എഡിറ്റര്‍
എഡിറ്റര്‍
‘അതൊരിക്കലും സംഭവിക്കാതിരിക്കട്ടെ’ ; സുനന്ദയുടെ അവസാന ട്വീറ്റ്
എഡിറ്റര്‍
Friday 17th January 2014 7:24pm

sunanda-sashi-tharur

വിവാദങ്ങളുയും ആരോപണങ്ങളുടേയും കൂടെയാണ് സുനന്ദ അറിയപ്പെടാന്‍ തുടങ്ങിയത്. മരണശേഷവും സുനന്ദയെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങള്‍ തുടരുകയാണ്. സുനന്ദയുടെ മരണം സ്വാഭാവിക മരണമെന്നാണ് ശശി തരൂരിന്റെ പ്രൈവറ്റ് സെക്രട്ടറി മാധ്യമങ്ങളോട് പ്രതികരിച്ചത്. എന്നാല്‍ സുനന്ദയും ശശി തരൂരും തമ്മിലുള്ള ബന്ധത്തില്‍ അകല്‍ച്ച വന്നതായുള്ള വാര്‍ത്തയെകുറിച്ച് ആരാഞ്ഞപ്പോള്‍ അതിനെ കുറിച്ച് ഇരുവരും നേരത്തെ പ്രതികരിച്ചിരുന്നു എന്നും സെക്രട്ടറി പറഞ്ഞു.

കഴിഞ്ഞ ദിവസം ദല്‍ഹിയിലെ ലീല ഹോട്ടലില്‍ രണ്ട് മുറികള്‍ തരൂരും സുനന്ദയും ബുക്ക് ചെയ്തിരുന്നു. രണ്ട് പേരും ഒന്നിച്ചാണ് ദല്‍ഹിയില്‍ എത്തിയതെന്ന് വാര്‍ത്തയുണ്ട്. എന്നാല്‍ ‘ഞാന്‍ ദല്‍ഹിയിലെത്തി. ശശി, ഞാന്‍ ഇന്നലെയാണ് കേരളത്തില്‍ നിന്ന് തിരിച്ചെത്തിയത്’ എന്ന് സുനന്ദയുടെ ട്വീറ്റ് ഉണ്ട്.

അവസാനമായി വെള്ളിയാഴ്ച പുലര്‍ച്ചെ സുനന്ദയുടേതായി വന്ന അവസാന ട്വീറ്റ് അതൊരിക്കലും സംഭവിക്കാതിരിക്കട്ടെ എന്നാണ്. ഈ ട്വീറ്റ് മെഹര്‍ തരാര്‍, സുരേഷ് നെഗ്വ, രാഹുല്‍ തന്‍വാള്‍ സുധീര്‍ ശിവ്ഹാരെ എന്നിവരെ ടാഗ് ചെയ്തിട്ടാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

ശശി തരൂരുമായുള്ള വിവാഹ സമയം ദുബൈ ആസ്ഥാനമായുള്ള ടീകോം കമ്പനിയുടെ സെയില്‍സ് ഡയറക്ടറായിരുന്നു സുനന്ദ. കൊച്ചി ഐ.പി.എല്‍ ടീമില്‍ 70 കോടിയുടെ ഓഹരി വിവാദവുമായി ബന്ധപ്പെട്ടാണ് സുനന്ദ വാര്‍ത്തകളില്‍ ഇടം നേടിയത്.

sunanda tharur last tweetഅന്ന് കേന്ദ്ര മന്ത്രിയായിരുന്ന ശശി തരൂര്‍ സുനന്ദയുടെ ഓഹരിയില്‍ ഇടപെട്ടു എന്ന വാര്‍ത്ത പരന്നതോടെയാണ് തരൂരും സുനന്ദയും തമ്മിലുള്ള ബന്ധം പുറം ലോകം അറിയുന്നത്. കൊച്ചി ഐ.പി.എല്‍ ടീം രൂപീകരിച്ചപ്പോള്‍ സുനന്ദയുടെ പേരില്‍ ഓഹരി സ്വന്തമാക്കിയതായിരുന്നു വിവാദത്തിന് അടിസ്ഥാനം. തുടര്‍ന്ന് കേന്ദ്രമന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടിവന്ന തരൂര്‍ പിന്നീട് സുനന്ദയെ വിവാഹം കഴിച്ചു.

