എഡിറ്റര്‍
എഡിറ്റര്‍
സുഖോയ് 30 വിമാനത്തിലെ മലയാളി പൈലറ്റിന്റെ മൃതദേഹം കണ്ടെത്തി
എഡിറ്റര്‍
Tuesday 30th May 2017 9:05am

ഗുവാഹത്തി: പരിശീലന പറക്കലിനിടെ തകര്‍ന്നു വീണ സുഖോയ് 30 വിമാനത്തിലെ മലയാളി പൈലറ്റിന്റെ മൃതദേഹം കണ്ടെത്തി. പന്തീരാങ്കാവ് പന്നിയൂര്‍കുളം മേലെ താന്നിക്കാട്ട് അച്ചുദേവിന്റെ (25) മൃതദേഹം കണ്ടെത്തിയതായാണ് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്.

തിങ്കളാഴ്ച നടത്തിയ തിരച്ചിലിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. ഒരാഴ്ച മുന്‍പ് കാണാതായ സുഖോയ് യുദ്ധവിമാനത്തിനായുള്ള തിരച്ചില്‍ നിര്‍ത്താന്‍ സൈന്യം തീരുമാനിച്ചിരുന്നു.


Dont Miss ബീഫ് നിരോധിക്കുകയല്ല നല്ല ബീഫ് കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുകയാണ് വേണ്ടത്; ബി.ജെ.പി നേതാവ് 


എന്നാല്‍ തിരച്ചില്‍ നിര്‍ത്തരുതെന്നും മകനെ കണ്ടെത്തും വരെ തിരച്ചില്‍ തുടരണമെന്നും മലയാളി പൈലറ്റ് അച്ചുത് ദേവിന്റെ മാതാപിതാക്കള്‍ വ്യേമസേനാ അധികൃതരോട് അഭ്യര്‍ത്ഥിച്ചിരുന്നു.

കഴിഞ്ഞ ചൊവ്വാഴ്ച ചൈനീസ് അതിര്‍ത്തിയിലെ തേസ്പൂരില്‍ വച്ചാണ് വിമാനം കാണാതായത്. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ വിമാനത്തിന്റെ ചില അവശിഷ്ടങ്ങളും ബ്ലാക്ക് ബോക്സും അരുണാചല്‍ അതിര്‍ത്തിയിലെ സിഫാ താഴ്വരയില്‍ നിന്ന് കണ്ടെത്തിയിരുന്നു.

അപകട വിവരമറിഞ്ഞ അച്ചുദേവിന്റെ പിതാവ് സഹദേവനും മാതാവ് ജയശ്രീയും തേസ്പൂര്‍ സൈനിക ക്യാമ്പിലേക്ക് പോയിരുന്നു. ഇവരാണ് മൃതദേഹം കിട്ടിയതായി ബന്ധുക്കളെ അറിയിച്ചത്. എന്നാല്‍, ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. മാധ്യമം ദിനപത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

കഴിഞ്ഞ ചൊവ്വാഴ്ച തേസ്പൂരിലെ വ്യോമത്താവളത്തില്‍നിന്ന് പരിശീലനപ്പറക്കല്‍ നടത്തുകയായിരുന്ന റഷ്യന്‍ നിര്‍മിത സുഖോയ് വിമാനം അസം-അരുണാചല്‍ അതിര്‍ത്തിയിലെ കൊടുംവനത്തില്‍ തകര്‍ന്നു വീഴുകയായിരുന്നു.

വിമാനത്തിന്റെ അവശിഷ്ടങ്ങളും ബ്ലാക്ക് ബോക്സും കഴിഞ്ഞ ദിവസമാണ് കണ്ടെത്താനായത്. ചെങ്കുത്തായ മലയില്‍ നാലു ദിവസത്തിനു ശേഷമാണ് സൈന്യത്തിന് എത്തിപ്പെടാന്‍ കഴിഞ്ഞത്.

വിമാനം കത്തിയമരുകയായിരുന്നുവെന്നും ഇജക്ഷന്‍ നടത്തി പൈലറ്റുമാര്‍ രക്ഷപ്പെട്ടിട്ടില്ലെന്നുമാണ് വ്യോമ സേനാ അധികൃതര്‍ മാതാപിതാക്കളെ ഇന്നലെ അറിയിച്ചത്.

സഹപൈലറ്റിന്റെ രക്തംപുരണ്ട ഒരു ഷൂസും അച്ചുദേവിന്റെ പഴ്സും ലഭിച്ചിട്ടുണ്ടെന്നും സൈന്യം കുടുംബത്തെ അറിയിച്ചു. എന്നാല്‍ ഹെല്‍മറ്റ് ഉള്‍പ്പെടെയുള്ളവ പൂര്‍ണമായും കത്തിയമര്‍ന്നുവെന്നും ഷൂസും പഴ്സും ലഭിച്ചുവെന്നതും തമ്മില്‍ പൊരുത്തപ്പെടുന്നില്ലെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു.

ഇന്ത്യന്‍ വ്യോമസേനയുടെ ഏഴ് സുഖോയ് വിമാനങ്ങളാണ് ഇതുവരെ അപകടത്തില്‍ തകര്‍ന്നത്. സമീപകാലത്ത് അസമിലെ നൗഗാവിലും രാജസ്ഥാനിലും നടന്ന അപകടത്തില്‍ പൈലറ്റുമാര്‍ ഇജക്ഷന്‍ നടത്തി പാരച്യൂട്ടില്‍ രക്ഷപ്പെട്ടിരുന്നു. സംഭവത്തില്‍ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

Advertisement