എഡിറ്റര്‍
എഡിറ്റര്‍
സുനന്ദ പുഷ്‌കറിന്റെ മരണം: അന്വേഷണത്തിന്റെ കൈകള്‍ കോണ്‍ഗ്രസ് കെട്ടിയിട്ടെന്ന് പിണറായി
എഡിറ്റര്‍
Wednesday 29th January 2014 6:12pm

pinarayi-vijayan-580-406

തിരുവനന്തപുരം: കേന്ദ്ര മന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണത്തിന്റെ കൈകള്‍ കോണ്‍ഗ്രസ് കെട്ടിയിട്ടുവെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.

അന്വേഷണത്തിന് പിന്നില്‍ ഒരുപാട് അന്തര്‍ നാടകങ്ങള്‍ നടക്കുന്നുവെന്നും ആത്മാര്‍ത്ഥതയുണ്ടായിരുന്നെങ്കില്‍ കോണ്‍ഗ്രസ് ശശി തരൂരിന്റെ രാജി ആവശ്യപ്പെടുമായിരുന്നുവെന്നും പിണറായി അഭിപ്രായപ്പെട്ടു.

സുനന്ദ പുഷ്‌കറിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് ശശി തരൂര്‍ രാജിവെച്ച് അന്വേഷണം നേരിടണമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റ് നേരത്തേ ആവശ്യപ്പെട്ടിരുന്നു.

നിഷ്പക്ഷവും നീതിപൂര്‍വ്വകവുമായ അന്വേഷണം ഉറപ്പുവരുത്താന്‍ ശശി തരൂര്‍ കേന്ദ്രമന്ത്രി സ്ഥാനം രാജിവെക്കണം. രാജിവെച്ചില്ലെങ്കില്‍ അദ്ദേഹത്തെ പുറത്താക്കി നിഷ്പക്ഷ അന്വേഷണത്തിന് പ്രധാനമന്ത്രി തയ്യാറാകണമെന്നും സി.പി.ഐ.എം പ്രസ്താവനയില്‍ അറിയിച്ചിരുന്നു.

ശശി തരൂരിനെ കസ്റ്റഡിയിലെടുത്ത് അന്വേഷണം നടത്തുന്നതിന് പകരം അദ്ദേഹത്തെ സഹായിക്കുന്ന വിധത്തിലാണ് കാര്യങ്ങള്‍. പുറത്താക്കുകയല്ല പുതിയ പദവികള്‍ നല്‍കുകയാണ് കോണ്‍ഗ്രസ് ചെയ്തിരിക്കുന്നത്.

കേന്ദ്രമന്ത്രി സ്ഥാനത്തിരിക്കെ കേന്ദ്രത്തിന്റെ കീഴിലെ പോലീസ് നടത്തുന്ന അന്വേഷണം പ്രഹസനമാണ്- തുടങ്ങിയ കാര്യങ്ങളാണ് പ്രസ്താവനയില്‍ പറഞ്ഞിരുന്നത്.

സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഇതേ പ്രസ്താവന തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

കേന്ദ്ര സഹമന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിനെ ദല്‍ഹിയിലെ ലീല ഹോട്ടലില്‍ കഴിഞ്ഞ 17നാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അസ്വാഭാവിക മരണമാണെന്നും ശരീരത്തില്‍ മുറിവുകളും ക്ഷതവുമുണ്ടായിരുന്നുവെന്നുമായിരുന്നു പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട്.

Advertisement