തുടര്‍ന്ന് ദുബൈയില്‍ ഒരു പാര്‍ട്ടിയില്‍ വെച്ച് പത്ര പ്രവര്‍ത്തകനെ അപമാനിച്ചെന്ന ആരോപണവും സുനന്ദക്ക് ഏല്‍ക്കേണ്ടിവന്നു. 2012 ഒക്ടോബര്‍ 30ന് തിരുവനന്തപുരം വിമാനത്തവളത്തില്‍ വെച്ച് തന്നെ അപമാനിച്ച പുരുഷനെ അടിച്ചതും വിവാദമായി.

കഴിഞ്ഞ ദിവസങ്ങളില്‍ സുനന്ദയുടേതായി പുറത്തു വന്ന ട്വിറ്റര്‍ വിവാദം ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. പാക് മാധ്യമ പ്രവര്‍ത്തകയും ശശി തരൂരും പ്രണയ ബന്ധത്തിലാണെന്നും തരൂരുമായുള്ള വിവാഹബന്ധം വേര്‍പ്പെടുത്തുകയാണെന്നും ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ സുനന്ദ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.

ബുധനാഴ്ച വൈകുന്നേരം തരൂരിന്റെയും പാക് മാധ്യമപ്രവര്‍ത്തക മെഹര്‍ തരാറിന്റെയും ട്വിറ്ററിലൂടെ പുറത്തുവന്ന സന്ദേശങ്ങള്‍ക്കു പിന്നാലെയായിരുന്നു സുനന്ദയുടെ വെളിപ്പെടുത്തല്‍.

എന്നാല്‍ തന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തതായി ശശി തരൂര്‍ അറിയിച്ചു. തന്റെ അഭാവത്തില്‍ കഴിഞ്ഞ ഏപ്രില്‍ മാസം മുതല്‍ മെഹര്‍ തരാര്‍ തരൂരുമായി അടുത്ത ബന്ധം പുലര്‍ത്താന്‍ ശ്രമിച്ചു എന്ന ആരോപണവും സുനന്ദ ഉന്നയിച്ചിരുന്നു.

പാക് മാധ്യമപ്രവര്‍ത്തക ഐ.എസ്.ഐ ഏജന്റാണെന്നും സുനന്ദ ട്വിറ്ററിലൂടെ കുറ്റപ്പെടുത്തിയിരുന്നു. തരൂരും പാക് മാധ്യമപ്രവര്‍ത്തകയും തമ്മില്‍ കൈമാറിയിരുന്ന സന്ദേശങ്ങളുടെ തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും സുനന്ദ വ്യക്തമാക്കിയിരുന്നു.

തന്റെ അക്കൗണ്ട് ഹാക്ക് ചെയ്തു എന്ന ശശി തരൂരിന്റെ ആരോപണത്തിനു സുനന്ദ തന്നെ പിന്നീടു മറുപടി നല്‍കി. തരൂരിന്റെ അക്കൗണ്ട് വഴി ബുധനാഴ്ച ട്വീറ്റ് ചെയ്തത് താനാണെന്നും സുനന്ദ വെളിപ്പെടുത്തി. ശശി തരൂരിന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും പാക് മാധ്യമപ്രവര്‍ത്തകയ്ക്കും സന്ദേശം അയച്ചിരുന്നു.

അതേസമയം, പ്രസ്താവനകളും വാര്‍ത്തകളും വലിയ വിവാദമായതോടെ വ്യാഴാഴ്ച വൈകുന്നേരത്തോടെ ശശി തരൂരും സുനന്ദയും സംയുക്ത പ്രസ്താവനയുമായി രംഗത്തുവന്നു.

സന്തോഷകരമായ വിവാഹ ജീവിതമാണു നയിക്കുന്നതെന്നും തന്റെ സ്വകാര്യ സംഭാഷണം വാര്‍ത്തയാക്കി ആശയകുഴപ്പം സൃഷ്ടിച്ചതാണ് വിവാദങ്ങള്‍ക്കു കാരണമെന്നു ഇരുവരും വാര്‍ത്താകുറിപ്പില്‍ പറഞ്ഞു. അതേസമയം പാക് മാധ്യമപ്രവര്‍ത്തകയെയും തരൂരിനെയും ബന്ധപ്പെടുത്തി ഉന്നയിച്ച ആരോപണം സുനന്ദ പുഷ്‌കര്‍ നിഷേധിച്ചിരുന്നില്ല.

