തിരുവനന്തപുരം: കണ്ണൂര്‍ ഡി.സി.സി പ്രസിഡന്റ് പി. രാമകൃഷ്ണന്റെ ആരോപണങ്ങളെ തുടര്‍ന്ന് കെ. സുധാകരന്‍ എം.പി കെ.പി.സി.സിക്ക്  പരാതി
നല്‍കി. രക്തസാക്ഷി ഫണ്ടില്‍ തിരമറി നടത്തി എന്നതുള്‍പ്പെടെയുള്ള ആരോപണങ്ങള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് സുധാകരന്‍ പരാതി
നല്‍കിയത്.

അന്വേഷണസമിതിയില്‍ പി. സുധാകരനെയും ഉള്‍പ്പെടുത്തണമെന്ന് സുധാകരന്‍ പരാതിയില്‍ ആവശ്യപ്പെടുന്നു. ആരോപണങ്ങള്‍ തെളിഞ്ഞാല്‍ താന്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കാം. പന്ത് ഇപ്പോള്‍ കെ.പി.സി.സിയുടെ കോര്‍ട്ടിലാണെന്നും നേതൃത്വം ഉചിതമായ തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷയെന്നും സുധാകരന്‍  പരാതിയില്‍  സൂചിപ്പിച്ചു.

കെ. സുധാകരന്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനമാണ് നടത്തുന്നതെന്നും കിണ്ണം കട്ടവനെപ്പോലെയാണ് അദ്ദേഹം പ്രവര്‍ത്തിക്കുന്നതെന്നും രാമകൃഷ്ണന്‍ കുറ്റപ്പെടുത്തിയിരുന്നു. ഇതിനെതിരെയാണ് സുധാകരന്‍  പരാതി നല്‍കിയിരിക്കുന്നത്.

അതേസമയം, സുധാകരനെതിരെ ആരോപണമുന്നയിച്ച് പി. രാമകൃഷ്ണനെ ഒരു സംഘം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞുവെച്ചിരിക്കുകയാണ്. സുധാകരനെതിരെ കെ.പി.സി.സിക്ക് പരാതി നല്‍കുമെന്ന് പി. രാമകൃഷ്ണനും അറിയിച്ചിട്ടുണ്ട്.