തിരുവനന്തപുരം: മന്ത്രി കെ.ബി ഗണേഷ്‌കുമാറിന്റെ പ്രസംഗത്തില്‍ പ്രതിഷേധിച്ച് കവയത്രി സുഗതകുമാരി വേദിയില്‍ നിന്നും ഇറങ്ങിപ്പോയി.
പരിസ്ഥിതിദിനാചരണത്തോട് അനുബന്ധിച്ച് തിരുവനന്തപുരത്ത് നടന്ന ഹരിത കേരളം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടന വേദിയില്‍ നിന്നാണ് സുഗതകുമാരി ഇറങ്ങിപ്പോയത്.

സുഗതകുമാരിയെപ്പോലുള്ളവര്‍ക്ക് പിന്നില്‍ കപട പരിസ്ഥിതി വാദികളാണെന്നും ഇത്തരക്കാരുടെ മുഖംമൂടി വലിച്ചു കീറണമെന്നും ഗണേഷ്‌കുമാര്‍ പ്രസംഗിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് സുഗതകുമാരി വേദിവിട്ടത്. വേദിയില്‍ പ്രസംഗിക്കാന്‍ പോലും നില്‍ക്കാതെയാണ് സുഗതകുമാരി വേദിയില്‍ നിന്നും പോയത്.

‘പരിസ്ഥിതി സ്‌നേഹിയായ സുഗതകുമാരി പ്രകൃതിയെക്കുറിച്ച് കവിത രചിക്കുകയും പാടുകയും പ്രക്ഷോഭം നയിക്കുകയും ചെയ്യുന്നു. എന്നാല്‍ ഇവര്‍ക്ക് പിന്നിലുള്ളവരുടെ കപട മുഖം തിരിച്ചറിയേണ്ടതുണ്ട്.

വന്യമൃഗങ്ങളുടെ തോല്‍ വീട്ടില്‍ സൂക്ഷിക്കുന്ന പരിസ്ഥിതിവാദികള്‍ വരെ കേരളത്തിലുണ്ട്. ഇവരാണ് പരിസ്ഥിതി സംരക്ഷണത്തെ കുറിച്ച് വാചാലരാകുന്നതെന്നും ഗണേഷ് കുമാര്‍ പ്രസംഗത്തില്‍ പറഞ്ഞു.