തിരുവനന്തപുരം: ഇഷ്ടമില്ലാത്ത കാര്യങ്ങള്‍ പറയുന്നവരെയൊക്കെ ബി.ജെ.പിക്കാരായി ചിത്രീകരിക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രമമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍.

സര്‍ക്കാരിനെതിരെ ആര് എന്ത് പറഞ്ഞാലും മുഖ്യമന്ത്രി ഉടന്‍ അവരെ ബി.ജെ.പിക്കാരാക്കും. അത് ഇപ്പോള്‍ സി.പി.ഐക്കാരായാല്‍ പോലും അവരേയും പിണറായി ബി.ജെ.പിക്കാരാക്കുമെന്നും സുധീരന്‍ പറഞ്ഞു.

പണ്ടത്തെ കാലത്ത് ചില പൊലീസ് ഉദ്യോഗസ്ഥരുണ്ടായിരുന്നു. കേസില്‍ പ്രതിയാകുന്നവരെയും ഇഷ്ടമില്ലാത്തവരേയും കമ്യൂണിസ്റ്റുകാരാക്കി അവര്‍ ചിത്രീകരിക്കുമായിരുന്നു. ഏതെങ്കിലും കേസില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമ്പോള്‍ അതിന് താഴെ പ്രതി കമ്യൂണിസ്റ്റുകാരന്‍ കൂടിയാണ് എന്ന് അങ്ങ് എഴുത്തിച്ചേര്‍ക്കും.

പഴയ പൊലീസുകാരുടെ ആ വികലമായ മനസാണ് ഇപ്പോള്‍ പിണറായിക്കും. തനിക്ക് ഇഷ്ടമില്ലാത്തവരെയൊക്കെ അദ്ദേഹം ബി.ജെ.പിക്കാരാക്കുകയാണ്. യഥാര്‍ത്ഥത്തില്‍ ബി.ജെ.പിയെ സഹായിക്കുന്നത് പിണറായി ആണ്. പിണറായി സര്‍ക്കാരിന്റെ ഓരോ നയവും അവര്‍ക്ക് സഹായകരമാണെന്നും സുധീരന്‍ കുറ്റപ്പെടുത്തി.


Dont Miss സിനിമാരംഗത്തുള്ളവരുമായി സൗഹൃദം കാത്തുസൂക്ഷിക്കാറില്ല ; സെലിബ്രറ്റി ജീവിതം ഒന്നിനും തടസ്സമല്ലെന്നും അമലാ പോള്‍


മുന്‍ ഡി.ജി.പിയായിരുന്ന സെന്‍കുമാര്‍ അദ്ദേഹത്തിന്റെ അനുഭവത്തിന്റെ വെളിച്ചത്തിലാണ് ചില കാര്യങ്ങള്‍ പറഞ്ഞത്. ടി.പി കേസിലും കതിരൂര്‍ മനോജ് വധക്കേസിലും അരിയില്‍ ഷൂക്കൂര്‍ വധക്കേസിലും അദ്ദേഹം ശക്തമായ നടപടി സ്വീകരിച്ചു.

യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് അദ്ദേഹം ഡി.ജി.പിയായി ഇരുന്നപ്പോള്‍ ഇവിടെ രാഷ്ട്രീയകൊലപാതകങ്ങള്‍ കുറവായിരുന്നു. എന്നാല്‍ ഈ സര്‍ക്കാരിന്റെ കാലത്ത് അത് വര്‍ധിച്ചു. കേസുകളില്‍ ഉള്‍പ്പെട്ട സി.പി.ഐ.എം നേതാക്കള്‍ക്കെതിരെ നീങ്ങിയതാണ് തന്റെ ഒൗദ്യോഗിക ജീവിതം തകര്‍ത്തതെന്ന് അദ്ദേഹം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ പറഞ്ഞിരുന്നു. അത് അദ്ദേഹത്തിന്റെ അനുഭവത്തിന്റെ വെളിച്ചത്തില്‍ പറഞ്ഞതാണെന്നും സുധീരന്‍ പറഞ്ഞു.

അതേസമയം അതിരപ്പിള്ളി പദ്ധതി ജനരോഷത്തില്‍ നിന്നും തടിതപ്പാനും ജനശ്രദ്ധ തിരിച്ചുവിടാനുമുള്ള പിണറായി സര്‍ക്കാരിന്റെ ശ്രമമാണെന്നും സുധീരന്‍ കുറ്റപ്പെടുത്തി. ജനങ്ങള്‍ക്ക് ഒരു തരി പ്രയോജനമില്ലാത്ത ഈ നീക്കം എന്തുവിലകൊടുത്തും തടയുമെന്നും ശക്തമായ സമരവുമായി മുന്നോട്ടുപോകുമെന്നും സുധീരന്‍ പറഞ്ഞു.