ന്യൂയോര്‍ക്ക്: ഇന്ത്യന്‍ വംശജയായ അമേരിക്കന്‍ ബഹിരാകാശ യാത്രിക സുനിതാ വില്യംസ് ബഹിരാകാശത്ത് ഏറ്റവുമധികം സമയം നടന്ന വനിതയെന്ന ഖ്യാതി സ്വന്തമാക്കി. 44 മണിക്കൂറും 2 മിനിട്ടുമാണ് സുനിത ബഹിരാകാശത്ത് നടന്നത്.

പെഗി വിസ്റ്റണ്‍സിന്റെ റെക്കോര്‍ഡാണ് കഴിഞ്ഞദിവസം സുനിത മറികടന്നത്. ആറ് ബഹിരാകാശ യാത്രകളിലായി 39 മണിക്കൂറും 46 മിനിറ്റുമാണ് വിസ്റ്റണിന്റെ പേരിലുള്ള റെക്കോര്‍ഡ്. ഇതാണ് സുനിത മറികടന്നിരിക്കുന്നത്. തന്റെ റെക്കോര്‍ഡ് ഭേദിച്ച സുനിതയെ വിസ്റ്റണ്‍ അഭിനന്ദിച്ചു.

ഒരാഴ്ചയ്ക്കുള്ളില്‍ രണ്ട് തവണയാണ് ഇവര്‍ക്ക് ബഹിരാകാശത്തേക്ക് പോകേണ്ടി വന്നത്. അന്താരാഷ്ട്ര ബഹിരാകാശ താവളത്തിലെ വൈദ്യുതി സംവിധാനത്തിലുള്ള ഉപകരണം ഘടിപ്പിക്കാന്‍ കഴിഞ്ഞ വ്യാഴാഴ്ച നടത്തിയ ശ്രമം വിജയിച്ചില്ലെങ്കിലും ബുധനാഴ്ച വീണ്ടും പേടകത്തിന് പുറത്തിറങ്ങി ആറരമണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവില്‍ ആണി ശരിയായി ഘടിപ്പിച്ച്  ഉപകരണം പ്രവര്‍ത്തനസജ്ജമാക്കി വിജയം നേടുകയായിരുന്നു. ആറ് മണിക്കൂറും 28 മിനിറ്റും സുനിത ഇത്തവണ ബഹിരാകാശത്ത് ചിലവഴിച്ചു.