സണ്ണി ഡിയോളും- കങ്കണ റാണട്ടും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഐ ലവ് ന്യൂയോര്‍ക്ക് എന്ന ചിത്രം അനിശ്ചിതമായി വൈകുകയാണ്. ചിത്രത്തിന്റെ 95% ഷൂട്ടിങ്ങും പൂര്‍ത്തിയായിട്ട് ഒന്നരവര്‍ഷമായി. ഇത്രയും കാലമായിട്ടും ശേഷിക്കുന്ന ഭാഗം ഇതുവരെ ചിത്രീകരിക്കാനാകാത്തതാണ് ചിത്രത്തെ ബാധിച്ചിരിക്കുന്നത്.

Ads By Google

സാമ്പത്തിക പ്രശ്‌നങ്ങള്‍ കാരണമാണ് ഷൂട്ടിങ് പൂര്‍ത്തിയാക്കാനാവാത്തതെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്റെ സാറ്റലൈറ്റ് കുറഞ്ഞവിലയ്ക്ക് വില്‍ക്കേണ്ടി വന്നതാണ് പ്രതിസന്ധിക്ക് കാരണമായതെന്നും വാര്‍ത്തയുണ്ടായിരുന്നു. ഡിയോളിന്റെ സാന്നിധ്യമാണ് സാറ്റലൈറ്റ് റൈറ്റ് കുറയാന്‍ കാരണമായതെന്നും ആരോപണമുയര്‍ന്നിരുന്നു. എന്നാല്‍ ചിത്രത്തിന്റെ  നിര്‍മാതാവ് ഭൂഷന്‍ കുമാറും സഹസംവിധായകന്‍ വിനയ് സാപ്രുവും ഈ റിപ്പോര്‍ട്ടുകളെല്ലാം  നിഷേധിച്ചിരിക്കുകയാണ്.

ചിത്രത്തിന്റെ ക്ലൈമാക്‌സ് കാരണമാണ് റിലീസ് വൈകുന്നതെന്നാണ് വിനയ് പറയുന്നത്. ‘ ന്യൂയോര്‍ക്കിലാണ് ഞങ്ങള്‍ ചിത്രത്തിന്റെ മുഴുവന്‍ ഭാഗങ്ങളും ഷൂട്ട് ചെയ്തത്. ക്ലൈമാക്‌സ് ജെ.എഫ്.എ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലായിരുന്നു ചിത്രീകരിക്കേണ്ടിയിരുന്നത്. എത്രപരിശ്രമിച്ചിട്ടും ഞങ്ങള്‍ക്ക് അതിനുള്ള അനുമതി ലഭിച്ചിട്ടില്ല. ന്യൂയോര്‍ക്ക് എയര്‍പോര്‍ട്ടില്‍ ഷൂട്ടിങ്ങിന് അനുമതി ലഭിച്ചാല്‍ അത് വലിയ അത്ഭുതമാകുമെന്നാണ് ഞങ്ങളോട് പറഞ്ഞിരിക്കുന്നത്. ആ അത്ഭുതത്തിന് വേണ്ടി കാത്തിരിക്കാന്‍ ഞങ്ങള്‍ തീരുമാനിക്കുകയായിരുന്നു.’ അദ്ദേഹം വ്യക്തമാക്കി.

ഇപ്പോള്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് എല്ലാ പ്രതീക്ഷയും നഷ്ടമായി. ബാങ്കോക്ക് എയര്‍പോര്‍ട്ടില്‍ ക്ലൈമാക്‌സ് ചിത്രീകരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ബാങ്കോക്ക് എയര്‍പോര്‍ട്ടിനെ ജെ.എഫ്.കെയാക്കി മാറ്റിയാണ് ഷൂട്ട് ചെയ്യുക.