കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിയെ കോടതിമുറിയില്‍ നിന്നും അറസ്റ്റ് ചെയ്ത സംഭവത്തില്‍ എറണാകുളം കോടതിയില്‍ പൊലീസും അഭിഭാഷകരും തമ്മില്‍ തര്‍ക്കം.

ചില അഭിഭാഷകര്‍ പൊലീസ് ജീപ്പിന്റെ താക്കോല്‍ എടുക്കാന്‍ ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസും അഭിഭാഷകരും തമ്മില്‍ തര്‍ക്കമുണ്ടാവുകയും ചെയ്തു.

പൊലീസിന്റെ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് അഭിഭാഷകര്‍ പ്രതികരിച്ചു. അഭിഭാഷകര്‍ ഉള്‍പ്പെടെ ബോക്‌സില്‍ വന്ന് കയറിയ പ്രതിയെ അറസ്റ്റ് ചെയ്ത നടപടി തെറ്റാണെന്ന് അഭിഭാഷകര്‍ പ്രതികരിക്കുന്നു.
തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള പള്‍സര്‍ ബൈക്കിലാണ് സുനി കോടതിയില്‍ എത്തിയത്. കോടതി ഉച്ചഭക്ഷണത്തിനായി പിരിഞ്ഞ സമയത്തായിരുന്നു അതിനാടകീയമായി സുനി കോടതിമുറിക്കുള്ളില്‍ കയറിയത്. ഒരു അഭിഭാഷകയ്‌ക്കൊപ്പം വെള്ള ഷര്‍ട്ടും ഹെല്‍മെറ്റും ധരിച്ചായിരുന്നു സുനി കോടതിക്കകത്ത് കയറിയത്.

അത് സുനിയാണെന്ന് ആദ്യംതിരിച്ചറിഞ്ഞതും ഒരു അഭിഭാഷകനായിരുന്നു. ഇതോടെ മഫ്തിയിലുണ്ടായിരുന്ന പൊലീസ് ഇയാളെ തിരിച്ചറിയുകയും കൂടുതല്‍ പൊലീസ് സ്ഥലത്തെത്തി ബലപ്രയോത്തിലൂടെ സുനിയെ അറസ്റ്റ് ചെയ്ത് ജീപ്പില്‍കയറ്റുകയായിരുന്നു.

സുനിയുടെ അഭിഭാഷകനെ കഴിഞ്ഞ രണ്ട് ദിവസങ്ങളായി പൊലീസ് നിരീക്ഷിക്കുന്നുണ്ടായിരുന്നു. 12.36 ന് തന്നെ പള്‍സര്‍ കോടതിക്ക് സമീപമെത്തിയതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. എറണാകുളത്തപ്പന്‍ ഗ്രൗണ്ടിലെത്തിയ ഇരുവരും മതില്‍ചാടി കോടതി വളപ്പിലെത്തുകയായിരുന്നു.