Categories

ആത്മഹത്യയും ധീരമായ ചുവടുവെയ്പ്പാണ്; നോട്ടു നിരോധനത്തിനെതിരെ ആഞ്ഞടിച്ച് അരുണ്‍ ഷൂരി

 

ന്യൂദല്‍ഹി: മോദി മന്ത്രിസഭയുടെ സാമ്പത്തിക നയങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ കേന്ദ്ര മന്ത്രിയും ബി.ജെ.പി നേതാവുമായ അരുണ്‍ ഷൂരി. നോട്ടു നിരോധനത്തെ ധീരമായ ചുവടുവെയ്‌പ്പെന്ന് ബി.ജെ.പി കേന്ദ്രങ്ങള്‍ വിശേഷിക്കുമ്പോള്‍ ആത്മഹത്യയും ധീരമായ ചുവടുവെപ്പ് തന്നെയാണെന്നായിരുന്നു ഷൂരിയുടെ വിമര്‍ശനം.


Also Read:  ഒരു പാദത്തിലെ വളര്‍ച്ചാനിരക്ക് താഴുന്നത് വലിയകാര്യമല്ല; ഇത് ആദ്യമായല്ല വളര്‍ച്ചാ നിരക്ക് കുറയുന്നതെന്നും മോദി


ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് കുറഞ്ഞതിനെയും തൊഴിലവസരങ്ങള്‍ ഇല്ലാതായതിനെയും കുറിച്ച് എന്‍.ഡി.ടി.വിയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കവേയാണ് മുന്‍ ബി.ജെ.പി കേന്ദ്ര മന്ത്രിയും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ അരുണ്‍ ഷൂരിയുടെ വിമര്‍ശനം.

ഈ സര്‍ക്കാര്‍ വെളിപാടിന്റെ പുറകേ പോകുന്ന സര്‍ക്കാരാണെന്നും ഷൂരി പറഞ്ഞു. ‘പ്രധാനമന്ത്രിക്ക് ഒരു ദിവസം രാത്രി വെളിപാടുണ്ടായി നോട്ടു നിരോധിക്കണമെന്ന്. അദ്ദേഹമത് ചെയ്തു. ഏതൊരര്‍ത്ഥത്തിലും അത് ധീരമായ ചുവടുവെയ്പ്പ് തന്നെയാണ്. ഞാനൊരു കാര്യം കൂടി ഓര്‍മ്മിപ്പിക്കാം ആത്മഹത്യയും ധീരമായ ചുവടുവെയ്പ്പ് തന്നെയാണ്.’ അദ്ദേഹം പറഞ്ഞു.

കള്ളപ്പണം വെളുപ്പിക്കാനുള്ള ചരിത്രത്തിലെ ഏറ്റവും വലിയ പദ്ധതിയായിരുന്നു നോട്ടു നിരോധനമെന്നും ഷൂരി പറഞ്ഞു. ‘കള്ളപ്പണം വെളുപ്പിക്കാനുള്ള ചരിത്രത്തിലെ ഏറ്റവും വലിയ പദ്ധതിയായിരുന്നു ഇത്. പൂര്‍ണ്ണമായും കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കിയത് ബുദ്ധിശൂന്യമായ എടുത്തുചാടല്‍ മാത്രമായിരുന്നു അത്. എല്ലാവരും കള്ളപ്പണം വെളുപ്പിക്കാനായി ഉപയോഗിച്ചു’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Dont Miss: ‘ജയ് ജയ് സി.പി.ഐ.എം’; ബി.ജെ.പിയുടെ ജനരക്ഷായാത്രയില്‍ സി.പി.ഐ.എമ്മിനും ജയ് വിളി; കൂലിക്കാളെയെടുത്തവര്‍ക്ക് പണികിട്ടിയെന്ന് സോഷ്യല്‍മീഡിയ


99 ശതമാനം കള്ളപ്പണവും തിരിച്ചെത്തിയതായി ആര്‍.ബി.ഐ തന്നെ പ്രഖ്യാപിച്ചെന്നും അത് കള്ളപ്പണം നശിപ്പിക്കാന്‍ സാധിച്ചില്ലെന്നതിന്റെ തെളിവാണെന്നും പറഞ്ഞ ഷൂരി ജി.എസ്.ടി സമ്പ്രദായത്തെയും കടന്നാക്രമിച്ചു. വളരെ പ്രധാനപ്പെട്ടൊരു പരിഷ്‌കാരം ഏറ്റവും മോശമായ രീതിയില്‍ നടപ്പിലാക്കുകയായിരുന്നെന്നായിരുന്നു ഷൂരിയുടെ വിമര്‍ശനം.

മൂന്ന് മാസത്തിനിടയില്‍ ഏഴ് തവണയാണ് നിയമങ്ങള്‍ മാറ്റിയതെന്നും ജി.എസ്.ടിയെക്കുറിച്ച് അദ്ദേഹം ചൂണ്ടിക്കാട്ടി. നേരത്തെ ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്ലിക്കെതിരെയും സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങള്‍ക്കെതിരെയും മുതിര്‍ന്ന ബി.ജെ.പി നേതാവും മുന്‍ ധനകാര്യ മന്ത്രിയുമായ യശ്വന്ത് സിന്‍ഹ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് അരുണ്‍ ഷൂരിയുടെയും വിമര്‍ശനം.