ന്യൂദല്‍ഹി: അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്റെ പ്‌ളെയര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം സുനില്‍ ഛേത്രിക്ക്. രണ്ടു ലക്ഷം രൂപയും വെള്ളിയില്‍ തീര്‍ത്ത ഫലകവുമടങ്ങിയതാണ് അവാര്‍ഡ്. 17 അന്താരാഷ്ട്ര മത്സരങ്ങളില്‍ 13 ഗോളുകള്‍ നേടി ഛേത്രി മികവുകാട്ടിയിരുന്നു.

ബൈച്ചുങ് ബൂട്ടിയയ്ക്കു ശേഷം ഇന്ത്യന്‍ ഫുട്‌ബോളിലെ സൂപ്പര്‍താരമാണ് അര്‍ജുന അവാര്‍ഡു ജേതാവായ ഛേത്രി. 2011ലെ ഐ ലീഗ് സീസണില്‍ ചിരാഗ് യുനൈറ്റഡിനുവേണ്ടി 16 മത്സരങ്ങളിലായി ഏഴു ഗോളുകള്‍ അടിച്ചുകൂട്ടിയിട്ടുണ്ട്. രാജ്യാന്തര തലത്തിലും ക്ലബ്ബ് തലത്തിലും ഈ വര്‍ഷം മിന്നുന്ന കളിയാണു ഛേത്രി പുറത്തെടുത്തത്.

Subscribe Us:

സ്വന്തം നാട്ടില്‍ സാഫ് കപ്പ് കീരീടം നിലനിര്‍ത്താന്‍ ഇന്ത്യയെ സഹായിച്ചതു ഛേത്രിയുടെ തകര്‍പ്പന്‍ പ്രകടനമായിരുന്നു. ടൂര്‍ണമെന്റില്‍ ഏഴു ഗോളുകള്‍ നേടി ടോപ് സ്‌കോററായ ഛേത്രി ടൂര്‍ണമെന്റിലെ മികച്ച കളിക്കാരന്‍, താരമൂല്യമുള്ള കളിക്കാരന്‍ തുടങ്ങിയ നേട്ടങ്ങളും സ്വന്തമാക്കിയിരുന്നു.

രാജ്യത്തെ മികച്ച താരത്തിനുള്ള ബഹുമതി ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്ന് ഛേത്രി വാര്‍ത്താലേഖകരോട് പ്രതികരിച്ചു. ഈ വര്‍ഷം ഉടനീളം നന്നായി കളിക്കാന്‍ സാധിച്ചു.പ്രകടനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്താന്‍ ഈ പുരസ്‌ക്കാരം പ്രേരിപ്പിക്കും. കാല്‍ പാദത്തിനു പരുക്കേറ്റു വിശ്രമിക്കുന്നതിനാല്‍ ഛേത്രിയ്ക്ക് ജനുവരി പത്തിന് ബയണ്‍ മ്യൂണിക്കിനെതിരെ ഡല്‍ഹിയില്‍ നടക്കുന്ന മല്‍സരത്തില്‍ കളിക്കാന്‍ കഴിയില്ല.

Malayalam News

Kerala News In English