എഡിറ്റര്‍
എഡിറ്റര്‍
‘വാക്കുകള്‍ സൂക്ഷിച്ചുപയോഗിക്കുക’; രാംഗോപാല്‍ വര്‍മ്മയുടെ സ്ത്രീ വിരുദ്ധ ട്വീറ്റിന് മറുപടിയുമായി സണ്ണി ലിയോണ്‍
എഡിറ്റര്‍
Saturday 11th March 2017 11:21am

മുംബൈ: രാം ഗോപാല്‍ വര്‍മ്മയെ വനിതാദിന സന്ദേശം സൃഷ്ടിച്ച വിവാദം വിടാതെ പിന്തുടരുകയാണ്. സണ്ണി ലിയോണിനെ കുറിച്ച് രാം ഗോപാല്‍ വര്‍മ്മ നടത്തിയ സ്ത്രീ വിരുദ്ധമായ പരാമര്‍ശത്തില്‍ അദ്ദേഹം കഴിഞ്ഞ ദിവസം മാപ്പു ചോദിച്ചെങ്കിലും തനിക്കെതിരായ പരാമര്‍ശത്തില്‍ പ്രതികരണവുമായി സണ്ണി തന്നെ രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍.

ട്വിറ്റര്‍ വീഡിയോയിലൂടെയായിരുന്നു സണ്ണി ലിയോണിന്റെ പ്രതികരണം. രാം ഗോപാല്‍ വര്‍മ്മയുടെ പേരെടുത്തു പറയാതെയാണ് താരം വിമര്‍ശിച്ചത്. മാറ്റം സാധ്യമാകണമെങ്കില്‍ ആദ്യം മനസ്സ് നന്നാക്കണമെന്നായിരുന്നു സണ്ണിയുടെ പ്രതികരണം.

‘ സമൂഹത്തില്‍ മാറ്റം സാധ്യമാവുക ആളുകളുടെ മനസില്‍ മാറ്റം വരുമ്പോളാണ്. എല്ലാവരുടേയും ശബ്ദം ഒന്നാകണം. വാക്കുകള്‍ സൂക്ഷിച്ചുപയോഗിക്കുക എന്നു മാത്രമാണ് എനിക്ക് ചിലരോട് പറയാനുള്ളത്.’ രാം ഗോപാലിന്റെ പേര് പരാമര്‍ശിച്ചില്ലെങ്കിലും സണ്ണിയുടെ വാക്കുകള്‍ ആരെ ലക്ഷ്യമാക്കിയുള്ളതാണെന്നത് വ്യക്തമാണ്.

മാര്‍ച്ച് എട്ടിനായിരുന്നു സ്ത്രീ വിരുദ്ധമായ വനിതാദിന സന്ദേശം രാം ഗോപാല്‍ വര്‍മ്മ ട്വീറ്റ് ചെയ്യുന്നത്. രാജ്യത്തിലെ സ്ത്രീകളെല്ലാം സണ്ണി ലിയോണിനെപ്പോലെ പുരുഷന്മാരെ സന്തോഷിപ്പിക്കട്ടെ എന്നായിരുന്നു സന്ദേശം. ട്വീറ്റിനെ തമാശയായി കണ്ടു കൊണ്ട് സ്‌മൈലി കമന്റ് ചെയ്തായിരുന്നു സണ്ണി ആദ്യം പ്രതികരിച്ചത്.


Also Read: യു.പിയില്‍ എന്തുകൊണ്ട് ബി.ജെ.പി ജയിച്ചു? പ്രാഥമിക വിലയിരുത്തലുകള്‍


എന്നാല്‍ ബോളിവുഡ് സംവിധായകനെ വെറുതെ വിടാന്‍ സോഷ്യല്‍ മീഡിയ തയ്യാറായിരുന്നില്ല. സമൂഹമാധ്യമങ്ങളില്‍ നിരവധിപേരാണ് ഇതിനെതിരെ രംഗത്തെത്തിയത്.

പിന്നീട് രാം ഗോപാലിനെതിരെ കേസെടുക്കണമെന്ന് മഹാരാഷ്ട്ര സംസ്ഥാന വനിതാ കമ്മിഷനും കോണ്‍ഗ്രസും ആവശ്യപ്പെടുകയും ചെയ്തിരുന്നു. തന്റെ ട്വീറ്റിന് മാപ്പു ചോദിച്ച് സംവിധായകന്‍ രംഗത്തെത്തിയത് ഇതിന് പിന്നാലെയായിരുന്നു.

Advertisement