തിരുവനന്തപുരം: അമ്മ-തിലകന്‍ തര്‍ക്കത്തില്‍ ഇടപെട്ട് വിവാദച്ചുഴിയില്‍പ്പെട്ട സുകുമാര്‍ അഴീക്കോടിനെ വിക്കിപീഡിയയില്‍ കഴുതയാക്കി. വിക്കിപീഡിയ എന്‍സൈക്ലോപീഡിയയിലെ അഴീക്കോടിന്റെ പ്രൊഫൈല്‍ സുകുമാര്‍ ‘കഴുതക്കോട്’ എന്നാണ് മാറ്റിയത്. ആര്‍ക്കും എഡിറ്റു ചെയ്യാവുന്ന സംവിധാനമാണ് വിക്കി പീഡിയയെങ്കിലും എഡിറ്റ് ചെയ്തത് ആരെന്ന് കണ്ടെത്താനാകും. ഇന്ന് രാവിലെയാണ് അഴീക്കോടിനെ അവഹേളിക്കുന്ന രീതിയില്‍ പേര് എഡിറ്റ് ചെയ്തത്. എന്നാല്‍ പിന്നീട് ശരിയായ രീതിയില്‍ മാറ്റിയിട്ടുണ്ട്.

തിലകന്‍ വിവാദത്തില്‍ ഇടപെട്ട അഴീക്കോട് മോഹന്‍ലാലിനെതിരെ രംഗത്ത് വന്നതിന് പിന്നീലെയാണ് അഴീക്കോടിന്റെ വിക്കിപീഡിയ പ്രൊഫൈലില്‍ ഈ മാറ്റമുണ്ടായതെന്നത് ശ്രദ്ധേയമാണ്. മോഹന്‍ലാല്‍ സ്വര്‍ണക്കടയുടെ പരസ്യത്തില്‍ അഭിനയിക്കുന്നതിനും പ്രായം കുറഞ്ഞ നായികമാരുടെ കൂടെ അഭിനയിക്കുന്നതിനുമെതിരെ നേരത്തെയും അഴീക്കോട് പ്രസ്താവന നടത്തിയിരുന്നു. തിലകന്‍ വിഷയം പരാമര്‍ശിക്കുന്നതിനിടെ, മോഹന്‍ലാല്‍ മേക്കപ്പില്ലാതെ മധുരപ്പതിനേഴുകാരുടെ കൂടെ അഭിനയിച്ചാല്‍ അവര്‍ ബോധം കെട്ട് വീഴുമെന്ന് അഴീക്കോട് പറഞ്ഞിരുന്നു.

Subscribe Us:

തിലകന്‍ പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ മോഹന്‍ലാല്‍ തന്നെ വിളിച്ചിരുന്നെന്നും ഒരു മേശക്ക് ചുറ്റമിരുന്ന സംസാരിക്കാന്‍ ലാല്‍ സമ്മതിച്ചതായും അഴീക്കോട് പറഞ്ഞിരുന്നു. എന്നാ്ല്‍ മോഹന്‍ലാല്‍ രൂക്ഷമായാണ് ഇതിനോട് പ്രതികരിച്ചത്. അഴീക്കോടിന് മതിഭ്രമമാണെന്നും അദ്ദേഹം പറയുന്നത് അമ്മാവന്‍ പറയുന്ന ഫലിതമായേ കണക്കാക്കുന്നുള്ളൂവെന്നും മോഹന്‍ലാല്‍ പറഞ്ഞു. ഇരുവരും തമ്മില്‍ പരസ്പരം വാദപ്രദിവാദങ്ങള്‍ തുടര്‍ന്ന് കൊണ്ടിരിക്കെയാണ് അഴീക്കോടിന് നേരെ അവിചാരിതമായ രീതിയില്‍ ആക്രമണമുണ്ടായത്.