ന്യൂദല്‍ഹി: എല്‍.ഡി.എഫ് സര്‍ക്കാരിനു കീഴില്‍ കേരളത്തിലെ ക്രമസമാധാന നിലയില്‍ ആശങ്കയറിയിച്ച് സി.പി.ഐ കേന്ദ്ര നേതൃത്വം. ചലച്ചിത്ര താരം അക്രമത്തിനിരയായ സാഹചര്യത്തിലാണ് സി.പി.ഐ ദേശീയ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി ഭരണത്തെക്കുറിച്ചുള്ള ആശങ്കകള്‍ പ്രകടിപ്പിച്ചത്.


Also read മൂന്നു വയസ്സുകാരിയെ കൊന്ന് വേസ്റ്റ് കുഴിയില്‍ തള്ളി; ലൈംഗിക പീഡനത്തിനിരയായെന്ന് ശരീരത്തിലെ മുറിവുകള്‍


കേരളത്തില്‍ അക്രമങ്ങള്‍ വര്‍ധിക്കുന്നത് ഇടത് സര്‍ക്കാരിന്റെ പ്രതിച്ഛായയെ തന്നെ ബാധിക്കുമെന്ന് സുധാകര്‍ റെഡ്ഡി പറഞ്ഞു. സ്ത്രീകള്‍ക്ക് സുരക്ഷയൊരുക്കാന്‍ സര്‍ക്കാരിനു കഴിയണമെന്നും നടിയെ അക്രമിച്ച കേസിലെ മുഴുവന്‍ പ്രതികളെയും നിയമത്തിനു മുമ്പില്‍ കൊണ്ടു വരണമെന്നും സി.പി.ഐ ദേശീയ സെക്രട്ടറി ആവശ്യപ്പെട്ടു.

കേരളത്തില്‍ സി.പി.ഐ – സി.പി.ഐ.എം നേതൃത്വം വിഷയത്തില്‍ രണ്ടു തട്ടിലായതിന്റെ പിന്നാലെയാണ് സി.പി.ഐ കേന്ദ്ര നേതൃത്വവും വിഷയത്തില്‍ പരസ്യ പ്രതികരണവുമായെത്തിയത്. ആക്രമങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രദ്ധിക്കണമെന്നും സുധാകര്‍ റെഡ്ഡി പറഞ്ഞു.

നടിക്കെതികരായ അക്രമണം ഒറ്റപ്പെട്ട സംഭവമാണെന്ന് പറഞ്ഞ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ തിരുത്തി ഇന്നലെ സി.പി.ഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ രംഗത്തെത്തിയിരുന്നു. അക്രമണം ഒറ്റപ്പെട്ടതല്ലെന്നും ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കുന്ന സ്ഥിതിയാണ് കേരളത്തിലെന്നുമായിരുന്നു പന്ന്യന്റെ പ്രതികരണം.