താരസംഘടനയായ അമ്മ തനിക്കെതിരേ ഫയല്‍ചെയ്ത കേസ് പിന്‍വലിച്ചാല്‍ മോഹന്‍ലാലിനെതിരേ താന്‍ ഫയല്‍ ചെയ്ത ക്രിമിനല്‍ കേസ് പിന്‍വലിക്കുമെന്ന് സുകുമാര്‍ അഴീക്കോട്. ജസ്റ്റിസ് കെടി തോമസ് പറഞ്ഞാലെ ഇക്കാര്യത്തില്‍ തീരുമാനമെടുക്കൂവെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

അമ്മ തനിക്കെതിരെ കേസുമായി രംഗത്തുവന്നപ്പോള്‍ നിയമവിദഗ്ധരുടെ ഉപദേശപ്രകാരമാണ് ലാലിനെതിരെ ക്രിമിനല്‍കേസ് ഫയല്‍ ചെയ്തത്. തനിക്കു മതിഭ്രമമാണെന്ന മോഹന്‍ലാലിന്റെ ആക്ഷേപത്തിനു കോടതിയില്‍നിന്നു ജയില്‍ശിക്ഷ അനുഭവിക്കേണ്ടിവരും. അമ്മ നല്‍കിയ കേസിനെക്കാല്‍ 50 മടങ്ങ് ശക്തിയുള്ളതാണ് താന്‍ നല്‍കിയ കേസ്. അമ്മ തനിയ്ക്കതിരെ കൊടുത്ത കേസ് ഫയലില്‍ സ്വീകരിച്ചിട്ടില്ലെന്നും അഴീക്കോട് വ്യക്തമാക്കി.

തനിക്ക് കലാകാരന്‍മാരെ ദ്രോഹിക്കാന്‍ താല്‍പര്യമില്ല. അതിനാലാണ് ഇപ്പോള്‍ ഇങ്ങനെയൊരു ഒത്തതീര്‍പ്പിന് സ്വമേധയാ തയ്യാറാവുന്നതെന്നും അദ്ദേഹം പറഞ്ഞു..

അതേസമയം, അമ്മയുടെ യോഗത്തില്‍ ചര്‍ച്ച ചെയ്തശേഷമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കഴിയൂ എന്ന് അമ്മ പ്രസിഡന്റ് ഇന്നസെന്റ് അറിയിച്ചിട്ടുണ്ട്. അമ്മയുടെ ഭാരവാഹികള്‍ക്കെതിരേ മോശമായ പരാമര്‍ശം നടത്തിയതിനാണ് അഴീക്കോടിനെതിരേ കേസ് നല്കിയത്. ഇതിനു തെളിവായി ഓഡിയോ, വീഡിയോ കാസറ്റ് തങ്ങളുടെ പക്കലുണ്ട്. വഴക്കും കേസുമായി നടക്കാന്‍ ആര്‍ക്കും താല്‍പര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി