക വിഭാഗങ്ങള്‍ക്കുമെതിരായ സാമൂഹ്യ ബഹിഷ്‌കരണം സാമൂഹികമായ എന്നിവ ഇപ്പോഴും തുടരുന്നുണ്ട്. അത് തുടരുന്നിടത്തോളം സംവരണം ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഭൂരിപരിഷ്‌കരണം കാരണം തകര്‍ന്നുപോയ സമുദായമാണ് ബ്രാഹ്മണര്‍ എന്നത് ആ സമുദായം പോലും പറയാത്ത കാര്യമാണ്. സാമ്പത്തികമായും സാമൂഹികമായും തകര്‍ന്നുപോയൊരു സമുദായമാണ് കേരളത്തിലെ നമ്പൂതിരിമാര്‍ എന്ന പ്രസ്താവനയ്ക്ക് എന്തു വസ്തുനിഷ്ഠമായ അടിസ്ഥാനമാണുള്ളത്. എന്ത് തെളിവാണ് കടകംപള്ളിക്ക് ഹാജരാക്കാനുള്ളതെന്നും അദ്ദേഹം ചോദിക്കുന്നു.


Must Read: മോദി പഠിച്ചെന്നവകാശപ്പെടുന്ന പാഠ്യപദ്ധതി ആ സമയത്ത് യൂണിവേഴ്‌സിറ്റിയില്‍ ഉണ്ടായിരുന്നില്ലെന്ന് ഗുജറാത്ത് യൂണിവേഴ്‌സിറ്റി മുന്‍ പ്രൊഫസര്‍


കേരളത്തിലെ ദളിതര്‍ക്കിടയില്‍ 55% പേര്‍ കോളനിയിലാണ് ജീവിക്കുന്നത്. കേരളത്തില്‍ 29,000കോളനിയുണ്ടെന്നാണ് സര്‍ക്കാര്‍ കണക്ക്. ഈ കോളനികളില്‍ ഒരു ബ്രാഹ്മണനെപ്പോലും കണ്ടെത്താന്‍ പറ്റില്ല. റോഡ്, തോട്, പുറമ്പോക്കില്‍ ലക്ഷക്കണക്കിന് കുടുംബങ്ങളാണ് താമസിക്കുന്നത്. അതില്‍ ഒരു ബ്രാഹ്മണനെ കാണിച്ചുതരാന്‍ പറ്റുമോയെന്നും അദ്ദേഹം ചോദിക്കുന്നു.

കേരളത്തിലെ ഭൂരിപക്ഷരിഷ്‌കരണത്തിന്റെ ഭാഗമായിട്ട് ബ്രാഹ്മണര്‍ക്ക് വിരൂദരബന്ധമുണ്ടായിരുന്ന ഭൂമിവിതരണം ചെയ്യപ്പെട്ടിട്ടുണ്ടാകാം. അങ്ങനെ വിതരണം ചെയ്തതിന്റെ ഭാഗമായിട്ട് തകര്‍ന്നുപോയൊരു സമുദായമാണ് കേരളത്തിലെ നമ്പൂതിരിമാര്‍ എന്നു പറയുന്നത് ഒരു അതിശയോക്തിയാണ്.

രണ്ട് കാരണങ്ങളാണ് ഇതിനുള്ളത്. ഒന്ന് ഈ ഏറ്റെടുത്തു എന്നു പറയുന്ന മുഴുവന്‍ ഭൂമിക്കും ജന്മിക്ക് പണം കൊടുത്തിട്ടുണ്ട്. സ്റ്റേറ്റ് പൈസ കൊടുത്താണ് ഭൂമിയേറ്റെടുത്തത്. അല്ലാതെ വെറുതെ ഏറ്റെടുക്കുകയായിരുന്നില്ല. മറ്റൊന്ന് കേരളത്തിലെവിടെയും ഒരു തകര്‍ന്നുപോയ സമുദായമാണ് കേരളത്തിലെ നമ്പൂതിരിമാര്‍ എന്ന നിലയ്ക്ക് ഒരു വസ്തുനിഷ്ഠമായ ഒരു തെളിവും നാളിതുവരെ ഹാജരാക്കപ്പെട്ടിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ചില സിനിമകളിലൊക്കെ തകര്‍ന്നുപോയ നമ്പൂതിരി കുടുംബങ്ങളെക്കുറിച്ച് വ്യാജമായ ചില കഥകള്‍ വന്നതല്ലാതെ വസ്തുനിഷ്ഠമായി നാളിതുവരെ നിരാലംബരമായ തകര്‍ന്നുപോയ ഒരു സമുദായമാണ് നമ്പൂതിരിമാര്‍ എന്നതിന് യാതൊരു തെളിവുമില്ല.

കേരളത്തിലെ മുഴുവന്‍ ജില്ലാ കേന്ദ്രങ്ങളുടെ ഹൃദയഭാഗങ്ങളിലും ബ്രാഹ്മണ സമുദായങ്ങളുടെ സെറ്റില്‍മെന്റ് ഉണ്ട് എന്ന യഥാര്‍ത്ഥ്യം നമ്മള്‍ മറന്നുപോകരുതെന്നും അദ്ദേഹം പറഞ്ഞു.


Also Read: കേന്ദ്രസഹായം വാഗ്ദാനം നല്‍കി ബി.ജെ.പി സംസ്ഥാന നേതാക്കള്‍ കോടികള്‍ കോഴവാങ്ങിയതായി ആരോപണം 


കേരളത്തിലെ നമ്പൂതിരി സമുദായം ഒരുപക്ഷേ ആദ്യഘട്ടത്തില്‍ തകര്‍ച്ചയുടെ വക്കിലെത്തിയെങ്കില്‍ അതിന്റെ കാരണം അവര്‍ തന്നെയാണ്. കാരണം ലോകത്തിന്റെ മാറ്റങ്ങള്‍ അറിയാതെ പോയ ഒരു സമൂഹമെന്ന നിലയ്ക്ക് അവര്‍ പഴയ പ്രതാപങ്ങളില്‍ വിശ്വസിച്ച് ജീവിക്കുകയും ലോകം മാറിക്കൊണ്ടിരിക്കുന്ന ഒരു ഘട്ടത്തില്‍ അവര്‍ തകര്‍ന്നുപോകുന്ന ഒരു ഘട്ടം വന്നിരുന്നു. ആ ഘട്ടത്തില്‍ 1946ല്‍ ഇ.എം.എസ് യോഗക്ഷേമസഭയുടെ ഒരു യോഗത്തില്‍ പങ്കെടുത്ത് നടത്തിയ പ്രസിദ്ധമായ ഒരു പ്രസംഗമുണ്ട്. അതില്‍ അദ്ദേഹം പറയുന്നത് നമ്പൂതിരിമാര്‍ രക്ഷപ്പെടണമെങ്കില്‍ കൃഷിയിലേക്കും വ്യവസായത്തിലേക്കും ഉന്നത വിദ്യാഭ്യാസത്തിലേക്കും കടന്നുവരണം. പഴയ നമ്പൂതിരി, ജന്മി പ്രതാപത്തില്‍ ജീവിച്ചാല്‍ നിങ്ങള്‍ക്ക് അതിജീവിക്കാന്‍ പറ്റില്ല എന്നാണ്. അവരത് ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ടെന്നാണ് പില്‍ക്കാല ചരിത്രം തെളിയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.