തിരുവനന്തപ്പുരം: മത്സ്യബന്ധന ബോട്ടില്‍ കപ്പലിടിച്ച് രണ്ടുപേര്‍ മരിച്ച സംഭവത്തിന് ഇടയാക്കിയെന്ന് സംശയിക്കപ്പെടുന്ന എം.വി പ്രഭുദയ ചരക്കു കപ്പലിലെ സെക്കന്‍ഡ് ഓഫീസര്‍ ആത്മഹത്യക്ക് ശ്രമിച്ചു. പ്രഭുദയ കപ്പല്‍ മത്സ്യബന്ധന ബോട്ടില്‍ ഇടിച്ച സമയത്ത് നിരീക്ഷണ ചുമതല ഉണ്ടായിരുന്ന ഓഫീസറാണ് ഇയാള്‍ എന്നാണ് കരുതപ്പെടുന്നത്. കപ്പലില്‍നിന്ന് പുറത്തേക്കുചാടിയ ഇയാളെ ശ്രീലങ്കന്‍ മുക്കുവര്‍ രക്ഷപ്പെടുത്തുകയായിരുന്നു.

സെക്കന്‍ഡ് ഓഫീസറുടെ ആത്മഹത്യ വാര്‍ത്ത വന്നതോടെ ബോട്ടില്‍ ഇടിച്ചത് പ്രഭുദയ തന്നെയാണെന്ന സംശയം ബലപ്പെട്ടിരിക്കുകയാണ്. ബോട്ടില്‍ ഇടിച്ചത് പ്രഭുദയ തന്നെയാണോ എന്ന സംശയത്തിന്റെ പേരിലാണ് കപ്പലിനോട് ചെന്നൈ തുറമുഖത്തെത്താന്‍ ആവശ്യപ്പെട്ടത്. ഇതേത്തുടര്‍ന്നുണ്ടായ മാനസിക സമ്മര്‍ദത്തിലായിരിക്കാം ഇയാള്‍ ആത്മഹത്യക്ക് ശ്രമിച്ചതെന്നാണ് കരുതപ്പെടുന്നത്.

കപ്പലില്‍ നിന്ന് ഒരാളെ കാണാതായെന്നും ഇയാള്‍ക്കായി തിരച്ചില്‍ നടത്തിയതിനാലാണ് കപ്പല്‍ ചെന്നൈയിലെത്താന്‍ വൈകിയതെന്നും കമ്പനി വ്യക്തമാക്കി.

അതേസമയം, സംഭവത്തില്‍ എം.വി പ്രഭുദയ ചരക്കു കപ്പലിലെ ജീവനക്കാരെ മര്‍ക്കന്റൈല്‍ മറൈന്‍ വകുപ്പിലെ (എം.എം.ഡി) ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യും. കൊച്ചിയിലെയും ചെന്നൈയിലെയും എം.എം.ഡി.യുടെ  ഓഫീസര്‍മാരാണ് അന്വേഷണത്തിനും ചോദ്യംചെയ്യലിനും നേതൃത്വം നല്‍കുക. പ്രഭുദയയിലെ വോയേജ് ഡാറ്റ റെക്കോര്‍ഡര്‍, ഗ്ലോബല്‍ പൊസിഷനിങ് സംവിധാനം, ഓട്ടോമാറ്റിക് ഐഡന്റിഫിക്കേഷന്‍ സംവിധാനം എന്നിവ എം.എം.ഡി സംഘം പരിശോധിക്കും.

ആലപ്പുഴ അന്ധകാരനഴി മനക്കോടം ഭാഗത്ത് കടലില്‍ ‘ഡോണ്‍ വണ്‍’ എന്ന മത്സ്യബന്ധന ബോട്ടാണ് തകര്‍ന്നത്. നീണ്ടകര ഭാഗത്തുനിന്ന് മത്സ്യബന്ധനത്തിന് പോയ ജെസ്റ്റിന്‍, സേവ്യര്‍ എന്നിവര്‍ മരിക്കുകയും ബര്‍ണാഡ്, കഌറ്റസ്, സന്തോഷ് എന്നിവരെ കാണാതാവുകയും ചെയ്തിരുന്നു.