എഡിറ്റര്‍
എഡിറ്റര്‍
സുനന്ദയുടെ മരണം: സ്ഥിരീകരണമായില്ല, അന്വേഷണം വേഗത്തിലാക്കാന്‍ നിര്‍ദേശിച്ചെന്ന് പോലീസ് കമ്മീഷണര്‍
എഡിറ്റര്‍
Wednesday 12th March 2014 8:25am

sunanda

ന്യൂദല്‍ഹി: കേന്ദ്ര സഹമന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണം ആത്മഹത്യയോ കൊലപാതകമാണോ എന്ന് സ്ഥിരീകരിക്കാനായിട്ടില്ലെന്ന് ദല്‍ഹി പോലീസ് കമ്മീഷണര്‍ ബി.എസ്  ബസി പറഞ്ഞു.

ആന്തരാവയവങ്ങളുടെ പരിശോധന ഫലത്തിനായി കാത്തിരിക്കുകയാണെന്നും അന്വേഷണം വേഗത്തിലാക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

അസ്വാഭാവിക മരണം എന്നതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നതെന്നും അന്വേഷണം സംബന്ധിച്ച് കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നല്‍കാനാവില്ലെന്നും ബസി പറഞ്ഞു.

അതേ സമയംസുനന്ദയുടെ മരണം സംബന്ധിച്ച അന്വേഷണം നിലച്ചെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ജനുവരി 17നാണ് ദല്‍ഹിയിലെ ലീലാ പാലസ് ഹോട്ടലില്‍ സുനന്ദ പുഷ്‌കറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണം അസ്വാഭാവികമാണെന്ന് പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാര്‍ പ്രതികരിച്ചിരുന്നു.

മരുന്നുകളുടെ അമിത ഉപയോഗമാവാം സുനന്ദ പുഷ്‌കറിന്റെ മരണകാരണമെന്ന് പിന്നീട് വിശദമായ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടായിരുന്നു.

സുനന്ദ പുഷ്‌കര്‍ മരണപ്പെടുന്നതിന് മുമ്പ് ശശി തരൂരുമായി വഴക്കുണ്ടായതായി വാര്‍ത്ത വന്നിരുന്നു. വിമാനത്തില്‍ വെച്ചും ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ആദ്യം കേസന്വേഷണ ചുമതല ദല്‍ഹി പോലീസിനായിരുന്നു. പിന്നിട് കേസന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറാന്‍ ദല്‍ഹി പോലീസ് കമ്മീഷണര്‍ തീരുമാനിച്ചു. കേസിന്റെ അതുവരെയുള്ള ഡയറിയും കൈമാറിയിരുന്നു.

എന്നാല്‍ അന്വേഷണത്തിന് തുടര്‍ച്ച ലഭിക്കുന്നതിനായി കേസ് ദല്‍ഹി പോലീസിന് തന്നെ തിരികെ ഏല്‍പ്പിക്കുകയായിരുന്നു.

Advertisement