Categories

സുനന്ദ പുഷ്‌കര്‍ മരിച്ച നിലയില്‍

sunanda

ന്യൂദല്‍ഹി : കേന്ദ്ര സഹമന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദപുഷ്‌കറെ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ദല്‍ഹി ലീല ഹോട്ടലിലാണ് മൃതദേഹം കണ്ടെത്തിയത്.

ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. മരണം പൊലീസ് സ്ഥിരീകരിച്ചു. ഹോട്ടലിലെ 345 ാംനമ്പര്‍ മുറിയിലാണു സുനന്ദയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ലീല ഹോട്ടലിലേക്ക് ആരെയും പൊലീസ് കടത്തിവിടുന്നില്ല.

അന്വേഷണത്തിനായി പൊലീസ് ഹോട്ടലിനകത്തേക്കു പോയിട്ടുണ്ട്. പോലീസ്  തിരിച്ചെത്തിയ ശേഷമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂ.

കശ്മീര്‍ സ്വദേശിനിയാണു സുനന്ദ പുഷ്‌കര്‍. പാക് മാധ്യമ പ്രവര്‍ത്തകയുമായുള്ള വിവാദങ്ങള്‍ക്കു 24 മണിക്കൂറുകള്‍ക്കു ശേഷമാണ് സുനന്ദയെ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നത്. ശശി തരൂരും ആശുപത്രിയില്‍ ഉണ്ട്.

മരണം പോലീസിനെ അറിയിച്ചതും തരൂരാണെന്ന് സൂചനകളുണ്ട്. തിരുവനന്തപുരത്തെ ആശുപത്രിയില്‍ ഈ മാസം ഏഴുവരെ ചികിത്സയിലായിരുന്ന സുനന്ദപുഷ്‌കര്‍, കഴിഞ്ഞദിവസമാണ് ഡല്‍ഹിയിലെത്തിയത്.

തന്റെ ഭാര്യക്ക് അസുഖമാണെന്നും ഈ സമയം അവള്‍ക്കൊപ്പം ഉണ്ടാകേണ്ടതുണ്ടെന്നും ശശി തരൂര്‍ വൈകുന്നേരം ട്വിറ്ററില്‍ കുറിച്ചിരുന്നു.

മുന്‍ യു.എന്‍ അണ്ടര്‍ സെക്രട്ടറി ജനറലായി പ്രവര്‍ത്തിച്ചിരുന്ന സമയത്താണ് തരൂര്‍ സുനന്ദയെ വിവാഹം കഴിക്കുന്നത്. സുനന്ദയുടെ മൂന്നാം വിവാഹമായിരുന്നു ശശി തരൂരുമായുള്ളത്. സുനന്ദയുടെ രണ്ടാം വിവാഹത്തില്‍ 21 വയസുള്ള ശിവ മേനോന്‍ എന്ന മകനുണ്ട്.

ഐ.പി.എല്‍ വിവാദം ഉയര്‍ന്നതിനെതുടര്‍ന്നാണ് സുനന്ദയും ശശി തരൂരുമായുള്ള ബന്ധം പുറത്തറിഞ്ഞത്. തുടര്‍ന്ന് കേന്ദ്രമന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടിവന്ന തരൂര്‍ പിന്നീട് സുനന്ദയെ വിവാഹം കഴിക്കുകയായിരുന്നു.

2010 ഓഗസ്റ്റ് 22 നായിരുന്നു ശശി തരൂര്‍ -സുനന്ദ വിവാഹം.

1962 ജനുവരി ഒന്നിനാണ് സുനന്ദയുടെ ജനനം. ദുബായ് ആസ്ഥാനമായുള്ള ടീകോം കമ്പനിയുടെ ഡയറക്ടര്‍ കൂടിയാണ് സുനന്ദ പുഷ്‌കര്‍.

ശ്രീനഗറിലെ സര്‍ക്കാര്‍ കോളേജില്‍നിന്ന് ബിരുദം നേടിയ സുനന്ദക്ക് രണ്ട് സഹോദരന്‍മാരുണ്ട്. ഒരാള്‍ ബാങ്കിലും രണ്ടാമത്തെ സഹോദരന്‍ സൈന്യത്തിലുമാണ്. ലഫ്റ്റനന്റ് കേണലായിരുന്ന അച്ചന്‍ 1983 ലാണ് സൈന്യത്തില്‍ നിന്നും വിരമിക്കുന്നത്.

സുനന്ദയുടെ ആദ്യ വിവാഹം ഒരു കാശ്മീരിയുമായിട്ടായിരുന്നു. എന്നാല്‍ ഇത് വിവാഹ മോചനത്തില്‍ എത്തിയതിനു ശേഷം സുനന്ദ ഒരു കേരള വ്യവസായിയെ വിവാഹം കഴിച്ചു. എന്നാല്‍ അദ്ദേഹം വാഹനാപകടത്തില്‍ മരിക്കുകയായിരുന്നു. പിന്നീടാണ് തരൂരുമായുള്ള വിവാഹം നടന്നത്.

അതേസമയം, സുനന്ദ പുഷ്‌കറിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും കേന്ദ്രമന്ത്രിയുടെ ഭാര്യയായതിനാല്‍ സ്വാഭാവിക മരണമാണോ ദുരൂഹതയുണ്ടോ എന്ന് സിറ്റിങ് ജഡ്ജി അന്വേഷിക്കണമെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു.