സാഗര ഗര്‍ജനം നിലച്ചു
Video News story
സാഗര ഗര്‍ജനം നിലച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 26th January 2012, 8:00 pm

ഴിഞ്ഞ ആറുപതിറ്റാണ്ടുകളായി എഴുത്തുകാരനായും പ്രഭാഷകനായും സാമൂഹ്യ വിമര്‍ശകനായും അധ്യാപകനായും പത്രപ്രവര്‍ത്തകനായും കേരളത്തിന്റെ സാസ്‌കാരിക സാമൂഹിക മണ്ഡലത്തില്‍ നിറഞ്ഞു നിന്ന അഴീക്കോട് മാഷ് ഓര്‍മ്മായിരിക്കുകയാണ്. കുട്ടികൃഷ്ണമാരാര്‍ക്കും ജോസഫ് മുണ്ടശ്ശേരിക്കും ശേഷം മലയാളത്തില്‍ ഉണ്ടായിട്ടുള്ള ഏറ്റവും മികച്ച സാഹിത്യ നിരൂപകനും പ്രഭാഷകനുമായിരുന്നു അദ്ദേഹം.

ആരുമായും വഴക്കിടാന്‍ മടിയില്ലാത്തയാള്‍, മുന്‍ശുണ്ഠിക്കാരന്‍, എന്നാല്‍ ദേഷ്യം മഞ്ഞു പോലെ അലിച്ചു കളയുന്നയാള്‍, ദേഷ്യപ്പെടാനും ശാസിക്കാനും സ്‌നേഹിക്കാനും അറിയുന്ന ആള്‍….. അഴീക്കോടിനെ അറിയുന്നവരുടെ വിശേഷണങ്ങള്‍ തീരില്ല. കേരളത്തില്‍ ഏറ്റവും കൂടുതല്‍ സഞ്ചരിച്ചത് അഴീക്കോടിന്റെ കാറായിരിക്കും എന്ന് മലയാളി തമാശക്ക് പറയാറുണ്ട്. ആയിരക്കണക്കിനെ വേദികളാണ് അഴീക്കോടിന്റെ സാഗര ഗര്‍ജനത്തില്‍ വിറച്ചത്.

1926 മെയ് 12ന് കണ്ണൂര്‍ ജില്ലയിലെ പനങ്കാവില്‍ ദാമോദരന്റെയും കോളോത്ത് തട്ടാരത്ത് മാധവിയമ്മയുടെയും മകനായിട്ടായിരുന്നു ജനനം. “രണ്ടു സഹോദരിമാര്‍ വിവാഹിതരാകാതെ നില്‍ക്കുമ്പോള്‍ നീ വിവാഹം കഴിക്കുന്നത് ശരിയാണോ” എന്ന അമ്മയുടെ ചോദ്യമാണ് അഴീക്കോടിനെ വിവാഹത്തില്‍ നിന്നും പിന്തിരിപ്പിച്ചത്. അഴീക്കോടും കാമുകി വിലാസിനി ടീച്ചറും ജീവിതം മുഴുവനും അവിവാഹിതരാണ്. “അഴീക്കോടിന്റെ കാമുകി” എന്ന വിലാസിനി ടീച്ചറുടെ ആത്മകഥ പുറത്തിറങ്ങാനിരിക്കുകയാണ്.

Malayalam News
Kerala News in English