എഡിറ്റര്‍
എഡിറ്റര്‍
അഞ്ചാം മന്ത്രി വിഷയത്തില്‍ യു.ഡി.എഫിന്റെ ചതി കാലംതെളിയിക്കും: എന്‍.എസ്.എസ്
എഡിറ്റര്‍
Monday 6th August 2012 12:14am

കോട്ടയം: കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശവുമായി എന്‍.എസ്.എസ്. അഞ്ചാംമന്ത്രി കാര്യം ചര്‍ച്ചാവിഷയമാക്കിയത് എന്‍.എസ്.എസല്ല, കെ.പി.സി.സിയാണെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ പറഞ്ഞു. തൃശൂര്‍ എന്‍.എസ്.എസ് യൂണിയന്‍ പ്രവര്‍ത്തക സമ്മേളനത്തിന്റെ ഉദ്ഘാടനത്തിനെത്താന്‍ കഴിയാതിരുന്ന സുകുമാരന്‍ നായര്‍ പ്രതിനിധികള്‍ക്കയച്ച സന്ദേശത്തിലാണ് ഇങ്ങനെ പറഞ്ഞത്.

Ads By Google

അഞ്ചാം മന്ത്രി വിഷയം ജനങ്ങളിലെത്തിയപ്പോള്‍ സാമൂഹ്യപ്രശ്‌നമെന്ന നിലയില്‍ ഭൂരിപക്ഷവിഭാഗത്തിന് അനുകൂലമായ നിലപാട് എന്‍.എസ്.എസിന് സ്വീകരിക്കേണ്ടി വന്നു. ലീഗിന് അഞ്ചാം മന്ത്രിസ്ഥാനം കൊടുക്കുന്നതിലായിരുന്നില്ല എതിര്‍പ്പ്. സാമൂഹിക സാമുദായിക സന്തുലിതാവസ്ഥ പാലിച്ചുവേണമെന്നായിരുന്നു നിലപാട്. ഇപ്പോള്‍ മുഖ്യമന്ത്രിയടക്കം ന്യൂനപക്ഷത്തിന് 13 കാബിനറ്റ് റാങ്കുകളുണ്ട്. ഭൂരിപക്ഷത്തിന് പത്തേയുള്ളൂ. കേരളത്തില്‍ ന്യൂനപക്ഷം ഭൂരിപക്ഷമായ മന്ത്രിസഭ ഇതുമാത്രമേയുള്ളൂവെന്നും അദ്ദേഹം സന്ദേശത്തില്‍ പറയുന്നു.

അഞ്ചാം മന്ത്രി വിഷയത്തില്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള യു.ഡി.എഫിന്റെ ചതി കാലം തെളിയിക്കും. കെ.പി.സി.സിയില്‍ ഉയര്‍ന്ന അഞ്ചാംമന്ത്രി വിവാദം ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും പരസ്പരം ഒതുക്കി തീര്‍ക്കുകയായിരുന്നു. എന്‍.എസ്.എസ് മുസ്‌ലീം സമുദായത്തിനെതിരാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ഇതിന്റെ പശ്ചാത്തലത്തില്‍ ശ്രമം നടന്നതായും സുകുമാരന്‍ നായര്‍ ആരോപിച്ചു.

എയ്ഡഡ് മേഖലയെ തകര്‍ക്കാനുള്ള സര്‍ക്കാര്‍ നീക്കത്തെയാകണ് എന്‍.എസ്.എസ് എതിര്‍ക്കുന്നത്. വിദ്യാഭ്യാസമാണ് എന്‍.എസ്.എസിന്റെ പ്രവര്‍ത്തനമേഖല. ഇതിനെ തര്‍ക്കാനുള്ള നീക്കം അനുവദിക്കില്ല. എന്‍.എസ്.എസ്-എസ്.എന്‍.ഡി.പി ഐക്യം ഏതുവിധേനയും നിലനിര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു.

