തൃശ്ശൂര്‍: അഴീക്കോടും മോഹന്‍ലാലും തമ്മിലുള്ള കേസ് ഒത്തുതീര്‍ന്നു. കേസ് ഒത്തുതീര്‍ക്കുന്നതിനായി അഴീക്കോടിന്റെ അഭിഭാഷക തിങ്കളാഴ്ച ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹരജി നല്‍കും.

അമല ആശുപത്രിയില്‍ അഴീക്കോട് ചികിത്സയിലാണെന്ന വിവരം അദ്ദേഹത്തിന്റെ അഭിഭാഷക ലീന ജയസൂര്യന്‍, മോഹന്‍ലാലിന്റെ അഭിഭാഷകന്‍ കെ.ആര്‍. രാധാകൃഷ്ണന്‍ നായരെ അറിയിക്കുകയുണ്ടായി. ഇക്കാര്യം ദുബായിലുള്ള മോഹന്‍ലാലിനെ അഭിഭാഷകന്‍ ഫോണിലൂടെ അറിയിച്ചു. തുടര്‍ന്ന് മോഹന്‍ലാല്‍ അഭിഭാഷകനോട് അഴീക്കോടിനെ നേരില്‍ കാണാന്‍ നിര്‍ദേശിക്കുകയായിരുന്നു.

Subscribe Us:

അമല ആശുപത്രിയിലെത്തിയ അഭിഭാഷകന്റെ ഫോണിലൂടെ മോഹന്‍ലാല്‍ അഴീക്കോടുമായി ഏറെ നേരം സംസാരിച്ചു. തിരുവനന്തപുരത്തുനിന്ന് മോഹന്‍ലാലിന്റെ അമ്മ ശാന്തകുമാരിയും ഫോണിലൂടെ അഴീക്കോടിന്റെ രോഗവിവരം അന്വേഷിച്ചു.

മോഹന്‍ലാലും അമ്മയും ക്ഷേമവിവരവും രോഗവിവരവും ആരാഞ്ഞപ്പോള്‍ അസുഖം പാതി ഭേദമായതായി അഴീക്കോട് അടുത്തുള്ളവരോട് പറഞ്ഞു. തുടര്‍ന്ന് കേസ് പിന്‍വലിക്കുവാന്‍ അദ്ദേഹം അഭിഭാഷകരോട് ആവശ്യപ്പെടുകയായിരുന്നു. അഭിഭാഷക കൊണ്ടുവന്ന പരാതിയില്‍ ഇരു അഭിഭാഷകരുടെയും സാന്നിധ്യത്തില്‍ അഴീക്കോട് ഒപ്പുവെച്ചു.

മോഹന്‍ലാല്‍ ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സുകുമാര്‍ അഴീക്കോടിനെക്കുറിച്ച് നടത്തിയ പരാമര്‍ശമാണ് കേസിനാസ്പദമായത്. തൃശ്ശൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കഴിഞ്ഞ ജനുവരിയിലാണ് അഴീക്കോട് മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്.

Malayalam News
Kerala News in English