കൊച്ചി: ചലച്ചിത്ര നിര്‍മ്മാതാവ് നല്‍കിയ വഞ്ചനക്കേസില്‍ കോടതിയില്‍ നേരിട്ട് ഹാജരാകണമെന്ന സമന്‍സിനെതിരെ നടി മീര ജാസ്മിന്‍ നല്‍കിയ ഹരജി ഹൈക്കോടതി തള്ളി.

കേസില്‍ നേരിട്ട് ഹാജരാകണമെന്ന കോഴിക്കോട് സി.ജെ.എം കോടതിയുടെ വിധിയ്‌ക്കെതിരെ മീര നല്‍കിയ ഹരജിയാണ് കോടതി തള്ളിയത്. കേസില്‍ ഓഗസ്റ്റ് എട്ടിനു മുന്‍പു നേരിട്ടു ഹാജരാകാനാണു സമന്‍സ്.

കേസില്‍ തുടര്‍ച്ചയായി ഹാജരാകുന്നത് ഒഴിവാക്കാനാവശ്യപ്പെട്ട് എട്ടിനു മുന്‍പു മീരാ ജാസ്മിന്‍ അപേക്ഷ സമര്‍പ്പിച്ചാല്‍ പരിഗണിക്കാന്‍ ഹൈക്കോടതി സി.ജെ.എം മജിസ്‌ട്രേട്ടിനു നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ നേരിട്ടു ഹാജരാകുന്നത് ഒഴിവാക്കണമെന്ന ആവശ്യം അംഗീകരിക്കാന്‍ കഴിയില്ലെന്നും ഹൈക്കോടതി അറിയിച്ചു.

സ്വപ്നമാളികയെന്ന സിനിമയില്‍ അഭിനയിക്കാന്‍ അഞ്ചു ലക്ഷം രൂപ മുന്‍കൂര്‍ വാങ്ങിയ ശേഷം കരാര്‍ ലംഘനം നടത്തിയെന്നാരോപിച്ച് സംവിധായകനും നിര്‍മാതാവുമായ കെ.എ. ദേവരാജനാണു കോഴിക്കോട് കോടതിയില്‍ ഹര്‍ജി നല്‍കിയത്.