സെയ്ഫ് അലിഖാന്റെ മകള്‍ സാറ ബോളിവുഡിലെത്തുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നത് അടുത്തിടെയാണ്. ഇപ്പോഴിതാ പിതാവിന്റെ പാത പിന്തുടര്‍ന്ന് ബോളിവുഡിലേക്ക് മറ്റൊരാള്‍ കൂടിയെത്തുന്നു. സണ്ണി ഡിയോളിന്റെ മകന്‍ കരണാണ് ഇത്തവണ വെള്ളിത്തിരയിലെത്തുന്നത്.

Ads By Google

ബോളിവുഡിലേക്കുള്ള മകന്റെ വരവറിയിച്ചത് സണ്ണി ഡിയോള്‍ തന്നെയാണ്. ‘യംല പാഗ്ല ദിവാന’ എന്ന ചിത്രത്തിനുവേണ്ടി യു.കെയിലേക്ക് പുറപ്പെടവേയാണ് സണ്ണി മകന്‍ ബോളിവുഡിലെത്തുന്നുവെന്ന വാര്‍ത്ത പുറത്തുവിട്ടത്.

‘ കരണിന്റെ ആദ്യംചിത്രം അടുത്തവര്‍ഷമായിരിക്കും. ഇപ്പോള്‍ ഒരു നടന് അവശ്യം വേണ്ട കാര്യങ്ങള്‍ അവന്‍ പഠിച്ചെടുക്കണമെന്നാണ് എന്റെ ആഗ്രഹം. ഞാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണോ അവന്റെ അരങ്ങേറ്റമെന്ന് എനിക്കിപ്പോള്‍ ഉറപ്പിച്ചു പറയാനാവില്ല. നല്ലൊരു സ്‌ക്രിപ്റ്റിനുവേണ്ടിയുള്ള തിരച്ചിലിലാണ് ഞങ്ങള്‍. ഒരു കാര്യം ഉറപ്പാണ് അത് ഒരു പ്രണയകഥയായിരിക്കും. ഞാനും ബോബിയും അഭയും ബോളിവുഡില്‍ തുടക്കമിട്ടത് പ്രണയകഥയിലൂടെയാണ്’ സണ്ണി പറഞ്ഞു.

രാഹുല്‍ റവാലിയുടെ ആക്ടിങ് സ്‌കൂളില്‍ ചേര്‍ന്ന് അഭിനയം പഠിക്കുകയാണ് കരണ്‍ ഇപ്പോള്‍.

1983ല്‍ പുറത്തിറങ്ങിയ ഒരു പ്രണയ ചിത്രത്തിലൂടെയാണ് സണ്ണി ഡിയോള്‍ ബോളിവുഡില്‍ തുടക്കമിട്ടത്. വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ട്വിങ്കിള്‍ ഖന്നയുടെ നായകനായി സഹോദരന്‍ ബോബിയും ബോളിവുഡിലെത്തിയിരുന്നു. ഇവരുടെ പാത പിന്തുടര്‍ന്നാണ് ഇപ്പോള്‍ കരണും ബോളിവുഡിലെത്തുന്നത്.