ന്യൂദല്‍ഹി: പാര്‍ലിമെന്റിന് മുന്നില്‍ മലയാളി ആത്മഹത്യക്ക് ശ്രമിച്ചു. മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ഇളയച്ഛന്‍ കോഴിക്കോട് സ്വദേശി മോഹനനാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ മോഹനനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുംബൈ ഭീകരാക്രമണക്കേസിലെ പ്രതികളെ ശിക്ഷിച്ചില്ലെന്ന് പരാതിപ്പെട്ടാണ് ആത്മഹത്യാ ശ്രമം.

വൈകീട്ട് ആറ് മണിയോടെയാണ് സംഭവമുണ്ടായത്. പാര്‍ലിമെന്റിനും പ്രധാനമന്ത്രിയുടെ ഓഫിനും മീറ്ററുകള്‍ മാത്രം അകലെയാണിത്. സംഭവ സമയം നിരവധി മാധ്യമപ്രവര്‍ത്തകരും സ്ഥലത്തുണ്ടായിരുന്നു. മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് നീതി ലഭിച്ചില്ലെന്നും അതിനാല്‍ ഞാന്‍ മരിക്കുകയാണെന്നും വിളിച്ചു പറഞ്ഞുകൊണ്ട് ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീക്കൊളുത്തുകയായിരുന്നു. ഓടിക്കൂടിയ മാധ്യമപ്രവര്‍ത്തകരാണ് ആദ്യ രക്ഷാപ്രവര്‍ത്തനം നടത്തിയത്.

ശരീരത്തില്‍ 70 ശതമാനം പൊള്ളലേറ്റ അദ്ദേഹം ഇപ്പോള്‍ സഫ്ദര്‍ജംഗ് ആശുപത്രിയില്‍ ചികിത്സയിലാണ്.