ന്യൂദല്‍ഹി: പ്ലെയര്‍ ഓഫ് ദ ഇയര്‍ സുനില്‍ ഛേത്രി എ. എഫ്.സി ചലഞ്ച് കപ്പിനുള്ള ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിനെ നയിക്കും. പ്രതിരോധതാരം സഈദ് റഹീം നബിയാണ് വൈസ് ക്യാപ്റ്റന്‍.

ഇന്നലെ നടന്ന ടീം മീറ്റിംഗിനു ശേഷമാണ് കോച്ച് സാവിയോ മെദീര ഇക്കാര്യം പ്രഖ്യാപിച്ചത്. സുനില്‍ ഛേത്രിയും റഹീം നബിയും നിലവാരമുള്ള കളിക്കാരാണെന്നും അവര്‍ക്ക് ടീം അംഗങ്ങളില്‍ നിന്ന് ലഭിക്കുന്ന ആദരവ് അവരുടെ നേതൃത്വപാടവത്തെ പരിപോഷിപ്പിക്കാന്‍ ഉതകുമെന്നും മെദീര അഭിപ്രായപ്പെട്ടു.

സാഫ് ചാമ്പ്യന്‍ഷിപ്പില്‍ ടീമിനെ മുന്നില്‍നിന്ന് നയിച്ച് വിജയത്തിലെത്തിക്കുകയായിരുന്നു സുനില്‍ ഛേത്രി. സുനില്‍ ഛേത്രിയുടെ അത്ര പക്വതയുള്ള മറ്റൊരുതാരവും നിലവില്‍ ടീമിലില്ല. അതേപോലെ ടീമിലെ സുസ്ഥിരമായ ഫോം നിലനിര്‍ത്തുന്ന താരമാണ് നബി.

ക്ലബ് തലത്തില്‍ ക്യാപ്റ്റനായ പരിചയവും അദ്ദേഹത്തിനുണ്ട്. -മെദീര പറഞ്ഞു. വളരെ പ്രധാനപ്പെട്ട ഒരു ടൂര്‍ണമെന്റില്‍ രാഷ്ട്രത്തെ നയിക്കാനുളള ദൗത്യം ഏല്‍പ്പിക്കുകയെന്നത് തന്നെ ഏറെ ആദരണീയമായ കാര്യമാണെന്നും അത് തന്റെ ഉത്തരവാദിത്തം വര്‍ദ്ധിപ്പിക്കുമെന്നും ഛേത്രി പറഞ്ഞു.

രാജ്യത്തിന് വേണ്ടി ഏറ്റവും മികച്ച പ്രകടനത്തിന് വേണ്ടി ശ്രമിക്കും. ഏഷ്യാകപ്പ് യോഗ്യത നേടിയെടുക്കുകയെന്നതാണ് പ്രധാന ദൗത്യം. ചലഞ്ച് കപ്പ് ജേതാക്കള്‍ക്ക് യോഗ്യതാ റൗണ്ട് കടമ്പ കൂടാതെ തന്നെ 2015 ലെ എ.എഫ്.സി യോഗ്യതാ കപ്പിന് നേരിട്ട് യോഗ്യത നേടാം.

ഉത്തരകൊറിയ, ഫിലിപൈന്‍സ്, തീജിക്കിസ്ഥാന്‍ ഉള്‍പ്പെട്ട ഗ്രൂപ്പ് ബിയിലാണ് ഇന്ത്യ. ഒമ്പതിന് താജിക്കിസ്ഥാനെതിരെയാണ് ആദ്യമത്സരം.

Malayalam News

Kerala News In English