വാഷിങ്ടണ്‍: മ്യാന്‍മര്‍ ജനാധിപത്യ നേതാവ് ഓങ് സാന്‍ സ്യൂചിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന് തുടക്കമായി. 2010ല്‍ വീട്ടുതടങ്കലില്‍ നിന്ന് മോചിതയായതിന് ശേഷം ആദ്യമായാണ് അവര്‍ അമേരിക്ക സന്ദര്‍ശിക്കുന്നത്. ഇന്ന് രാവിലെ അവര്‍ അമേരിക്കയിലെത്തി.

Ads By Google

17 ദിവസം നീണ്ടുനില്‍ക്കുന്ന ചരിത്രപ്രാധാന്യമായ സന്ദര്‍ശനമാണ് സ്യൂചി നടത്തുന്നത്. അമേരിക്കന്‍ കോണ്‍ഗ്രസിന്റെ ഉയര്‍ന്ന അവാര്‍ഡായ ദി കോണ്‍ഗ്രഷെണല്‍ ഗോള്‍ഡ് മെഡല്‍ ഈ സന്ദര്‍ശനത്തില്‍ സ്യൂചിക്ക്‌ നല്‍കും.

നാളെയാണ് അവാര്‍ഡ് ദാനം. ഈയാഴ്ച അവസാനം ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണിനെയും സ്യൂചി സന്ദര്‍ശിക്കും. അമേരിക്കന്‍ സ്‌റ്റേറ്റ് സെക്രട്ടറി ഹിലറി ക്ലിന്റനെ നാളെയാണ് സ്യൂചി സന്ദര്‍ശിക്കുക.

നാലു ദിവസം വാഷിങ്ടണിലുണ്ടാകുന്ന സ്യൂചി 21ന് ന്യൂയോര്‍ക്കിലേക്ക് പോകും. അറ്റ്‌ലാന്റിക് കൗണ്‍സിലിന്റെ ഗ്ലോബല്‍ സിറ്റിസണ്‍ അവാര്‍ഡ് അതേ ദിവസം ന്യൂയോര്‍ക്കില്‍ വെച്ച് സ്യൂചിക്ക് നല്‍കും.