റശീദ് പുന്നശ്ശേരി

ഷാര്‍ജ: ഇരുപത്തി ഒമ്പതാമത് ഷാര്‍ജ അന്താ രാഷ്ട്ര പുസ്തക മേള എക്‌സ്‌പോ സെന്ററില്‍ ആരംഭിച്ചു. മലയാളത്തില്‍ നിന്നടക്കം അറുനൂറോളം പ്രസാധകര്‍ പങ്കെടുക്കുന്ന മേള നവംബര്‍ 6 വരെ നീണ്ടു നില്‍ക്കും. നാല് ലക്ഷത്തോളം പേര്‍ മേള സന്ദര്‍ശിക്കുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്.

പുസ്തക മേളയുടെ ആദ്യ ദിനത്തില്‍ ഷാര്‍ജ ഭരണാധികാരിയും സുപ്രിം കൗണ്‍സില്‍ അംഗവുമായ ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ രണ്ട് പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു. ഹദിത് അല്‍ ദാകിര എന്ന ആത്മ കഥയും,കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ സാദ് അല്‍ ദാത് എന്ന പുസ്തകത്തിന്റെ ഇംഗ്ലീഷ് വിവര്‍ത്തനവുമാണിവ. ഷെയ്ഖ് സുല്‍ത്താന്റെ പുസ്തകങ്ങള്‍ക്ക് മാത്രമായി പ്രത്യേക സ്റ്റാളും പ്രവര്‍ത്തിക്കുന്നുണ്ട്.

അന്തരിച്ച റോയല്‍ ഫോട്ടോഗ്രാഫര്‍ നൂര്‍ അലി റാഷിദ് പകര്‍ത്തിയ യു എ ഇ ഭരണാധികാരികളുടെ അപൂര്‍വ ചിത്രങ്ങളടങ്ങിയ പുസ്തകങ്ങളും നിരവധി പേരെ ആകര്‍ശിക്കുന്നുണ്ട്. ആദ്യ ദിനം തന്നെ നിരവധി സന്ദര്‍ശകരാണ് മേളക്കെത്തിയത്. വരും ദിവസങ്ങളില്‍ കൂടുതല്‍ ജന പങ്കാളിത്തമുണ്ടാകുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.