മുന്‍ യു.എന്‍ അണ്ടര്‍ സെക്രട്ടറി ജനറലായിരുന്നു ശശി തരൂര്‍. നയതന്ത്ര ഉദ്യോഗം രാജിവച്ച് കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെത്തിയ ശശി തരൂര്‍ തിരുവനന്തപുരത്തു നിന്നാണ് എം.പിയായത്. തുടര്‍ന്ന് വിദേശകാര്യസഹമന്ത്രിയായി സ്ഥാനമേറ്റു. 2010 ഓഗസ്റ്റ് 22 നായിരുന്നു ശശി തരൂര്‍ -സുനന്ദ വിവാഹം.

തരൂരിന്റെയും സുനന്ദയുടെയും മൂന്നാം വിവാഹമായിരുന്നു ഇത്. കാശ്മീര്‍ സ്വദേശിയാണ് സുനന്ദയുടെ ആദ്യഭര്‍ത്താവ്. ഈ ബന്ധമൊഴിഞ്ഞശേഷം മലയാളിയായ സുജിത് മേനോനെ വിവാഹം ചെയ്തു. അദ്ദേഹം കാര്‍ അപകടത്തില്‍ മരണമടയുകയായിരുന്നു. ഈ ബന്ധത്തില്‍ 21 വയസുള്ള ശിവ് മേനോന്‍ എന്ന മകന്‍ സുനന്ദക്കുണ്ട്.

രണ്ടാം യു.പി.എ സര്‍ക്കാരിന്റെ അവസാന അഴിച്ചുപണിയില്‍ ശശി തരൂര്‍ വീണ്ടും സഹമന്ത്രിയായി മന്‍മോഹന്‍ മന്ത്രിസഭയില്‍ എത്തുകയായിരുന്നു. മാനവശേഷി വികസനവകുപ്പാണ് രണ്ടാം വരവില്‍ തരൂരിന് ലഭിച്ചത്.

ഇതിനിടെ, കേരളത്തില്‍ നിന്നുള്ള ഒരു കേന്ദ്രമന്ത്രിയുടെ മകന്‍ ദുബായില്‍ അറസ്റ്റിലായെന്നും അദ്ദേഹത്തെ മന്ത്രി തന്റെ ഓഫീസിന്റെ സ്വാധീനം ഉപയോഗിച്ച് രക്ഷിക്കാന്‍ ശ്രമിച്ചെന്നും സുബ്രഹ്മണ്യന്‍ സ്വാമി ആരോപിച്ചിരുന്നു. എന്നാല്‍ തന്റെ മകനെ സ്വാധീനം ഉപയോഗിച്ച് രക്ഷിച്ചിട്ടില്ലെന്ന് തരൂര്‍ ട്വീറ്റ് ചെയ്തിരുന്നു.

ഇതിനുപിന്നാലെ സുനന്ദയുടെ മകനാണ് ദുബായില്‍ അറസ്റ്റിലായതെന്ന് ചില വാര്‍ത്തകള്‍ വന്നിരുന്നു. തരൂര്‍ മകനെ രക്ഷിക്കാന്‍ ശ്രമിക്കാതിരുന്നതിനെ ചൊല്ലിയാണ് അടുത്തകാലത്ത് സുനന്ദയും തരൂരും തമ്മിലുള്ള ബന്ധം വഷളായതെന്നും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

കാശ്മീരിലെ ബോമെ ഗ്രാമത്തില്‍ ഒരു സൈനിക കുടുംബത്തിലായിരുന്നു സുനന്ദയുടെ ജനനം. പിതാവ് പി.എന്‍ ദാസ് 1983 ല്‍ ലഫ്റ്റനന്റ് കേണലായി വിരമിച്ചു. സുനന്ദയുടെ ഒരു സഹോദരന്‍ സൈനത്തിലും മറ്റൊരാള്‍ ബാങ്കിലുമാണ് ജോലി ചെയ്യുന്നത്.

Advertisement