ന്യൂദല്‍ഹി: പെട്രോള്‍ വില വര്‍ധനവിനെതിരെ പ്രതിഷേധം തുടരുന്നതിനിടെ ഡീസലിനും പാചക വാതകത്തിനും ഉടന്‍ വില വര്‍ധിപ്പിക്കണമെന്ന് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് സി.രംഗരാജന്‍.

വിലവര്‍ധന ജനങ്ങള്‍ അംഗീകരിക്കുന്ന കാര്യമല്ലെന്ന് അറിയാം. എങ്കിലും നടപടി അനിവാര്യമാണ്. വില വര്‍ധന എന്തായാലും വേണം. എന്നാല്‍ അത് എത്രയും വേഗം നടപ്പാക്കണം.

സബ്‌സിഡി വെട്ടിച്ചുരുക്കേണ്ടതും അത്യാവശ്യമാണ്. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് 5.1ശതമാനമായി താഴ്ന്ന സാഹചര്യത്തില്‍ ഇത് അടിയന്തര നടപടിയാണ്. വിലവര്‍ദ്ധനയല്ലാതെ മറ്റുമാര്‍ഗമില്ല.

സര്‍ക്കാരിന്റെ ചെലവ് പരിഗണിച്ച് വില വര്‍ധന അനിവാര്യമാണെന്നും കടുത്ത തീരുമാനങ്ങളെടുക്കാന്‍ സര്‍ക്കാരിന് ധൈര്യമുണ്ടെന്നും ഒരു സ്വകാര്യ വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ രംഗരാജന്‍ പറഞ്ഞു.