എഡിറ്റര്‍
എഡിറ്റര്‍
വിളപ്പില്‍ശാല ചര്‍ച്ച പരാജയം: സര്‍ക്കാര്‍ ഉത്തരവിറക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് സമരസമിതി
എഡിറ്റര്‍
Monday 15th October 2012 3:46pm

തിരുവനന്തപുരം: വിളപ്പില്‍ശാലയിലേക്ക് ഇനി ഒരു മാലിന്യ വണ്ടി പോലും വരില്ലെന്ന് പ്രശസ്ത കവയത്രിയും പരിസ്ഥിതി പ്രവര്‍ത്തകയുമായ സുഗതകുമാരി.

ഹൈക്കോടതി ഉത്തരവുള്ളതിനാല്‍ മന്ത്രിമാര്‍ക്ക് ഉറപ്പ് നല്‍കാന്‍ കഴിയില്ലെന്നും അതുകൊണ്ടാണ് ഇക്കാര്യം താന്‍ അറിയിക്കുന്നതെന്നും സുഗതകുമാരി പറഞ്ഞു.

Ads By Google

വിളപ്പില്‍ശാലയിലെ സമരസമിതി അംഗങ്ങളുമായി ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു ഇവര്‍.

‘ഞാന്‍ നിങ്ങളില്‍ ഒരാളാണ്. നിങ്ങള്‍ക്ക് വേണ്ടി സംസാരിക്കാനാണ് ഞാന്‍ വന്നത്. സര്‍ക്കാരിന്റെ പ്രതിനിധിയല്ല. വിളപ്പില്‍ ശാലയില്‍ ലിറ്റേച്ച്‌മെന്റ് പ്ലാന്റ് ഇനി പ്രവര്‍ത്തിക്കില്ല. മന്ത്രി മഞ്ഞളാംകുഴി
നല്‍കിയ ഉറപ്പാണ് ഞാന്‍ പറഞ്ഞത്. ഇത് സമരക്കാര്‍ക്ക് സമ്മതമാണെങ്കില്‍ സമരം അവസാനിപ്പിക്കാം’-
സുഗതകുമാരി പറഞ്ഞു.

സര്‍ക്കാര്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് താന്‍ ഇവിടെയെത്തിയതെന്നും സര്‍ക്കാര്‍ വാക്ക് പാലിച്ചില്ലെങ്കില്‍ നിങ്ങളോടൊപ്പം താനും വി.എം സുധീരനും സമരത്തില്‍ പങ്കെടുക്കുമെന്നും സുഗതകുമാരി പറഞ്ഞു.

എന്നാല്‍ സര്‍ക്കാരിന്റെ ഉത്തരവ്‌ ലഭിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് വിളപ്പില്‍ശാല സമരസമിതി അറിയിച്ചു. വാക്കാല്‍ പറയുന്ന ഉറപ്പ് വിശ്വസിക്കാനാവില്ലെന്നും മന്ത്രി നേരിട്ട് വന്ന് ഉറപ്പ് എഴുതി എഴുതി നല്‍കണമെന്നും സമരസമിതി അറിയിച്ചു.

നിരവധി വാഗ്ദാനങ്ങള്‍ നല്‍കി സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിച്ചതാണെന്നും രഹസ്യമായി ലിറ്റേച്ച്‌മെന്റ് യന്ത്രങ്ങള്‍ എത്തിച്ച സര്‍ക്കാരിനെ വിശ്വസിക്കാന്‍ കഴിയില്ലെന്നും അവര്‍ പറഞ്ഞു.

ഇവിടുത്തെ എം.എല്‍.എ വന്ന് ഉറപ്പ് നല്‍കുകയോ മന്ത്രി വന്ന് കാര്യങ്ങള്‍ ബോധിപ്പിക്കുകയോ ചെയ്തില്ലെങ്കില്‍ ഒരു തരത്തിലുള്ള ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്കും തയ്യാറല്ലെന്നും  തിരുവനന്തപുരം മേയര്‍ കെ.ചന്ദ്രികയെ കണ്ട് കൂടുതല്‍ ചര്‍ച്ചകള്‍ നടത്തുമെന്നും സമരസമിതി അറിയിച്ചു

മന്ത്രി മഞ്ഞളാംകുലി അലിയുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമായിരുന്നു സുഗതകുമാരി ചര്‍ച്ചയ്ക്ക് വന്നത്.

Advertisement