കൊച്ചി: ശദാബ്ദത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണം തുടങ്ങി. ചന്ദ്രന്‍ സൂര്യനെ മറച്ച് തുടങ്ങി. കേരളത്തില്‍ 11.08ഓടെ ആലപ്പുഴയിലാണ് ആദ്യം ഗ്രഹണം റിപ്പോര്‍ട്ട് ചെയ്തത്. പിന്നീട് തിരുവനന്തപുരത്തും കൊച്ചിയിലും ഗ്രഹണം റിപ്പോര്‍ട്ട് ചെയ്തു.

കേരളം, തമിഴ്‌നാട് മിസോറാം എന്നിവിടങ്ങളില്‍ പൂര്‍ണ്ണമായും മറ്റിടങ്ങളില്‍ ഭാഗികമായും സൂര്യഗ്രഹണം ദൃശ്യമാവും. തമിഴ്‌നാട്ടിലെ ധനുഷ്‌ക്കോടിയിലാണ് ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണം ദൃശ്യമാവുക. മധ്യ ആഫ്രിക്കയിലെ കോംഗോയില്‍ ആദ്യം ദൃശ്യമായ സൂര്യഗ്രഹണം പിന്നെ മാലി ദ്വീപിലേക്കും തെക്കന്‍ തമിഴ്‌നാട്ടിലേക്കും അവിടെ നിന്ന് കേരളത്തിലേക്കും പ്രവേശിക്കുകയായിരുന്നു. ഉച്ചക്ക് ശേഷം ബര്‍മയിലും ചൈനയിലും ഗ്രഹണം ദൃശ്യമാകും.

കൂടുതല്‍ ആളുകള്‍ സുരക്ഷിതമായി സൂര്യഗ്രഹണം കാണുന്നതിനായി വിവിധ കേന്ദ്രങ്ങളില്‍ നിലയുറപ്പിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് കനകക്കുന്നിലും കൊച്ചിയില്‍ മറൈന്‍ഡ്രൈവിലും കോഴിക്കോട് മേഖലാശാസ്ത്ര കേന്ദ്രങ്ങളിലും പ്രത്യകം തയ്യാറാക്കിയ ടെലിസ്‌കോപ്പിലൂടെ ഗ്രഹണം ദര്‍ശിക്കാന്‍ നിരവധി പേര്‍ എത്തിയിട്ടുണ്ട്. പലയിടങ്ങളിലും ശക്തമായ മൂടല്‍മഞ്ഞ് ഗ്രഹണം ദൃശ്യമാകുന്നതിന് പ്രയാസമനുഭവിക്കുന്നുണ്ട്.

ഗുജറാത്തിലെ അഹമ്മദാബാദ് സയന്‍സ് സിറ്റിയുടെ ആഭിമുഖ്യത്തില്‍ ഗ്രഹണം കാണാന്‍ വന്‍ ഒരുക്കങ്ങളാണ് നടത്തിയിട്ടുള്ളത്. നാസയില്‍ നിന്ന് അടക്കമുളള ശാസ്ത്രജ്ഞര്‍ സൂര്യഗ്രഹണം നിരീക്ഷിക്കാന്‍ എത്തിയിട്ടുണ്ട്.