Categories

സുനന്ദ പുഷ്‌കറിന്റെ മരണം: ശശി തരൂരില്‍ നിന്ന് വീണ്ടും മൊഴിയെടുക്കും

sunanda-sashi tharur

ദില്ലി:  സുനന്ദ പുഷ്‌കറിന്റെ മരണത്തെ  സംബന്ധിച്ച്  ശശി തരൂരില്‍ നിന്ന് വീണ്ടും  മൊഴിയെടുക്കും. സുനന്ദയുടെ മരണം നടന്നയുടന്‍ സ്ഥലത്തെത്തിയ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് തരൂരിന്റെ മൊഴി എടുത്തിരുന്നു.

എന്നാല്‍ കൂടുതല്‍ കാര്യങ്ങളില്‍ വ്യക്തത വരുത്താന്‍ ഹോട്ടലില്‍  നിന്ന് കിട്ടിയ തെളിവുകള്‍, ഹോട്ടല്‍ ജീവനക്കാരുടെ മൊഴി  എന്നിവയുടെ അടിസ്ഥാനത്തിലാവും തരൂരില്‍  നിന്ന് മൊഴിയെടുക്കുക.

സുനന്ദയെ രോഗങ്ങള്‍ അലട്ടിയിരു്‌നനെന്ന് ശശി തരൂരിന്റെ വിശ്വസ്ഥര്‍ പറയുമ്പോള്‍ പെട്ടുള്ള മരണത്തിനു കാരണമായ രോഗങ്ങളൊന്നുമില്ലായിരുന്നെന്ന് സുനന്ദയെ ചികിത്സിച്ചിരുന്ന ഡോക്ടര്‍മാര്‍. ഇത്തരം പൊരുത്തുക്കേടുകള്‍ക്ക് ഉത്തരം തേടിയാണ് വീണ്ടും മൊഴിയെടുക്കുക.

സുനന്ദയുടേത് അസ്വാഭാവിക മരണമാണെന്ന് പോസ്റ്റ്‌മോര്‍ട്ടം  ചെയ്ത ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. വിഷം ഉള്ളില്‍ ചെന്നിട്ടില്ല. ശരീരത്തില്‍ മുറിവുകള്‍ കണ്ടെത്തിയെങ്കിലും അതിനെക്കുറിച്ച് കൂടുതലൊന്നും പറയാനാകില്ലെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

ആന്തരികാവയവങ്ങള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. അന്തിമ റിപ്പോര്‍ട്ട് രണ്ട് ദിവസത്തിനു ശേഷമായിരിക്കും തയ്യാറാക്കുക. ഫോറന്‍സിക് മേധാവി ഡോ. സുധീര്‍  ഗുപ്തയുടെ നേതൃത്വത്തിലാണ് പോസ്റ്റുമോര്‍ട്ടം നടത്തിയത്.

ലോധി റോഡിലെ തരൂരിന്റെ വസതിയ്ക്ക് സമീപമുള്ള ശ്മശാനത്തിലായിരുന്നു സുനന്ദയുടെ  സംസ്‌കാരം.