ശ്രീനഗര്‍: ശ്രീനഗര്‍ വിമാനത്താവളത്തിനു സമീപമുള്ള ബി.എസ്.എഫ് ക്യാംപിന് നേരെ ചാവേറാക്രമണം. മൂന്നു ജവാന്മാര്‍ക്ക് പരുക്കേറ്റു. ഒരു ഭീകരനെ സൈന്യം വധിച്ചു.

പുലര്‍ച്ചെ നാല് മണിയോടെ നാലു ഭീകരരാണ് ക്യാംപിലേക്ക് ഇരച്ചുകയറിയത്. തുടര്‍ന്ന് സൈന്യവും ഭീകരരും തമ്മില്‍ ആക്രമണം ആരംഭിക്കുകയായിരുന്നു. ശക്തമായ വെടിവയ്പ്പും സ്‌ഫോടന ശബ്ദങ്ങളും മണിക്കൂറോളം നീണ്ടുനിന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.


Dont Miss കോണ്‍ഗ്രസുമായി രാഷ്ട്രീയ ബന്ധം വേണ്ടെന്ന് സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ


ക്യാംപിലെ ഒരു കെട്ടിടത്തില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന നിഗമനത്തില്‍ പരിശോധന തുടരുകയാണ്. ഭീകരര്‍ ഒളിഞ്ഞിരിക്കുന്ന സ്ഥലം കണ്ടെത്തുന്നതിനായി ഹെലിക്കോപ്റ്ററിലും നിരീക്ഷണം നടത്തുന്നുണ്ട്.

ചാവേറാക്രമണത്തെ തുടര്‍ന്ന് ശ്രീനഗര്‍ വിമാനത്താവളം താല്‍ക്കാലികമായി അടച്ചിട്ടുണ്ട്. സമീപ പ്രദേശങ്ങള്‍ ഒഴിപ്പിച്ചു. വിമാനത്താവളത്തിലേക്കുള്ള റോഡുകള്‍ അടച്ചു. ചില വിമാന സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്.

ശ്രീനഗര്‍ സിവില്‍ ആന്‍ഡ് ടെക്‌നിക്കല്‍ വിമാനത്താവളത്തിനു സമീപമാണ് ബിഎസ്എഫിന്റെ 182 ബറ്റാലിയന്‍ സ്ഥിതി ചെയ്യുന്നത്. ഇവിടെ തന്നെയാണ് ബി.എസ്.എഫിന്റേയും സി.ആര്‍.പി.എഫിന്റേയും പരിശീലന കേന്ദ്രവും.
ജമ്മു കശ്മീരിലെ സ്ഥിതിഗതില്‍ വിലയിരുത്തുന്നതിനായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് ഉന്നതതലയോഗം വിളിച്ചിട്ടുണ്ട്. രാവിലെ 10.30നാണ് യോഗം. ഭീകരാക്രമണത്തിനു പിന്നാലെ മെട്രോകളില്‍ അതീവജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു.