എഡിറ്റര്‍
എഡിറ്റര്‍
സുനന്ദ പുഷ്‌കറിന്റെ മരണം അസ്വാഭാവികമെന്ന് ഡോക്ടര്‍മാര്‍
എഡിറ്റര്‍
Saturday 18th January 2014 2:44pm

sunanda

ന്യൂദല്‍ഹി: കേന്ദ്ര മന്ത്രി ##ശശി തരൂറിന്റെ ഭാര്യ ##സുനന്ദ പുഷ്‌കറിന്റെ മരണം അസ്വഭാവികമാണെന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍. കൂടുതല്‍ പരിശോധനയ്ക്കായി ആന്തരികാവയവങ്ങള്‍ ലാബിലേക്ക് അയക്കണമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

രണ്ട് ദിവസത്തിന് ശേഷമാവും പൂര്‍ണ വിവരം ലഭിക്കുകയൂള്ളൂ എന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. സുനന്ദയുടെ ശരീരത്തിലെ ചിലഭാഗങ്ങളില്‍ നീല നിറം കണ്ടെത്തിയതായും അറിയുന്നുണ്ട്. ശരീരത്തിനുള്ളില്‍ വിഷാംശമില്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

പെട്ടന്നുണ്ടായ അസ്വാഭാവിക മരണമാണ് സംഭവിച്ചത്. ശരീരത്തില്‍ മുറിവുകള്‍ ഉണ്ടായിരുന്നു. വിശദാംശങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.  മൂന്നംഗ ഡോക്ടര്‍മാരാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്.  പോസ്റ്റ്‌മോര്‍ട്ടത്തിന്റെ ദൃശ്യങ്ങള്‍ എടുത്തിട്ടുണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി. മൃതദേഹം ശശിതരൂരിന്റെ ഔദ്യോഗിക വസതിയിലേക്ക് കൊണ്ടുപോയി. ഇവിടെ  പൊതുദര്‍ശനത്തിന് വെക്കും.

ഇന്ന് വൈകീട്ട് ദല്‍ഹിയിലെ ലോധി റോഡിലെ ശ്മശാനത്തിലായിരിക്കും സുനന്ദ പുഷ്‌കറിന്റെ സംസ്‌കാരം നടക്കുക.  വെള്ളിയാഴ്ച രാത്രി ഒമ്പതുമണിയോടെയാണ് ദല്‍ഹിയിലെ ലീല പാലസ് ഹോട്ടലിലെ മുറിയില്‍ സുനന്ദപുഷ്‌കറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

പാക്കിസ്ഥാന്‍ മാധ്യമപ്രവര്‍ത്തക മെഹര്‍ തരാറുമായി ശശി തരൂരുമായി ബന്ധമുണ്ടെന്ന വിവാദങ്ങള്‍ ആളിക്കത്തി രണ്ട് ദിവസത്തിന് ശേഷമാണ് സുനന്ദയുടെ മരണം. എ.ഐ.സി.സി സമ്മേളനം കഴിഞ്ഞ് തിരിച്ചെത്തിയ തരൂരാണ് സുനന്ദയുടെ മരണവിവരം പോലീസിനെ അറിയിച്ചത്.

സമ്മേളനം കഴിഞ്ഞ്‌ഹോട്ടല്‍ മുറിയിലെത്തിയപ്പോള്‍ സുനന്ദ ഉറക്കമാണെന്നാണ് കരുതിയിരുന്നത്. പിന്നീടാണ് മരണം സ്ഥിരീകരിച്ചത്. എന്നാണ് ശശി തരൂര്‍ പോലീസിന് മൊഴി നല്‍കിയത്. എന്നാല്‍ ഹോട്ടല്‍ ജീവനക്കാരില്‍ നിന്നും വ്യത്യസ്ത മൊഴിയാണ് പോലീസിന് ലഭിച്ചത്.

രാത്രി ഏഴരയോടെ ഹൗസ് കീപ്പിങ് വിഭാഗം മുറി വൃത്തിയാക്കാനെത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയതെന്നാണ് ജീവനക്കാരുടെ മൊഴി. സുനന്ദ പുഷ്‌കറിന് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് അവരെ ചികിത്സിച്ച കിംസ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു.

Advertisement