പ്യൂപ്പ / ഷഫീക്ക്.എച്ച്

കൂട്ടുകാരെ ഇന്ന് വ്യത്യസ്തമായ ഒരു കാര്യത്തെപ്പറ്റി പറയാം. അതായത് പണ്ട് പണ്ട് ഇന്ത്യയില്‍ ഒരു സമ്പ്രദായം നിലനിന്നിരുന്നു. അതിന്റെ പേരാണ് ശൂല്‍ബസൂത്രം.

ഇന്നേക്ക് 3500 വര്‍ഷങ്ങള്‍ക്കു മുമ്പാണ് ഈ സമ്പ്രദായം നിലനിന്നിരുന്നത്. ആര്യന്മാര്‍ മധ്യേഷ്യയില്‍ നിന്ന് ഇന്ത്യയിലേക്ക് കുടിയേറിയ കാലം. അവരാണ് ഇന്ത്യയില്‍ ഇരുമ്പായുധങ്ങളും കുതിരയും കൊണ്ടുവന്നത്. അതിനു മുമ്പ് ഇന്ത്യയില്‍ മഹത്തായ ഒരു സംസ്‌കാരമുണ്ടായിരുന്നുവെന്നറിയാമല്ലോ. ‘സിന്ധുനദീതീര സംസ്‌കാര’മെന്നും ‘സൈന്ധവ സംസ്‌ക്കാര’മെന്നും ഇതറിയപ്പെടുന്നുണ്ട്. പക്ഷേ അവര്‍ക്ക് ഇരുമ്പും കുതിരയുമൊന്നും അറിയുമായിരുന്നില്ല. അവരുടെ ആയുധങ്ങള്‍ ചെമ്പും വെങ്കലവും കൊണ്ട് നിര്‍മ്മിച്ചവയായിരുന്നു. മാത്രവുമല്ല അവര്‍ക്ക് കാളയും ആനയും കാണ്ടാമൃഗവുമൊക്കെ അറിയാമായിരുന്നെങ്കിലും കുതിരയെകുറിച്ച് യാതൊന്നും അറിയില്ലായിരുന്നു. ഈ സംസ്‌കാരം ആര്യന്മാര്‍ ഇവിടേക്ക് വന്നതോടെ അസ്തമിക്കുകയും ചെയ്തു.

സൈന്ധവ നിവാസികളെക്കാള്‍ ആര്യന്മാര്‍ക്ക് കരുത്ത് നല്‍കിയിരുന്നതെന്തായിരുന്നെന്ന് കൂട്ടുകാര്‍ക്കറിയാമോ? അതെ, അറിവുതന്നെ. കൂടുതല്‍ അറിവുള്ളവര്‍ക്ക് അറിവില്ലാത്തവരെ പെട്ടെന്ന് കീഴ്‌പ്പെടുത്താനാകുമല്ലൊ. അവരുടെ ഈ അറിവ് പ്രധാനമായും പ്രയോഗിച്ചിരുന്നത് രണ്ട് കാര്യങ്ങളിലാണ്. കൃഷിചെയ്യുന്നതിലും ആരാധനയിലും. ഈ രണ്ടുകാര്യങ്ങളിലും ആര്യന്മാര്‍ മികച്ചു നിന്നു. ഇതിനവര്‍ പ്രധാനമായും ആശ്രയിച്ചിരുന്നതോ? ഗണിതശാസ്ത്രത്തെയും. ആ ഗണിതശാസ്ത്രത്തിലെ ഒരു പ്രധാന ഭാഗമാണ് ശൂല്‍ബസൂത്രം.
ഇനി എന്താണ് ഈ ശൂല്‍ബസൂത്രമെന്ന് നോക്കാം. നമുക്ക് ഇന്ന് വളരെ പ്രധനപ്പെട്ട ഒരു ഗണിതശാസ്ത്രമേഖല ഏതാണെന്നുചോതിച്ചാല്‍ ജ്യാമിതി(geometry)യാണെന്ന് തീര്‍ത്തുപറയാം, അല്ലേ. അങ്ങ് അലക്‌സാണ്ട്രിയയില്‍ ജീവിച്ചിരുന്ന യൂക്ലിഡാണ് ജ്യാമിതിയുടെ പിതാവായി അറിയപ്പെടുന്നത്. അദ്ദേഹം ക്രിസ്തുവിനു മുമ്പ് 300-ലാണ്, അതായത് 2310 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ജീവിച്ചിരുന്നത്. എന്നാല്‍ ഇതിനും മുമ്പ് ആര്യന്മാര്‍ ഇവിടെ പ്രയോഗിച്ചിരുന്ന ജ്യാമിതിയാണ് സാക്ഷാല്‍ ശൂല്‍ബസൂത്രം!! അപ്പോള്‍ ആരാണ് യഥാര്‍ത്തത്തില്‍ ജ്യാമിതിയുടെ പിതാവെന്ന് നിങ്ങള്‍ ചിന്തിച്ചുനോക്കൂ.

