സുക്മ: സംഘര്‍ഷമേഖലകളില്‍ ആദിവാസി സ്ത്രീകള്‍ക്കെതിരായ സുരക്ഷാ സേനയുടെ ലൈംഗിക അതിക്രമങ്ങളോടുള്ള പ്രതികാരമാണ് സുക്മയില്‍ സി.ആര്‍.പി.എഫ് ജവാന്മാര്‍ക്കെതിരെ നടന്ന ആക്രമണമെന്ന് മാവോയിസ്റ്റുകള്‍. മാവോയിസ്റ്റ് ദന്ദ് കര്‍ണ്യ സ്‌പെഷല്‍ സോണ്‍ കമ്മറ്റിയാണ് ഇക്കാര്യം അറിയിച്ചത്.

ഛത്തീസ്ഗഢിലെ സുക്മ ജില്ലയില്‍ നടന്ന മാവോയിസ്റ്റ് ആക്രമണത്തില്‍ 37 സി.ആര്‍.പി.എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടിരുന്നു.


Must Read: ‘അല്പമെങ്കിലും നാണമുണ്ടെങ്കില്‍ ആദരവ് അര്‍പ്പിക്കാനെന്നും പറഞ്ഞ് പട്ടാളക്കാരുടെ മൃതദേഹത്തിനടുത്ത് വരരുത്’ രാജ്‌നാഥ് സിങ്ങിനോട് സി.ആര്‍.പി.എഫ് ജവാന്‍


‘സര്‍ക്കാറിന്റെ മിഷന്‍ 2017നും വ്യാജ (മാവോയിസ്റ്റ്) കീഴടങ്ങല്‍ കാമ്പെയ്‌നുമുള്ള ഉത്തരം നല്‍കാനാണ് സുരക്ഷാ സേനയ്ക്കുനേരെ ഏപ്രില്‍ 24ന് മാവോയിസ്റ്റിന്റെ സൈനിക വ്യൂഹമായ പീപ്പിള്‍സ് ലിബറേഷന്‍ ഗറില്ല ആര്‍മി ആക്രമണം നടത്തിയത്. ഇതിന് പി.എല്‍.ജി.എയും അതിന്റെ നേതൃത്വത്തെയും പൊരാളികളെയും ശക്തമായ പിന്തുണ നല്‍കിയ ദന്ദ് കര്‍ണ്യയിലെ ജനങ്ങള്‍ക്കും അഭിനന്ദനം അറിയിക്കുന്നു. ഈ ആക്രമണം ബെജി ആക്രമണത്തിന്റെ തുടക്കം മാത്രമാണ് (2017 മാര്‍ച്ചില്‍ സി.ആര്‍.പി.എഫിനുനേരെ നടന്നത്) ജനവിരുദ്ധ, പിന്തിരിപ്പന്‍ നയങ്ങളോടുള്ള പ്രതികാരമാണ് ഈ ആക്രമണങ്ങള്‍. ‘ ദന്ദ് കര്‍ണ്യ സ്‌പെഷല്‍ സോണ്‍ കമ്മറ്റി വക്താവ് വികലാപ് ഓഡിയോ ക്ലിപ്പില്‍ പറയുന്നതായി ദ ഹിന്ദു റിപ്പോര്‍ട്ടു ചെയ്യുന്നു.

‘സംഘര്‍ഷമേഖലയില്‍ ആദിവാസി യുവതികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരെ സുരക്ഷാ സേന നടത്തുന്ന ലൈംഗിക അതിക്രമങ്ങള്‍ക്കുള്ള പ്രതികാരമായി ഈ ആക്രമണങ്ങളെ കാണാം. ഏത് പരിഷ്‌കൃത സമൂഹത്തിലും കറയായി കാണുന്ന എണ്ണമറ്റ ലൈംഗിക അതിക്രമങ്ങള്‍ക്കുള്ള മറുപടി കൂടിയാണിത്. ബെജി, സുക്മ ആക്രമണങ്ങള്‍ ആദിവാസി യുവതികളുടെ അന്തസ്സിനും അഭിമാനത്തിനും വേണ്ടിയുള്ളതാണ്. സുരക്ഷാ സേനയില്‍ നിന്നും സംഘര്‍ഷ മേഖലയിലെ സ്ത്രീകള്‍ നേരിടേണ്ടിവരുന്ന മനുഷ്യത്വ രഹിതമായ അതിക്രമങ്ങളില്‍ നിന്നും അവരെ മോചിപ്പിക്കുകയെന്ന ലക്ഷ്യമിട്ടാണ് ഈ ആക്രമണം നടത്തിയത്.’ വികലാപ് പറയുന്നു.

ജനാധിപത്യവിരുദ്ധ, ഫാസിസ്റ്റ് അന്തരീക്ഷം സൃഷ്ടിക്കാനുള്ള കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ ശ്രമങ്ങള്‍ക്കുള്ള മറുപടി കൂടിയാണ് ഈ ആക്രമണങ്ങളെന്നും അദ്ദേഹം പറയുന്നു.

‘ദളിത്, ആദിവാസി, ന്യൂനപക്ഷ ചൂഷണത്തിനും അവരുടെ സംസ്‌കാരത്തിനും ജീവിതരീതിക്കും എതിരെയുള്ള ബ്രാഹ്മണിക്, ഹിന്ദുത്വ, ഫാഷിസ്റ്റ്, സംഘി, ബി.ജെ.പി സര്‍ക്കാര്‍ ആക്രമങ്ങള്‍ക്കും എതിരാണിത്. മാധ്യമപ്രവര്‍ത്തകരും, ഛത്തീസ്ഗഢിലെ ജനതയ്‌ക്കൊപ്പം നില്‍ക്കുന്നവരും, മനുഷ്യാവകാശ പ്രവര്‍ത്തകരും, ഈ ആക്രമണങ്ങളെ ശരിയായ രീതിയില്‍ നോക്കികാണുകയും മനസിലാക്കുകയും ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.’ എന്നും അദ്ദേഹം പറയുന്നു.

‘ഞങ്ങള്‍ അക്രമണോത്സുകരല്ല. എന്നാല്‍ ഫ്യൂഡല്‍ ശക്തികളുടെയും ദേശീയ അന്തര്‍ദേശീയ കോര്‍പ്പറേറ്റുകളുടെയും അവരെ പിന്തുണയ്ക്കുന്ന സര്‍ക്കാരുകളുടെയും ചൂഷണത്തിന് ഇരയാവുന്ന ജനങ്ങളെ പിന്തുണയ്ക്കാനും ഇതിനെതിരെ പ്രതികരിക്കാനും ഹിംസയുടെ വഴിതേടേണ്ടിവരികയാണ്.’ അദ്ദേഹം വ്യക്തമാക്കി.