എഡിറ്റര്‍
എഡിറ്റര്‍
സുനന്ദ ആത്മഹത്യ ചെയ്യില്ലെന്ന് മകന്‍ ശിവ്‌മേനോന്‍
എഡിറ്റര്‍
Tuesday 21st January 2014 8:19pm

sivmenon

ന്യൂദല്‍ഹി: കേന്ദ്ര സഹമന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണത്തെ സംബന്ധിച്ച് മകന്റെ പ്രതികരണം. സുനന്ദആത്മഹത്യ ചെയ്യില്ലെന്നും മരണം മാനസിക സമ്മര്‍ദ്ദവും മരുന്നുകളുടെ തെറ്റായ ഉപയോഗവും കൊണ്ടാവാം എന്ന് ശിവ്‌മേനോന്‍ പറഞ്ഞു.

മരണത്തില്‍ ദുരൂഹതയില്ലെന്നും മാധ്യമങ്ങളിലെ വാര്‍ത്ത തന്നെ ഏറെ തളര്‍ത്തിയെന്നും വാര്‍ത്തകള്‍ നല്‍കുന്നതില്‍ മാധ്യമങ്ങള്‍ ശ്രദ്ധിക്കണമെന്നും ശിവ്‌മേനോന്‍ പറഞ്ഞു. മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രസ്താവനയിലാണ് ശിവ്‌മേനാന്‍ ഇക്കാര്യങ്ങള്‍ പ്രസ്താവിച്ചിരിക്കുന്നത്.

തരൂര്‍ ദഹോപദ്രവമേല്‍പ്പിക്കുകയോ അപായപ്പെടുത്തുകയോ ചെയ്യുന്ന വ്യക്തിയല്ല. തരൂരും സുനന്ദയും അത്രയും ഇഷ്ടത്തിലായിരുന്നുവെന്നും അമ്മ ഉറക്കത്തില്‍ സമാധാനപൂര്‍വ്വമാണ് മരിച്ചതെന്നും ശിവ്‌മേനോന്‍ പറഞ്ഞു.

സുനന്ദ പുഷ്‌കറിന്റെ മരണത്തില്‍ വിശദമായ അന്വേഷണത്തിന് സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് ഇന്ന് ഉത്തരവിട്ടിരുന്നു.

എസ്.ഡി.എമ്മിന്റെ റിപ്പോര്‍ട്ട് ദല്‍ഹി പോലീസിന് കൈമാറി. അതേ സമയം തരൂരിനെതിരെ സുനന്ദയുടെ ബന്ധുക്കള്‍ പരാതിപ്പെട്ടിട്ടില്ല.

സുനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് ശശി തരൂരിന്റെയും ചില ബന്ധുക്കളുടെയും മൊഴി എസ്.ഡി.എം നേരത്തെ എടുത്തിരുന്നു.

സുനന്ദയുടെ മരണം അപകട മരണമാണോ ആത്മഹത്യയാണോ എന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്. അന്വേഷണത്തില്‍ തരൂരിനെതിരെ വ്യക്തമായ തെളിവ് ലഭിച്ചാല്‍ കേസെടുക്കാനാണ് ശുപാര്‍ശ.

അമിത മരുന്നുപയോഗം മൂലമുണ്ടായ വിഷബാധയാണ് മരണത്തിന് കാരണമായതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. പന്ത്രണ്ടിലധികം മുറിവുകളും സുനന്ദയുടെ ശരീരത്തില്‍ നിന്ന് കണ്ടെത്തിയിരുന്നു.

എന്നാല്‍ ഇവ മരണകാരണമല്ലെങ്കില്‍ക്കൂടിയും തരൂരുമായുള്ള പിടിവലിക്കിടെയുണ്ടായതാണെങ്കില്‍ ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരം കേസെടുക്കും.

ഇതിനിടെ തരൂര്‍ രാജി വക്കണമെന്ന ആവശ്യവും അഭ്യൂഹവും അനാവശ്യമാണെന്നും ഇപ്പോള്‍ അങ്ങനെ ഒരു ആലോചനയില്ലെന്നും കോണ്‍ഗ്രസ് നേതൃത്വം  പ്രതികരിച്ചു.

കേസെടുത്താല്‍ ശശി തരൂര്‍ കേന്ദ്ര സഹമന്ത്രി സ്ഥാനം രാജി വയ്ക്കണം എന്ന ആവശ്യം കൂടുതല്‍ ശക്തമാവും. ജനുവരി 17ന് ദല്‍ഹിയിലെ ലീല പാലസ് ഹോട്ടലിലാണ് സുനന്ദ പുഷ്‌കറിനെ മരിച്ച നിലയില്‍  കാണപ്പെട്ടത്.

Advertisement