എന്‍.എസ്.എസ് മുഖപത്രം സര്‍വീസസിന്റെ മുഖപ്രസംഗത്തിലും കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശമാണ് ഉയര്‍ത്തിയിട്ടുള്ളത്. ഭൂരിപക്ഷവിഭാഗങ്ങളുടെ ആശങ്കയകറ്റാന്‍ കോണ്‍ഗ്രസ് ഒന്നും ചെയ്യുന്നില്ല. അഞ്ചാംമന്ത്രിവിവാദത്തിന് പിന്നില്‍ എന്‍.എസ്.എസ് ആണെന്ന് വരുത്തിയത് കുറ്റബോധത്തില്‍നിന്ന് രക്ഷപ്പെടാന്‍ കോണ്‍ഗ്രസ് കണ്ടെത്തിയ വഴിയാണ്. ആദ്യഘട്ടത്തില്‍ ചിലകുട്ടിനേതാക്കളെ ഇറക്കി മതസാമുദായിക സംഘടനാനേതാക്കളെ പുലഭ്യം പറയിച്ചു. ഇതിന് കോണ്‍ഗ്രസ് നേതൃത്വം മൗനാനുവാദം നല്‍കുകയായിരുന്നു. മതസംഘടനകള്‍ രാഷ്ട്രീയത്തില്‍ ഇടപെടാന്‍ പാടില്ലെന്ന് പറയുകയും ചില പ്രത്യേകവിഭാഗങ്ങളുടെ താല്‍പ്പര്യം സംരക്ഷിക്കാന്‍ നേതൃത്വം നല്‍കുകയും ചെയ്യുന്ന കോണ്‍ഗ്രസിന്‍േറത് മതേതര കാഴ്ചപ്പാടിലെ ധാര്‍മിക അധപതനമാണെന്നും മുഖപ്രസംഗത്തില്‍ കുറ്റപ്പെടുത്തുന്നു.

രണ്ടുസമുദായത്തെ പ്രതിനിധാനം ചെയ്യുന്ന എന്‍.എസ്.എസിനും എസ്.എന്‍.ഡി.പിക്കും വ്യക്തമായ മതേതരകാഴ്ചപ്പാടുണ്ട്. പൊതുനിരീക്ഷണത്തില്‍ നായര്‍സമുദായം വലതുപക്ഷ ചായ്വുള്ളവരാണ്. കോണ്‍ഗ്രസിനോട് മറ്റ് രാഷ്ട്രീയ പ്രസ്ഥാനങ്ങളോടുള്ളതിനെക്കാള്‍ അല്‍പ്പം അടുപ്പം കൂടുതലാണ്.

എന്‍.എസ്.എസ് എവിടെപോകാന്‍ എന്ന നിലപാടിലാണ് കോണ്‍ഗ്രസ്. സമുദായത്തില്‍പെട്ട പല കോണ്‍ഗ്രസ് നേതാക്കളും ഈ കണക്കുകൂട്ടലിലാണ്. അവര്‍ക്ക് പാര്‍ട്ടിയില്‍ സമുദായത്തിന്റെ പേരിലുള്ള പരിഗണനയും സ്ഥാനമാനങ്ങളും വേണം. പുറത്ത് അവര്‍ മതേതരവാദികളുമാണ്. കോണ്‍ഗ്രസ് പോഷകസംഘടനകളുടേതായി പുറത്തുവരുന്ന അപശബ്ദങ്ങള്‍ക്ക് കാരണമിതാണ്. ഈ തിരിച്ചറിവ് സമുദായ അംഗങ്ങള്‍ക്ക് ഉണ്ടെന്നകാര്യം ഓര്‍ക്കുന്നത് നന്നായിരിക്കുമെന്നും മുഖപ്രസംഗം വ്യക്തമാക്കുന്നു.

പാമ്പ് കീരിയെ വേളികഴിച്ചതുപോലെയാണ് എന്‍.എസ്.എസ്-എസ്എന്‍.ഡി.പി ഐക്യമെന്ന മഹിളാകോണ്‍ഗ്രസിന്റെ പ്രതികരണം സഹതാപകരമാണ്. കോണ്‍ഗ്രസിന്റെ തലമുതിര്‍ന്ന നേതാക്കള്‍ പങ്കെടുത്തയോഗത്തില്‍ എന്‍.എസ്.എസിനും എസ്.എന്‍.ഡി.പിക്കുമെതിരെ നടത്തിയ പോര്‍വിളികേട്ട് ബന്ധപ്പെട്ടവര്‍ ഞെട്ടുമെന്നാണ് ഇവര്‍ കരുതിയതെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.

Advertisement