എഡിറ്റര്‍
എഡിറ്റര്‍
‘നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ സുനി പ്രതീഷ് ചാക്കോ വഴി ദിലീപിന് കൈമാറി’; പുറത്തിറങ്ങിയാല്‍ നടിയെ അപമാനിക്കുമെന്നും പൊലീസ്
എഡിറ്റര്‍
Friday 14th July 2017 8:23pm

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ആക്രമത്തിന് ശേഷം പകര്‍ത്തിയ ദൃശ്യങ്ങള്‍ മുഖ്യപ്രതി പള്‍സര്‍ സുനി നടന്‍ ദിലീപിന് കൈമാറിയെന്ന് പൊലീസ്. ദൃശ്യങ്ങള്‍ അടങ്ങിയ മൊബൈല്‍ ഫോണ്‍ ദിലീപ് പള്‍സര്‍ സുനിയുടെ പക്കല്‍ നിന്ന് വാങ്ങിയെന്നും നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങടങ്ങിയ മൊബൈല്‍ ഇപ്പോള്‍ ദിലീപിന്റെ പക്കലാണുള്ളതെന്നും പൊലീസ് ജാമ്യഹര്‍ജിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇത് പറയുന്നത്. പള്‍സറിന്റെ മുന്‍ അഭിഭാഷകനായ പ്രതീഷ് ചാക്കോയാണ് ദിലീപിന് ദൃശ്യങ്ങള്‍ കൈമാറിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

നല്‍കാമെന്ന വാഗ്ദാനം ചെയ്ത പ്രതിഫലം നല്‍കിയില്ലെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതിനെത്തുടര്‍ന്നാണ് മറ്റു പ്രതികള്‍ ദിലീപിനെ ഭീഷണിപ്പെടുത്താന്‍ ശ്രമിച്ചതെന്നും ദിലീപ് പുറത്തിറങ്ങിയാല്‍ നടിയെ അപമാനിക്കാന്‍ ശ്രമിച്ചേക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് ക്രമസമാധാനപ്രശ്നങ്ങള്‍ക്ക് ഇടയാക്കും. ദിലീപ് ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്നും പൊലീസ് വ്യക്തമാക്കി.

അതേസമയം നടിയെ ആക്രമിച്ച കേസില്‍ ദിലീപ് വീണ്ടും പൊലീസ് കസ്റ്റഡിയില്‍ ആണ്. നാളെ വൈകീട്ട് അഞ്ച് മണി വരെയാണ് ദിലീപിനെ കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. ദിലീപിനെ കൂടുതല്‍ ചോദ്യം ചെയ്യാനുണ്ടെന്ന അന്വേഷണ സംഘത്തിന്റെ ആവശ്യം പരിഗണിച്ചാണ് കോടതി കസ്റ്റഡി കാലാവധി നീട്ടിയത്.
നാളെ ഉച്ചയ്ക്ക് വീണ്ടും ദിലീപിന്റെ ജാമ്യാപേക്ഷ കോടതി പരിഗണിക്കും. ഇപ്പോള്‍ ദിലീപിനെ ആലുവ പൊലീസ് ക്ലബ്ബിലേക്ക് കൊണ്ടുപോകുകയാണ്.


Also Read:  ഹാര്‍ദ്ദിക് പാണ്ഡ്യയുടെ സെല്‍ഫിയില്‍ ‘പ്രേതം’; തല പുകഞ്ഞ് ആരാധകര്‍


മൂന്നുദിവസത്തെ കസ്റ്റഡി കൂടി വേണമെന്നായിരുന്നു പൊലീസ് ആവശ്യപ്പെട്ടത്. അതേസമയം കസ്റ്റഡി അപേക്ഷയെ പ്രതിഭാഗം എതിര്‍ത്തെങ്കിലും കോടതി അത് പരിഗണിച്ചില്ല.ഡി.ജി.പി വരെയുളള ഉദ്യോഗസ്ഥര്‍ ദിലീപിനെ ചോദ്യം ചെയ്തു കഴിഞ്ഞെന്നും അതിനാല്‍ ഇനി കസ്റ്റഡിയില്‍ വിട്ടുകൊടുക്കരുതെന്നും അപേക്ഷ തളളി ജാമ്യാപേക്ഷയില്‍ വിധി പറയണമെന്നും ദിലീപിനായി ഹാജരായ അഭിഭാഷകന്‍ വാദിച്ചു. നീതിന്യായ വ്യവസ്ഥിതിയെ ദുരുപയോഗം ചെയ്ത് തെളിവുകള്‍ ഉണ്ടാക്കുവാന്‍ ശ്രമിക്കുന്നുവെന്നും പ്രതിഭാഗം അഭിഭാഷകന്‍ വാദിച്ചു.

അതേസമയം നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ കണ്ടെത്താത്തതിനാല്‍ ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ വാദിക്കുകയായിരുന്നു. ഈ വാദം പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്.
ആലുവ പൊലീസ് ക്ലബ്ബില്‍ നിന്നും ഇന്നുരാവിലെ പത്തരക്ക് ശേഷമാണ് ദിലീപിനെ അങ്കമാലി കോടതിയില്‍ ഹാജരാക്കിയത്. പൊലീസിനെതിരെ പരാതികളില്ലെന്ന് ദിലീപ് കോടതിയെ അറിയിച്ചു. അഡ്വ. രാംകുമാറാണ് ദിലീപിനായി ഹാജരായത്.

Advertisement