എഡിറ്റര്‍
എഡിറ്റര്‍
സുനന്ദ പുഷ്‌കറിന്റെ മൃതദേഹം സംസ്‌കരിച്ചു
എഡിറ്റര്‍
Saturday 18th January 2014 5:21pm

sunanda-pushkar

ന്യൂദല്‍ഹി: കേന്ദ്ര മന്ത്രി ശശി തരൂറിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ മൃതദേഹം സംസ്‌കരിച്ചു. ദല്‍ഹിയിലെ ലോധി റോഡിലെ ശ്മശാനത്തിലാണ് മൃതദേഹം സംസ്‌കരിച്ചത്.

വൈകിട്ട് അഞ്ച് മണിയോടെയാണ് സംസ്‌ക്കാരച്ചടങ്ങുകള്‍ ആരംഭിച്ചത്. മകന്‍ ശിവ് പുഷ്‌കറാണ് ചിതയ്ക്ക് തീകൊളുത്തിയത്. കശ്മീരി പണ്ഡിറ്റ് വിഭാഗത്തില്‍ പെട്ട സുനന്ദയുടെ മൃതദേഹം മതാചാരപ്രകാരമായിരുന്നു സംസ്‌കാരിച്ചത്.

സുനന്ദയുടെ സുഹൃത്തുക്കളുടേയും ബന്ധുക്കളുടേയും സാന്നിധ്യത്തിലായിരുന്നു സംസ്‌കാരം. രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു.

ശശി തരൂരിന്റെ ഔദ്യോഗിക വസതിയില്‍ പൊതു ദര്‍ശനത്തിന് വെച്ച ശേഷമാണ് മൃതദേഹം ശ്മശാനത്തിലേക്ക് കൊണ്ടുപോയത്.

വെള്ളിയാഴ്ച രാത്രി ഒമ്പതുമണിയോടെയാണ് ദല്‍ഹിയിലെ ലീല പാലസ് ഹോട്ടലിലെ മുറിയില്‍ സുനന്ദപുഷ്‌കറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

പാക്കിസ്ഥാന്‍ മാധ്യമപ്രവര്‍ത്തക മെഹര്‍ തരാറുമായി ശശി തരൂരുമായി ബന്ധമുണ്ടെന്ന വിവാദങ്ങള്‍ ആളിക്കത്തി രണ്ട് ദിവസത്തിന് ശേഷമാണ് സുനന്ദയുടെ മരണം.

മരണം അസ്വാഭാവികമാണെന്ന് പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിരുന്നു. കൂടതുല്‍ പരിശോധനയ്ക്കായി ആന്തരികാവയവങ്ങള്‍ രാസപരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. അന്തിമ റിപ്പോര്‍ട്ട് ലഭിക്കാന്‍ രണ്ട് ദിവസം കഴിയും.

1962 ജനുവരി ഒന്നിനാണ് സുനന്ദയുടെ ജനനം. ദുബായ് ആസ്ഥാനമായുള്ള ടീകോം കമ്പനിയുടെ ഡയറക്ടര്‍ കൂടിയാണ് സുനന്ദ പുഷ്‌കര്‍.

ശ്രീനഗറിലെ സര്‍ക്കാര്‍ കോളേജില്‍നിന്ന് ബിരുദം നേടിയ സുനന്ദക്ക് രണ്ട് സഹോദരന്‍മാരുണ്ട്. ഒരാള്‍ ബാങ്കിലും രണ്ടാമത്തെ സഹോദരന്‍ സൈന്യത്തിലുമാണ്. ലഫ്റ്റനന്റ് കേണലായിരുന്ന അച്ചന്‍ 1983 ലാണ് സൈന്യത്തില്‍ നിന്നും വിരമിക്കുന്നത്.

സുനന്ദയുടെ ആദ്യ വിവാഹം ഒരു കാശ്മീരിയുമായിട്ടായിരുന്നു. എന്നാല്‍ ഇത് വിവാഹ മോചനത്തില്‍ എത്തിയതിനു ശേഷം സുനന്ദ ഒരു കേരള വ്യവസായിയെ വിവാഹം കഴിച്ചു. എന്നാല്‍ അദ്ദേഹം വാഹനാപകടത്തില്‍ മരിക്കുകയായിരുന്നു. ഇതില്‍ 21 വയസുള്ള ശിവ മേനോന്‍ എന്ന മകനുണ്ട്.

മുന്‍ യു.എന്‍ അണ്ടര്‍ സെക്രട്ടറി ജനറലായി പ്രവര്‍ത്തിച്ചിരുന്ന സമയത്താണ് തരൂര്‍ സുനന്ദയെ വിവാഹം കഴിക്കുന്നത്. സുനന്ദയുടെ മൂന്നാം വിവാഹമായിരുന്നു ശശി തരൂരുമായുള്ളത്.

ഐ.പി.എല്‍ വിവാദം ഉയര്‍ന്നതിനെതുടര്‍ന്നാണ് സുനന്ദയും ശശി തരൂരുമായുള്ള ബന്ധം പുറത്തറിഞ്ഞത്. തുടര്‍ന്ന് കേന്ദ്രമന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടിവന്ന തരൂര്‍ പിന്നീട് സുനന്ദയെ വിവാഹം കഴിക്കുകയായിരുന്നു. 2010 ഓഗസ്റ്റ് 22 നായിരുന്നു ശശി തരൂര്‍ സുനന്ദ വിവാഹം.

Advertisement