തിരുവനന്തപുരം: സി.പി.ഐ.എമ്മും സി.പി.ഐയും തമ്മിലുള്ള വാക്‌പോര് അവസാനിപ്പിക്കാന്‍ കേന്ദ്രനേതൃത്വം ഇടപെടുന്നു. നേതാക്കള്‍ തമ്മില്‍ പരസ്യയുദ്ധത്തില്‍ ഏര്‍പ്പെടുന്നത് പാര്‍ട്ടിക്ക് ഗുണകരമല്ലെന്ന്‌ സി.പി.ഐ.എം ദേശീയ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി പറഞ്ഞു.

Ads By Google

കേരളത്തിലെ നേതാക്കള്‍ പരസ്പരം ഏറ്റുമുട്ടുന്നത്‌ നിര്‍ത്തണം. ഇത് പാര്‍ട്ടിക്ക് ഗുണകരമല്ല. ടി.പി വധവും തുടര്‍ന്നുള്ള വിഷയവും പാര്‍ട്ടിയെ സമ്മര്‍ദ്ദത്തിലാക്കിയ ഈ അവസരത്തില്‍ നേതാക്കള്‍ തമ്മില്‍ പരസ്പരം പോരടിക്കുന്നത് പാര്‍ട്ടിയെ ദോഷകരമായി ബാധിക്കുമെന്നും സുധാകര്‍ റെഡ്ഡി പറഞ്ഞു.

വിഷയം സി.പി.ഐ.എം കേന്ദ്രനേതാക്കളുമായി ചര്‍ച്ച ചെയ്യും. ഇന്ന് രാവിലെ സി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പന്ന്യന്‍ രവീന്ദ്രനുമായി കേരളത്തിലെ സ്ഥിതിഗതികള്‍ സംബന്ധിച്ച്‌

സംസാരിച്ചിരുന്നെന്നും അധികം വൈകാതെ നേതൃത്വങ്ങള്‍ക്കിടയിലെ പ്രശ്‌നം പരിഹരിക്കുമെന്നും സുധാകര്‍ റെഡ്ഡി പറഞ്ഞു.

സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ പരസ്യപ്രസ്താവനയോടെ ആരംഭിച്ച പോര് കഴിഞ്ഞദിവസം സി.പി.ഐ മുഖപത്രം ജനയുഗം സി.പി.ഐ.എമ്മിനെ പരോക്ഷമായി വിമര്‍ശിച്ച് മുഖപ്രസംഗം എഴുതുന്നത് വരെ എത്തിയിരുന്നു.

മുഖപ്രസംഗത്തിന് മറുപടിയുമായി പിണറായി വിജയന്‍ രംഗത്തെത്തിയതോടെ പോര് ഒന്നുകൂടി മൂര്‍ഛിച്ചിരിക്കുകയാണ്. സി.പി.ഐ അരാഷ്ട്രീയ പാര്‍ട്ടിയാണോയെന്ന് ചോദിച്ചുകൊണ്ടായിരുന്നു പിണറായി വിജയന്റെ വിമര്‍ശനം. അരാഷ്ട്രീയ പാര്‍ട്ടിയാണെങ്കില്‍ തിരുത്തുന്നതാണ് നല്ലതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.