തിരുവനന്തപുരം: ആക്രമിക്കപ്പെട്ട നടിയുടെ വേദനയില്‍ പങ്കുചേരുന്നതായി കവയത്രി സുഗതകുമാരി. നിഷ്‌കളങ്കമായ ഒരു കൊച്ചുകുട്ടിയുടെ മുഖമുള്ള ആ യുവനടിയുടെ ദു:ഖത്തിലും അപമാനത്തിലും വേദനയിലും പങ്കുചേരുന്നതായി അവര്‍ അറിയിച്ചു.

‘സാരമില്ല മകളേ… നിനക്ക് ഒന്നും പറ്റിയിട്ടില്ല. ഡെറ്റോള്‍ ഒഴിച്ച വെള്ളത്തില്‍ അടിച്ചു നനച്ചു കുളിച്ച് മിടുക്കിയായി തലപൊക്കി നടക്കുക. നിന്റെ ആത്മാവിനെ ക്ഷതപ്പെടുത്താന്‍ ആര്‍ക്കും സാധ്യമല്ലതന്നെ.’ അപമാനിതകളായ പെണ്‍കുട്ടികളോട് ഏറെ വര്‍ഷമായി പറയുന്ന വാക്കുകള്‍ തന്നെ ഈ പെണ്‍കുട്ടിയോടും പറയാം എന്നു പറഞ്ഞുകൊണ്ട് സുഗതകുമാരി പറഞ്ഞു.


Also Read: സഖാവേ.. ഞങ്ങള്‍ക്കും ഭീതികൂടാതെ നിവര്‍ന്നു നടക്കണം; നടിയെ ആശ്വസിപ്പിക്കുന്ന കോടിയേരിയുടെ ഫേസ്ബുക്ക് പോസ്റ്റിനു കീഴില്‍ യൂണിവേഴ്‌സിറ്റി കോളേജില്‍ അക്രമത്തിനിരയായ പെണ്‍കുട്ടി


തന്റെയരികില്‍ എത്തിച്ചേര്‍ന്നവരും അല്ലാത്തവരുമായ നൂറുകണക്കിന് സ്ത്രീമുഖങ്ങളാണ് ഇങ്ങനെ പറയുമ്പോള്‍ ഓര്‍മ്മയില്‍ വരുന്നതെന്നും സുഗതകുമാരി പറഞ്ഞു.

‘യാതൊരു പിന്തുണയുമില്ലാത്തവര്‍. അപമാനിതരായി പേടിച്ചരണ്ട് കണ്ണുനീരുമായി എന്റെ മാറത്തുവീണു കരഞ്ഞത്. അവര്‍ എല്ലാ മതത്തിലും പെട്ടവരായിരുന്നു. അപമാനവും ദുരിതവും സമൂഹത്തിന്റെ നിന്ദയും ഏറ്റുവാങ്ങി തളര്‍ന്നവരാണവര്‍. അവരുടെ എണ്ണം ഇതാ വര്‍ധിച്ചുകൊണ്ടേയിരിക്കുന്നു.’ സുഗതകുമാരി വ്യക്തമാക്കി.

വെള്ളിയാഴ്ച രാത്രിയാണ് യുവനടി ആക്രമിക്കപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് നടിയുടെ ഡ്രൈവര്‍ മാര്‍ട്ടിന്‍ ഉള്‍പ്പെടെ നാലുപേരെ ഇതിനോടകം അറസ്റ്റു ചെയ്തിട്ടുണ്ട്. പ്രധാന പ്രതിയെന്നു സംശയിക്കുന്ന ഡ്രൈവര്‍ സുനി ഇതുവരെ പിടിയിലായിട്ടില്ല. നടന്നത് ക്വട്ടേഷന്‍ ഇടപാടാണെന്നാണ് അറസ്റ്റിലായവരും ആക്രമിക്കപ്പെട്ട നടിയും മൊഴി നല്‍കിയത്.