കണ്ണൂര്‍:  ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരെ തളിപ്പറമ്പില്‍ പോസ്റ്ററുകള്‍ പതിച്ചതിന് പിന്നില്‍ സി.പി.ഐ.എം പ്രവര്‍ത്തകര്‍ ആയിരിക്കുമെന്ന് കെ. സുധാകരന്‍ എം.പി.

Ads By Google

കോണ്‍ഗ്രസിലേയും യൂത്ത് കോണ്‍ഗ്രസിലേയും ഒരു പ്രവര്‍ത്തകനു പോലും  പോസ്റ്റര്‍ പതിച്ചതില്‍ പങ്കുണ്ടെന്ന് കരുതുന്നില്ല. കോണ്‍ഗ്രസിന്റെ സംസ്‌കാരം അങ്ങനെയുള്ളതല്ല.

എരിതീയില്‍ എണ്ണയൊഴിക്കാന്‍ കഴിവുള്ളവരാണ് സി.പി.ഐ.എം നേതൃത്വത്തിലുള്ളത്. അവര്‍ക്ക് മാത്രമേ അത് ചെയ്യാന്‍ കഴിയുകയുള്ളുവെന്നും സുധാകരന്‍ പറഞ്ഞു.

വളപട്ടണം പോലീസ് സ്‌റ്റേഷനില്‍ കയറി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ മോചിപ്പിച്ച സംഭവത്തിന്റെ പേരില്‍ ഇന്നു രാവിലെയാണ് തിരുവഞ്ചൂരിനെതിരെ തളിപ്പറമ്പില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.

വളപട്ടണം പോലീസ് സ്‌റ്റേഷനിലെത്തിയ സുധാകരന്‍ എസ്.ഐയ്ക്ക് നേരെ ശകാരവര്‍ഷം ചൊരിയുകയും എസ്.ഐയെ ഭീഷണപ്പെടുത്തി യൂത്ത് കോണ്‍ഗ്രസ് നേതാവിനെ മോചിപ്പിക്കുകയും ചെയ്തിരുന്നു.

ഇതേത്തുടര്‍ന്ന് പോലീസിനെ ഭീഷണിപ്പെടുത്തി കാര്യം നേടുന്ന കാലം കഴിഞ്ഞെന്നും അങ്ങനെ ആര് ചെയ്താലും മുഖം നോക്കാതെ നടപടിയെടുക്കുമെന്നും തിരുവഞ്ചൂര്‍ പറഞ്ഞിരുന്നു.

കോടിയേരി പോലീസും തിരുവഞ്ചൂര്‍ പോലീസും കണ്ണൂരിലെ യു.ഡി.എഫുകാര്‍ക്ക് ഒരുപോലെയാണെന്ന് പറയേണ്ടിവരുമെന്നായിരുന്നു ഇതുമായി ബന്ധപ്പെട്ട് സുധാകരന്റെ പ്രതികരണം. കോണ്‍ഗ്രസ് അധികാരത്തിലിരുന്നിട്ടുകൂടി കണ്ണൂരിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വേട്ടയാടപ്പെടുന്നുണ്ടെന്നും സുധാകരന്‍ കുറ്റപ്പെടുത്തിയിരുന്നു.

ഇതിന് പിന്നാലെയാണ് ഇന്നലെ തിരുവഞ്ചൂരിനെതിരെയുള്ള പോസ്റ്ററുകള്‍ തളിപ്പറമ്പിലെ വിവിധയിടങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്.