എഡിറ്റര്‍
എഡിറ്റര്‍
മൊഴിയിലുറച്ച് സുകുമാരന്‍ നായര്‍; കോണ്‍ഗ്രസുമായി ഇനി ബന്ധമില്ല
എഡിറ്റര്‍
Saturday 2nd February 2013 4:21pm

ചങ്ങനാശ്ശേരി: കോണ്‍ഗ്രസ്സ് ധാരണ അട്ടിമറിച്ചെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍. ചങ്ങനാശ്ശേരിയില്‍ നടക്കുന്ന എന്‍.എസ്.എസ് നേതൃയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവേ ആയിരുന്നു എന്‍.എസ്.എസ് ജനറല്‍സെക്രട്ടറി നിലപാട് വ്യക്തമാക്കിയത്.

Ads By Google

അന്ന് കേന്ദ്രമന്ത്രിയായിരുന്ന വിലാസ് റാവു ദേശ്മുഖും, അന്നത്തെ എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറിയായിരുന്ന നാരായണപണിക്കരും ഞാനും കൂടിയാണ് എന്‍.എസ്.എസ് ആസ്ഥാനത്ത് ചര്‍ച്ച നടത്തിയത്. അന്ന് ചര്‍ച്ച നടത്തിയവരില്‍ ഇപ്പോള്‍ ഞാനും സോണിയാഗാന്ധിയും മാത്രമേ ജീവിച്ചിരിപ്പുള്ളു. സത്യം അവര്‍ പറയട്ടെ എന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

സാമൂഹിക നീതിക്കും സാമുദായിക നീതിക്കും വേണ്ടി എന്‍.എസ്.എസ് സത്യസന്ധമായ വെളിപ്പെടുത്തല്‍ നടത്തിയപ്പോള്‍ അതിനെ കോണ്‍ഗ്രസ്സ് നേതൃത്വം അവഹേളിക്കുകയാണ് ചെയ്തത്. എന്‍.എസ്.എസ് പിന്തുണ നല്‍കിയപ്പോള്‍ മാത്രമേ യു.ഡി.എഫ് കേരളം ഭരിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും എന്‍.എസ്.എസിനേ തേടി ഇങ്ങോട്ട് വന്നതാണ്. ഞങ്ങള്‍ ആരേയും തേടി  അങ്ങോട്ട് പോയില്ല.  ഇപ്പോഴത്തെ സാഹചര്യത്തില്‍  കോണ്‍ഗ്രസ്സുമായി സഹകരിച്ച്  മുന്നോട്ട് പോകാനാകില്ല.

ഇനി ഭൂരിപക്ഷ സമുദായത്തെ ശക്തിപ്പെടുത്തി മുന്നോട്ട് പോകും.ഒരു കക്ഷിയെയും  കൂട്ട് പിടിക്കില്ല. ഒരു ചതി ആര്‍ക്കും പറ്റുമെന്നും ഇനി ആ ചതി ആവര്‍ത്തിക്കുകയില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. ഇതു വരെ കോണ്‍ഗ്രസ്സിനോട് മൃദു സമീപനം ഉണ്ടായിരുന്നു. എനി അത് ഉണ്ടാകില്ല.

എല്ലാ രാഷ്ട്രീയ പാര്‍ട്ടിയോടും ഉള്ള സമീപനം കോണ്‍ഗ്രസ്സിനോടും തുടരും. ഇപ്പോള്‍ കോണ്‍ഗ്രസ്സ് സംസ്ഥാനനേതൃത്വത്തെ വിശ്വസിക്കാന്‍ കൊള്ളില്ല. എന്നാല്‍ ഇപ്പോഴത്തെ സര്‍ക്കാര്‍ തന്നെ തുടരണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.

സൂര്യനെല്ലി കേസിലും എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ നിലപാട് വ്യക്തമാക്കി. ആ കേസില്‍ എന്റെ മൊഴി തെറ്റാണെന്ന് ഇതുവരെ ആരും പറഞ്ഞില്ല. പി.ജെ കുര്യന്‍ കുറ്റവാളിയാണോ, നിരപരാധിയാണോ എന്ന് പറയാന്‍ ഞാന്‍ ആളല്ല. അന്നുകൊടുത്ത മൊഴിയില്‍ ഇന്നും ഉറച്ച് നില്‍ക്കുന്നു.

വെറും ഗുമസ്തനായിരുന്ന സുകുമാരന്‍ നായരെ കാണാന്‍ പി.ജെ. കുര്യന്‍ ചങ്ങനാശേരിയില്‍ പോയി എന്നത് അവിശ്വസനീയമാണെന്ന് വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞതിനെപ്പറ്റി പരാമര്‍ശിച്ച് വി.എസിനേക്കാള്‍ വിദ്യാഭ്യാസയോഗ്യത തനിക്കുണ്ടെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞു. ഗുമസ്തനെന്നത് തരംതാണ പ്രയോഗമാണെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

വിഎസിന്റേത് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുന്ന നിലപാടാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

നായര്‍ വോട്ടുകള്‍ നേടിയല്ല എന്ന് ചെന്നിത്തലക്ക് പറയാനാകുമോ എന്നും അദ്ദേഹം ചോദിച്ചു.

Advertisement