‘ശൂല്‍ബം’ എന്നു പറഞ്ഞാല്‍ കയര്‍, നൂല്‍ എന്നൊക്കെയാണര്‍ത്ഥം. ജ്യാമിതിയുടെ പ്രധാനപ്പെട്ട ഒരുപകരണം എന്താണ് കൂട്ടുകാരേ? കോമ്പസല്ലെ? അതെ, കയര്‍ കഷ്ണങ്ങളായിരുന്നു ആര്യന്‍മാരുടെ കോമ്പസ്. ഇന്നും നമ്മള്‍ ചിലപ്പോഴൊക്കെ കയറും നൂലുമൊക്കെ ജ്യാമിതിക്കായി ഉപയോഗിക്കാറുണ്ട്. എപ്പോഴെന്നല്ലെ? ഓണം വരുമ്പോള്‍. ആ സമയത്ത് നമ്മള്‍ സ്‌കൂളുകളില്‍ പൂക്കളമല്‍സരങ്ങളില്‍ പങ്കെടുക്കാറുണ്ട്. അതിനുവേണ്ടി വലിയ വൃത്തങ്ങള്‍ എങ്ങനെയാണ് നമ്മള്‍ വരക്കുന്നത്? നൂലുപയോഗിച്ചല്ലെ! ഇതുതന്നെയാണ് ശൂല്‍ബസൂത്രം.


ഇതിന്റെ വലിയരൂപങ്ങളാണ് നമ്മുടെ ആ പൂര്‍വ്വികര്‍ കയറും നൂലുമുപയോഗിച്ച് വരക്കുകയും നിര്‍മ്മക്കുകയും ചെയ്തിരുന്നത്. അന്നൊക്കെ കെട്ടിടങ്ങള്‍ നിര്‍മ്മിക്കാനും ഹോമകുണ്ഡങ്ങള്‍ നിര്‍മ്മിക്കാനുമൊക്കെ അവര്‍ ശൂല്‍ബസൂത്രം പ്രയോഗിച്ചിരുന്നു. വലിയ വലിയ ഗണിതശാസ്ത്ര പ്രശ്‌നങ്ങള്‍ക്ക് ഉത്തരം കണ്ടെത്താനുമൊക്കെ ശൂല്‍ബസൂത്രം ധാരാളമാണ് കേട്ടൊ.

ശൂല്‍ബസൂത്രം സത്യത്തില്‍ കല്പസൂത്രമെന്നു പറയുന്ന മറ്റൊരു ശാസ്ത്രത്തിന്റെ ഭാഗമാണ്. നാലുതരം ശൂല്‍ബ സൂത്രങ്ങളാണുള്ളത്. ബൗദ്ധ്യായന ശൂല്‍ബസൂത്രം, ആപസ്ഥംബ ശൂല്‍ബസൂത്രം, മാനവ ശൂല്‍ബസൂത്രം, കാത്യായന ശൂല്‍ബസൂത്രം. എന്തായാലും നമ്മുക്കും ജ്യാമിതീയ ശാസ്ത്രത്തില്‍ അഭിമാനിക്കാന്‍ വകയുണ്ടെന്ന് മനസ്സിലായില്ലെ?