എഡിറ്റര്‍
എഡിറ്റര്‍
സുനന്ദ പുഷ്‌കറിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കൈമാറി
എഡിറ്റര്‍
Monday 20th January 2014 4:00pm

sunanda

ന്യൂദല്‍ഹി: സുനന്ദ പുഷ്‌കറിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് എയിംസ് ആശുപത്രി അധികൃതര്‍  സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിന് കൈമാറി. ഒരു ഡസനിലേറെ മുറിവുകള്‍ സുനന്ദയുടെ ശരീരത്തിലുണ്ടായിരുന്നുവെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

ആന്തരികാവയങ്ങളുടെ രാസപരിശോധനയില്‍ വിഷാദരോഗങ്ങള്‍ അകറ്റാനുള്ള മരുന്നുകളുടെ അമിത ഉപയോഗവും സൂചിപ്പിക്കുന്നു

ശരീരത്തില്‍ 12ലധികം മുറിവുകളുണ്ടായിരുന്നുവെന്നും 20 മുതല്‍ നാല്‍പ്പത് വരെ വിഷാദ രോഗഗുളികള്‍ കഴിച്ചിരുന്നുവെന്നും പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

അമിത മരുന്നുപയോഗത്തെത്തുടര്‍ന്ന് അബോധാവസ്ഥയിലാവുകയും തുടര്‍ന്ന് മരണപ്പെടുകയുമായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.

ഇതിനിടെ സുനന്ദയുടെ ചിതാഭസ്മം ഇന്ന് ഹരിദ്വാറില്‍ നിമജ്ജനം ചെയ്യും. ശശി തരൂര്‍, സുനന്ദ പുഷ്‌കറിന്റെ പിതാവ്, മകന്‍ ശിവ് മേനോന്‍ എന്നിവരാണ് ചടങ്ങില്‍ പങ്കെടുക്കുക.

സുനന്ദ പുഷ്‌കറിന്റെ മരണത്തെ സംബന്ധിച്ച് കഴിഞ്ഞ ദിവസമായിരുന്നു ഡല്‍ഹി സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിന് മുമ്പാകെ ശശി തരൂര്‍ മൊഴി നല്‍കിയത്.

സുനന്ദ പുഷ്‌കറിന്റെ മരണത്തെക്കുറിച്ചുള്ള ദുരൂഹതകള്‍ നീക്കണമെന്നും മാധ്യമങ്ങള്‍ക്ക് വിവരങ്ങള്‍ നല്‍കണമെന്നും ആവശ്യപ്പെട്ട് തരൂര്‍ നേരത്തെ സുശീല്‍ കുമാര്‍ ഷിന്‍ഡെക്ക് കത്തയച്ചിരുന്നു.

അതേസമയം മാസങ്ങള്‍ക്ക് മുമ്പ് തന്നെ സുനന്ദ മരണത്തെ  മുന്നില്‍ കണ്ടിരുന്നുവെന്നും വില്‍പ്പത്രം തയ്യാറാക്കാന്‍ ആവശ്യപ്പെട്ടിരുന്നുവെന്നും സുഹൃത്തും കോര്‍പ്പറേറ്റ് അഭിഭാഷകനുമായ രോഹിത് കോച്ചാര്‍ വെളിപ്പെടുത്തി.

ആരോഗ്യ പ്രശ്‌നങ്ങള്‍ സുനന്ദയെ അലട്ടിയിരുന്നുവെന്ന് സുനന്ദയുടെ അടുത്ത സുഹൃത്തും കണ്‍സള്‍ട്ടന്റുമായ ശ്രീദേവി ബഡികയും പറഞ്ഞു. മനോധൈര്യമുള്ള സ്ത്രീയായിരുന്നു സുനന്ദയെന്നും അവര്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും ശ്രീദേവി കൂട്ടിച്ചേര്‍ത്തു.

സുനന്ദയുടെത് പെട്ടെന്നുള്ള അസ്വാഭാവിക മരണമാണെന്ന് കഴിഞ്ഞ ദിവസം പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിരുന്നു.

സുനന്ദയ്ക്ക്  മാരക രോഗങ്ങള്‍ ഇല്ലായിരുന്നുവെന്ന് അവരെ നേരത്തെ പരിശോധിച്ച തിരുവനന്തപുരം കിംസ് ആശുപത്രി അധികൃതരും വ്യക്തമാക്കിയിരുന്നു.

Advertisement